കൈക്കൂലി ചോദിച്ച വില്ലേജ് ഓഫീസര്‍ക്ക് എട്ടിന്റെ പണികൊടുത്ത് യുവതി; മണിയോര്‍ഡറായി കളക്ടര്‍ക്ക് അയച്ച കൈക്കൂലി കൈമാറാന്‍ അഭ്യര്‍ത്ഥന

കൈക്കൂലി ചോദിച്ച വില്ലേജ് ഓഫീസര്‍ക്ക് നല്‍കാന്‍ 2000 രൂപ കളക്ടര്‍ക്ക് അയച്ചുകൊടുത്ത് പ്രതിഷേധിച്ച് യുവതി. അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടതിന് കൈക്കൂലി ചോദിച്ച വില്ലേജ് ഓഫീസര്‍ക്കാണ് വിഴുപുരം സ്വദേശി സുധ എട്ടിന്റെ പണി കൊടുത്തത്.

20,000 രൂപയാണ് സുധയുടെ അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്. ഈ തുക ലഭിക്കുന്നതിനായി കുറേക്കാലമായി സുധ വില്ലേജ് ഓഫീസില്‍ കയറിയിറങ്ങി. എന്നാല്‍ 3500 രൂപ കൈക്കൂലി നല്‍കാതെ തുക നല്‍കില്ലെന്ന് വില്ലേജ് ഓഫീസര്‍ ശഠിച്ചു. ഇതോടെയാണ് സുധ, വില്ലേജ് ഓഫീസര്‍ക്കെതിരെ കളക്ടര്‍ക്ക് പരാതിയും കൈക്കൂലിയുടെ ഒരു ഭാഗവും അയച്ചുകൊടുത്തത്.

കൈക്കൂലി നല്‍കാതെ പണം നല്‍കില്ലെന്ന് വില്ലേജ് ഓഫീസര്‍ തീര്‍ത്തു പറഞ്ഞെന്നും അതിനാലാണ് തനിക്ക് ഇത്തരമൊരു മാര്‍ഗ്ഗം സ്വീകരിക്കേണ്ടി വന്നതെന്നും കളക്ടര്‍ക്കെഴുതിയ കത്തില്‍ സുധ വ്യക്തമാക്കി. താനും ഭര്‍ത്താവും ഈ ആവശ്യത്തിനായി വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയതിന്റെ ഫലമായി 1500 രൂപ ചെലവായി. ബാക്കി തുക മണിയോര്‍ഡറായി താങ്കള്‍ക്ക് അയയ്ക്കുകയാണെന്നും കളക്ടര്‍ക്കുള്ള കത്തില്‍ സുധ പറഞ്ഞു. സംഭവത്തില്‍ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.