മധ്യപ്രദേശില്‍ 3 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി : 3 കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭം വീണ്ടും ശക്തമായി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ജന്മനാടായ സെഹ്‌രോറിലും ഹോഷംഗബാദിലെ സിയോനിയിലുമാണ് കര്‍ഷകര്‍ ജീവനൊടുക്കിയത്.  24 മണിക്കൂറിനിടെ നടന്ന മരണങ്ങള്‍ സംസ്ഥാനത്തെ കര്‍ഷക പ്രതിഷേധത്തെ കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്.

കര്‍ഷക സംഘടനകളുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ചില ഉറപ്പുകള്‍ നല്‍കിയിരുന്നെങ്കിലും ഇവയൊന്നും കാര്യമായി പാലിക്കപ്പെട്ടിട്ടില്ല. മുഖ്യമന്ത്രി ഇന്ന് മന്ദ്‌സോര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് വീണ്ടും കര്‍ഷകരോക്ഷം ആളിക്കത്തുന്നത്.

അതേസമയം പൊലീസ് അതിക്രമത്തില്‍ മന്ദ്‌സോറില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കാനും സംസ്ഥാന സര്‍ക്കാരിനെതിരെ നിരാഹാരം ആരംഭിക്കാനാനുമായി യാത്ര തിരിച്ച കോണ്‍ഗ്രസ് എം.പി ജ്യോതിരാദിത്യ സിന്ധ്യയെ വഴിയില്‍ അറസ്റ്റ് ചെയ്തത് പ്രതിഷേധത്തിനിടയാക്കി. രത്‌ലം ജില്ലയിലെ ധോധര്‍ ടോളിന് സമീപമാണ് ജ്യോതിരാദിത്യ സിന്ധ്യയെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും തടഞ്ഞ് കസ്റ്റഡിയിലെടുത്തത്.

രത്‌ലം എം.പി കാന്തിലാല്‍ ഭൂരിയ, മുന്‍ മന്ദ്‌സോര്‍ എം.പി മീനാക്ഷി നടരാജന്‍ എന്നിവരും അറസ്റ്റിലായി. തന്നെ തടഞ്ഞവര്‍ അടുത്ത ദിവസം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ചുവപ്പു പരവതാനി വിരിച്ച് മന്ദസോറിലേക്ക് സ്വാഗതം ചെയ്യുമെന്ന് സിന്ധ്യ കുറ്റപ്പെടുത്തി.സംസ്ഥാനത്ത് നിയമസംവിധാനം പൂര്‍ണമായും തകര്‍ന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ന് മുതല്‍ 72 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന നിരാഹാര സമരം ആരംഭിക്കുമെന്നാണ് ജ്യോതിരാദിത്യ സിന്ധ്യ പ്രഖ്യാപിച്ചിരിക്കുന്നത്. പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മന്ദ്‌സോറിലേക്കുള്ള യാത്രക്കിടെ നീമച് ജില്ലയില്‍ നിന്നാണ് ഹാര്‍ദിക് പട്ടേലിനെയും അഖില ഭാരതീയ കിസാന്‍ സഭ നേതാവ് ഹനന്‍ മൊല്ലയെയും പൊലീസ് അറസ്റ്റ് ചെയ്തത്.

കാര്‍ഷിക വായ്പകള്‍ എഴുതി തള്ളണമെന്നും വിളകള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കണമെന്നുമാവശ്യപ്പെട്ട് ജൂണ്‍ 1നാണ് മധ്യപ്രദേശില്‍ കര്‍ഷകര്‍ സമരം ആരംഭിച്ചിരുന്നത്. മന്ദ്‌സോറില്‍ 6 കര്‍ഷകര്‍ പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനമെങ്ങും പ്രതിഷേധം വ്യാപിക്കുകയായിരുന്നു.