എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന്; ഫലം എളുപ്പത്തില്‍ അറിയാന്‍…

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയെഴുതിയവരുടെ കാത്തിരിപ്പിന് ഇന്ന് വിരാമം. ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 5 വെള്ളിയാഴ്ച പ്രഖ്യാപിക്കും. മൂല്യനിര്‍ണ്ണയം ഇന്നലെ് വ്യാഴാഴ്ച അവസാനിച്ചു. തുടര്‍ന്ന് പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലം അംഗീകരിച്ചതിന് ശേഷമാകും വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിക്കുക.

ഏറെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷ. ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആദ്യം നടത്തിയ കണക്ക് പരീക്ഷ റദ്ദാക്കുകയും, പിന്നീട് വീണ്ടും നടത്തുകയും ചെയ്തു. മലപ്പുറത്തെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ മോഡല്‍ പരീക്ഷയ്ക്ക് ചോദിച്ച അതേ ചോദ്യങ്ങള്‍ എസ്എസ്എല്‍സി പൊതുപരീക്ഷയിലും ആവര്‍ത്തിച്ചെന്നായിരുന്നു പരാതി.

455906 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. വിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചാല്‍ ഉടന്‍ തന്നെ വിവിധ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമായി തുടങ്ങും. ഫലം അറിയാന്‍ ഐടി@സ്‌കൂളും വിപുലമായ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. www.results.itschool.gov.in എന്ന വെബ്സൈറ്റിലും, ഐടി@സ്‌കൂള്‍ പ്രത്യേകം തയ്യാറാക്കിയ സഫലം മൊബൈല്‍ അപ്ലിക്കേഷനിലൂടെയും ഫലമറിയാം.