മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കേണ്ടതിന്റെ ആവശ്യമുണ്ടായിരുന്നോ; സി പി എമ്മില്‍ ഭിന്നത

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനവുമായ് ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫിസിനും ബി ജെ പിക്കും രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ സാഹചര്യം സൃഷ്ടിച്ചതിനെതിരെ സി പി എമ്മില്‍ അഭിപ്രായ ഭിന്നത. മറ്റ് സംസ്ഥാനങ്ങളിലെ വന്‍ നഗരങ്ങളിലെ മെട്രോ സര്‍വീസുകള്‍ പ്രധാനമന്ത്രിമാരല്ല ഉദ്ഘാടനം ചെയ്തതെന്നും ആ അര്‍ജ്ജവം മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിച്ചില്ലെന്നുമുള്ള വികാരം പാര്‍ട്ടി നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും ശക്തമാണ്.

ചെന്നൈ മെട്രോ ഉദ്ഘാടനം ചെയ്തത് അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയായിരുന്നു. ബംഗളൂരു മെട്രോ മുഖ്യമന്ത്രി സിദ്ധാരാമയ്യയാണ് ഉദ്ഘാടനം ചെയ്തത്. ബി ജെ പി ഭരിക്കുന്ന രാജസ്ഥാനില്‍ ജയ്പൂര്‍ മെട്രോ ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയായിരുന്നു. മുംബൈ മെട്രോ ഉദ്ഘാടനം ചെയ്തതാവട്ടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന പൃഥ്വിരാജ് ചൗഹാനും.
പിന്നെ എന്തിനാണ് കേരളത്തിലെ മെട്രോ മാത്രം പ്രധാനമന്ത്രിയെ വിളിച്ച് ഉദ്ഘാടനം ചെയ്യിപ്പിക്കുന്നതെന്ന ചോദ്യമാണ് സി പി എമ്മിനുള്ളിലും ഉയരുന്നത്.

ബി ജെ പിയുമായി ഒരുവിധ രാഷ്ട്രീയ ബന്ധവുമില്ലാത്ത കേരളത്തില്‍ മുന്‍ സര്‍ക്കാറിന്റെ കാലത്ത് ത്വരിതഗതിയില്‍ പുരോഗമിച്ചതും ഈ സര്‍ക്കാറിന്റെ കാലത്ത് പൂര്‍ത്തീകരിച്ചതുമായ സ്വപ്‌ന പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ മാത്രം പ്രധാനമന്ത്രിയെ വിളിച്ചതിന്റെ യുക്തിയാണ് വിമര്‍ശകര്‍ ചോദ്യം ചെയ്യുന്നത്.

മോദിയെ വിളിച്ചതിനാല്‍ മാത്രമാണ് സംസ്ഥാനത്തു നിന്നുള്ള നേതാക്കള്‍ക്ക് അവഗണ നേരിടേണ്ടി വന്നത്. നേരത്തെ രമേശ് ചെന്നിത്തലയെയും ഇ ശ്രീധരനെയും ഒഴിവാക്കിയ നടപടിയെ എം സ്വരാജ് എം എല്‍ എ ഉള്‍പ്പെടെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. സി പി എമ്മില്‍ മാത്രമല്ല പൊതുജനങ്ങള്‍ക്കിടയിലും മോദിയെ ക്ഷണിച്ചതിനെതിരെ ശക്തമായ എതിര്‍പ്പുണ്ടെന്ന് വൈകിയാണ് മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടത്.

ഇതേ തുടര്‍ന്നാണ് അദ്ദേഹം നേരിട്ട് ഇടപെട്ട് തീരുമാനം തിരുത്തിച്ചത്. അപ്പോഴും മെട്രോയുടെ പ്രധാന ശില്പിയായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രധാനമന്ത്രിയുടെ ഓഫിസ് ഒഴിവാക്കിയതിനെതിരെ സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനങ്ങളും സി പി എമ്മിനെ അസ്വസ്ഥമാക്കുന്നുണ്ട്. മെട്രോയുടെ ക്രെഡിറ്റ് യു ഡി എഫിന് തന്നെയെന്ന് പൊതുജനം വിശ്വസിക്കുന്നുവെന്ന വിലയിരുത്തല്‍ തന്നെയാണ് പാര്‍ട്ടിക്കുള്ളത്.
പ്രധാനമന്ത്രിയുടെ ഓഫിസ് ഇറക്കിയ ആദ്യ പട്ടികയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് മുമ്പ് പ്രൊജക്ടുമായ് സഹകരിച്ച അഡ്വ. ഹരീഷ് വാസുദേവന്‍ ഉള്‍പ്പെടെ നടത്തിയത്.

ജനാധിപത്യ വിരുദ്ധനായ ഒരു പ്രധാനമന്ത്രിയുടെ തോന്ന്യവാസമാണ് ഇത്. ഇതിന് നിന്നുകൊടുക്കാന്‍ സൗകര്യമില്ല എന്ന് പറയാന്‍ ഒരു ചങ്ക് എങ്കിലും ഉള്ള ഒരു മുഖ്യമന്ത്രി ഉണ്ടാകണം നമുക്ക്. നരേന്ദ്രമോദിയുടെ വീട്ടില്‍ നിന്നോ ബി ജെ പി ആസ്ഥാനത്തു നിന്നോ കൊണ്ടുവന്ന പണം കൊണ്ട് നടത്തുന്ന പരിപാടിയല്ല. പൊതുപണമാണ്.

ആ പരിപാടി കേരളീയ ജനാധിപത്യ ശൈലിയില്‍ നടത്താന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ കടുത്ത വിമര്‍ശനം ഉയരുന്നതിനിടയില്‍ പ്രതിരോധത്തിലായത് പ്രധാനമന്ത്രിയെ ക്ഷണിച്ച മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ്. ഒഴിവാക്കാമായിരുന്ന വിവാദമാണ് ഇപ്പോള്‍ ഉണ്ടായതെന്ന പൊതുവികാരമാണ് സി പി എമ്മിനുള്ളില്‍.