മോദി സർക്കാരിന്റെ മൂന്നാം വാർഷികം; 900 നഗരങ്ങളിൽ മോദി ഫെസ്റ്റ്

മോദി സർക്കാരിൻറെ മൂന്നാം വാർഷികം പ്രമാണിച്ച് രാജ്യത്തെ 900 നഗരങ്ങളിൽ മേക്കിങ് ഓഫ് ഡെവലപ്പിങ് ഇന്ത്യ ഫെസ്റ്റിവെൽ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനം. 26 നു ഗുവാഹത്തിയിൽ ആരംഭിക്കുന്ന പരിപാടികൾ ജൂൺ 15 വരെ നീണ്ടുനിൽക്കും.

മോദി സർക്കാരിന്റെ മൂന്നാം വാർഷികം പ്രമാണിച്ചു രാജ്യവ്യാപകമായി വിപുലമായ ആഘോഷപരിപാടികൾ ആണ് കേന്ദ്ര സർക്കാർ സംഘടിപ്പിച്ചിരിക്കുന്നത്. സർക്കാരിന് മൂന്നുവയസ്സ് പൂർത്തിയാകുന്ന മേയ് 26 മുതൽ ജൂൺ 15 വരെയാണ് ഭരണനേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിനായി വിവിധ കേന്ദ്രങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കുക.

മേക്കിങ് ഓഫ് ഡെവലപ്പിങ് ഇന്ത്യ ഫെസ്റ്റിവെൽ അഥവാ മോദി ഫെസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന പരിപാടികൾ മെയ് 26 നു ഗുവാഹത്തിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

തിരുവനന്തപുരം, ഛത്തിസ്ഗഢ്, റായ്പൂർ, ആൻഡമാൻ നിക്കോബാർ എന്നിവടങ്ങളിൽ നടക്കുന്ന മോദി ഫെസ്റ്റിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ പങ്കെടുക്കും. ജയ്പ്പൂരിലും മുംബൈയിലും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും, ലക്നോവിൽ സുഷമ സ്വരാജും മോദി ഫെസ്റ്റിന്റെ ഭാഗമാകും. ഇതിനു പുറമെ എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം എന്ന പേരിൽ പ്രത്യേക സമ്മേളനങ്ങളും വിളിച്ചു ചേർക്കും. കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെ സെമിനാറിന്റെ ഭാഗമാക്കാനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം.