ലാവലിന്‍ കേസിലും ഇ.ഡി ഇടപെടൽ: തെളിവ് ഹാജരാക്കാന്‍ ക്രൈം നന്ദകുമാറിന് നോട്ടീസ്

    കൊച്ചി:  ലാവലിന്‍ കേസിലും ഇ.ഡിയുടെ ഇടപെടൽ. ലാവ്‌ലിന്‍ കേസ് ഉള്‍പ്പടെയുള്ള പരാതികളില്‍ അടുത്ത ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ട് ടി.പി. നന്ദകുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) നോട്ടിസ് നൽകി. 2006 മാര്‍ച്ചില്‍ ഡിആര്‍ഐക്കു നല്‍കിയ പരാതികളിലാണ് ഹാജരായി, തെളിവുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി ഡപ്യൂട്ടി ഡയറക്ടര്‍ വികാസ് സി. മേത്തയാണ് നോട്ടിസ് അയച്ചത്.

    സംസ്ഥാനത്തെ ചില രാഷ്ട്രീയ നേതാക്കളുടെ നികുതി വെട്ടിപ്പ്, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ചൂണ്ടിക്കാണിച്ച് 15 വര്‍ഷം മുന്‍പ് അയച്ച കത്തിലാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഇതു സംബന്ധിച്ച് കത്തയച്ചിരുന്നു. അടുത്ത ദിവസം ഹാജരായി തന്റെ പക്കലുള്ള തെളിവുകള്‍ കൈമാറുമെന്ന് നന്ദകുമാർ വ്യക്തമാക്കി.

    കോഴിക്കോട്ടെ തന്റെ ഓഫിസ് ഒരുപറ്റം അക്രമികള്‍ എസ്എന്‍സി ലാവ്ലിന്‍, കവിയൂര്‍ കേസ് ഉള്‍പ്പടെയുള്ള കേസുകളുടെ തെളിവുകള്‍ നശിപ്പിക്കുന്നതിനു തീയിട്ടിരുന്നു. ഇതില്‍ കത്തി നശിക്കാത്ത തെളിവുകള്‍ കൈമാറുമെന്ന് നന്ദകുമാര്‍ പറഞ്ഞു.  കഴിഞ്ഞ മാസം 25 നാണ് നന്ദകുമാറിന് ഇ.ഡി നോട്ടീസ് നല്‍കിയത്.