ആഗസ്റ്റ് സിനിമാസില്‍ നിന്ന് നടന്‍ പൃഥിരാജ് പിന്മാറി

മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ-വിതരണ കമ്പനിയായ ആഗസ്റ്റ് സിനിമാസില്‍ നിന്ന് നടന്‍ പൃഥിരാജ് പിന്മാറി.  തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അനവധി ഹിറ്റ് സിനിമകളുടെ നിര്‍മ്മാണവും വിതരണവും നിര്‍മ്മിച്ച ആഗസ്റ്റ് സിനിമാസില്‍ നിന്ന് പിന്‍മാറുന്ന വിവരം പൃഥിരാജ് അറിയിച്ചത്.
സ്വന്തം നിലയില്‍ പ്രൊഡക്ഷന്‍ കമ്പനി തുടങ്ങുമെന്ന സൂചനയും ഇതേക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം നല്‍കുന്നുണ്ട്.

സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് പൃഥിരാജ് 2010-ല്‍ തിരുവനന്തപുരം ആസ്ഥാനമായി ആഗസ്റ്റ് സിനിമാസിന് തുടക്കം കുറിക്കുന്നത്. പിന്നീട് തമിഴ് നടന്‍ ആര്യയും ഈ കൂട്ടായ്മയില്‍ പങ്കാളിയായി. ഒരു നല്ല സിനിമ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്തോഷ് ശിവനും ഷാജി നടേശനും താനും ചേര്‍ന്ന് ആഗസ്റ്റ് സിനിമാസിന് തുടക്കമിട്ടതെന്ന് പൃഥിരാജ് ഓര്‍ക്കുന്നു.
കഴിഞ്ഞ ആറ് വര്‍ഷമായി കലാമൂല്യമുള്ള ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിക്കാനുള്ള പ്രയത്നത്തിലായിരുന്നു ഞങ്ങള്‍. ഇക്കാര്യത്തില്‍ എന്റെ പങ്കാളികളുടെ ഭാഗത്തു നിന്നുണ്ടായ ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ക്ക് എനിക്കവരോട് നന്ദിയുണ്ട്.

ഇനി മറ്റൊരു യാത്രയ്ക്ക് തുടക്കം കുറിക്കാനുള്ള സമയമായെന്നാണ് ഞാന്‍ കരുതുന്നത്. ആ യാത്രയില്‍ ഒരു കൂട്ടുക്കെട്ടിന്റെ ഭാഗമാക്കാന്‍ എനിക്കായെന്ന് വരില്ല….. ഫേസ്ബുക്കില്‍ പൃഥിരാജ് കുറിക്കുന്നു.
ഉറുമി, ഇന്ത്യന്‍ റൂപ്പീസ്, കടല്‍ കടന്നൊരു മാത്തുക്കുട്ടി, സപ്തമഹശ്രീ തസ്‌കരഹാ, ഡബിള്‍ ബാരല്‍, ഡാര്‍വിന്റെ പരിണാമം, അനുരാഗകരിക്കിന്‍ വെള്ളം, ദ ഗ്രേറ്റ് ഫാദര്‍ തുടങ്ങിയവയാണ് ആഗസ്റ്റ് സിനിമാസ് നിര്‍മ്മാണവും വിതരണവും നിര്‍വഹിച്ച ചിത്രങ്ങള്‍.

യോദ്ധാവ്, ലുക്കാചുപ്പി, ഇയോബിന്റെ പുസ്തകം, സെവന്‍ത് ഡേ, ബാംഗ്ലൂര്‍ ഡേയ്സ്, അഞ്ച് സുന്ദരികള്‍, മോളി ആന്റി റോക്ക്സ്, ബാച്ച്ലര്‍ പാര്‍ട്ടി,മഞ്ചാടിക്കുരു എന്നീ ചിത്രങ്ങള്‍ തീയേറ്ററിലെത്തിച്ചതും ആഗസ്റ്റ് സിനിമാസാണ്.

[fb_pe url=”https://www.facebook.com/PrithvirajSukumaran/posts/1389020134486380:0″ bottom=”30″]