സമരം നേരിടാന്‍ വിദ്യാര്‍ഥികളെ ജോലിക്ക് വിന്യസിച്ച കലക്ടറുടെ ഉത്തരവ് നഴ്‌സിംഗ് ചട്ടത്തിന് വിരുദ്ധമായതിനാല്‍ അടിയന്തിരമായി പിന്‍വലിക്കണമെന്ന് കാട്ടി ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കി. ഇതോടെ കളക്ടറുടെ ഉത്തരവിനെ ന്യായീകരിച്ച് രംഗത്തെത്തിയ മന്ത്രി കെ.കെ.ശൈലജയും സര്‍ക്കാരും വെട്ടിലായി.
ഇന്നലെ ഉച്ചയോടെയാണ് ഉത്തരവിലെ അപാകത ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലിക്ക് ഐ.എന്‍.സി കത്ത് നല്‍കിയത്. ആശുപത്രികളിലെ രോഗീ പരിചരണത്തിന് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ അയയ്ക്കാന്‍ പാടില്ല. വിദ്യാര്‍ത്ഥികള്‍ ശല്യക്കാരോ സമരത്തിന്റെ ഭാഗമായവരോ അല്ലെന്നും അതിനാല്‍ കളക്ടര്‍ 144 പ്രകാരം പുറപ്പെടുവിച്ച ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണമെന്നും കത്തില്‍ പറയുന്നു. കേരള നഴ്‌സിങ് കൗണ്‍സില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഐ.എന്‍.സിയുടെ ഇടപെടല്‍.
ഇതിനിടെ ആരോഗ്യമന്ത്രിയുടെ നിലപാടിനെ തള്ളി സി.പി.എം കണ്ണൂര്‍ ജില്ലാ ഘടകവും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത് വന്നു. കളക്ടറുടെ നിയമവിരുദ്ധ നടപടി പല പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കുമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജൂലൈ 20ന് നടക്കുന്ന ചര്‍ച്ചയില്‍ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ പരിഹരിക്കുമെന്നാണ് പാര്‍ട്ടി ഉറച്ചുവിശ്വസിക്കുന്നതെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ വ്യക്തമാക്കി.
മന്ത്രിയുടെ നിലപാട് ശരിയല്ലെന്ന അഭിപ്രായമാണ് സി.പി.ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റിയും പങ്കുവെയ്ക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നിലപാട് എല്‍.ഡി.എഫ് കാഴ്ച്ചപ്പാടല്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. വിഷയത്തില്‍ സംസ്ഥാന ഘടകം ഇടപെടുന്നത് ശരിയല്ലെന്നും പാര്‍ട്ടിക്ക് പറയാനുള്ളത് ജില്ലാ ഘടകം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നഴ്‌സുമാര്‍ സമരത്തിലായ സാഹചര്യത്തില്‍ കളക്ടര്‍ ഇറക്കിയ ഉത്തരവില്‍ തെറ്റില്ലെന്നും മനുഷ്യജീവന്‍ രക്ഷിക്കാനാണ് ഉത്തരവിറക്കിയതെന്നുമായിരുന്നു മന്ത്രിയുടെ വാദം. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിയെന്ന നിലയില്‍ ശൈലജയെ സംരക്ഷിക്കാന്‍ സി.പി.എം തയ്യാറെടുത്തിരുന്നു. നഴ്‌സുമാരും വിദ്യാര്‍ഥികളും സമരരംഗത്ത് നിലയുറപ്പിച്ചതോടെ മന്ത്രിയുടെ വാദത്തെ ജില്ലാ ഘടകം തള്ളുകയും ചെയ്തു.
സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും മൗനാനുവാദത്തോടെ നഴ്‌സുമാരുടെ സമരം പൊളിക്കാന്‍ പുറത്തിറക്കിയ കളക്ടറുടെ ഉത്തരവിനെതിരെ ഇടതുമുന്നണി യോഗത്തിലും പ്രതിഷേധമുയര്‍ന്നിരുന്നു. നിലവില്‍ ഐ.എന്‍.സി അപാകത ചൂണ്ടിക്കാട്ടി കത്ത് നല്‍കിയതോടെ ഉത്തരവില്‍ പരിഷ്‌ക്കാരം വരുത്താതെ സര്‍ക്കാരിനും വകുപ്പിനും മുന്നോട്ടുപോകാനാവില്ല.
 
            


























 
				





















