സിന്ധു, സൈന രണ്ടാം റൗണ്ടില്‍

ജക്കാര്‍ത്ത: ഇന്ത്യയുടെ പി വി സിന്ധുവും സൈന നേവാളും ഇന്‍ഡോനേഷ്യ സൂപ്പര്‍ സീരിസ് പ്രീമിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് രണ്ടാം റൗണ്ടില്‍. നാലാം സീഡ് സിന്ധു ലോക 20-ാം നമ്പര്‍ തായ്‌ലന്‍ഡിന്റെ പോണ്‍പാവി ചോച്ചുവോങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 21-12, 21-19. എന്നാല്‍ കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു ലോക 11-ാം നമ്പര്‍ സൈനയുടെ വിജയം. എട്ടാം സീഡ് തായ്‌ലന്‍ഡിന്റെ റാച്ച്‌നോക്ക് ഇന്റാനോണിനെ 17-21, 21-18, 21-12 ന് സൈന മറികടന്നു.

റാച്ച്‌നോക്കിനെതിരായ 12 മല്‍സരങ്ങളില്‍ സൈനയുടെ ഏഴാം വിജയമാണ്. മൂന്നു തവണ ഇവിടെ ജേതാവായിരുന്നു സൈന. രണ്ടാം റൗണ്ടില്‍ മറ്റൊരു തായ്‌ലന്‍ഡ് താരം നിച്ചാവോണ്‍ ജിന്‍ഡാപോലാണ് സൈനയുടെ എതിരാളി. ഇതും ജയിച്ചാല്‍ ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ തായ്‌ലന്‍ഡിന്റെ സു യിങ് സൈനയുടെ എതിരാളിയായേക്കും. റാച്ച്‌നോക്കിനെതിരെ മികച്ച രീതിയിലായിരുന്നു സൈനയുടെ തുടക്കം. 10-4 ന് സൈന മുന്നിലെത്തുകയും ചെയ്തു.

എന്നാല്‍ റാച്ച്‌നോക്ക് ശക്തമായി തിരിച്ചെത്തി സ്‌കോര്‍ 14-14 ആക്കി. ഒടുവില്‍ ഗെയിം റാച്ച്‌നോക്കിന്റെ കയ്യില്‍. രണ്ടാം ഗെയിമില്‍ 12-7 ന് സൈന മുന്നിലെത്തിയെങ്കിലും റാച്ച്‌നോക്ക് സ്‌കോര്‍ 16-16 ആക്കി. പക്ഷെ ഗെയിം സൈനയ്ക്ക് സ്വന്തം. നിര്‍ണായക മൂന്നാം ഗെയിമില്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ സൈന ഒരിക്കല്‍ പോലും എതിരാളിയെ മുന്നില്‍ കയറാന്‍ അനുവദിച്ചില്ല.

അതിനിടെ സിന്ധുവിന്റേത് അനായാസ വിജയമായിരുന്നു. ആദ്യ ഗെയിമില്‍ 6-2 നും രണ്ടാം ഗെയിമില്‍ 10-3 നും മുന്നിലെത്താന്‍ സിന്ധുവിനായി. രണ്ടാം റൗണ്ടില്‍ അമേരിക്കയുടെ ബെയ്‌വെന്‍ സാങാണ് സിന്ധുവിന്റെ എതിരാളി. ഈ സീസണില്‍ സയദ് മോഡി ഗ്രാന്‍ പ്രീ ഗോള്‍ഡും ഇന്ത്യ സൂപ്പര്‍ സീരിസ് കിരീടവും സിന്ധു നേടിയിരുന്നു.
അതേ സമയം മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യം പരാജയം രുചിച്ചു. ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ ബി സുമീത് റെഡി- അശ്വിനി പൊന്നപ്പ സഖ്യം 12-21, 9-21 ന് ഇന്‍ഡോനേഷ്യയുടെ ഇര്‍ഫാന്‍ ഫാദില്‍ഹ- വെനി അന്‍ഗ്രാനിയോട് തോറ്റു.