നടന്‍ രവി ബാബു പന്നിക്കുട്ടിയുമായി എ.ടി.എം ക്യൂവില്‍!

ഹൈദരാബാദ്: നടന്‍ രവി ബാബുവിനെ എ.ടി.എം ക്യൂവില്‍ കണ്ടപ്പോഴേ ആളുകള്‍ക്ക് അത്ഭുതം, എന്നാല്‍ കയ്യിലൊരു പന്നിക്കുട്ടിയെ കൂടി കണ്ടപ്പോള്‍ എന്തോ പന്തികേടുള്ളത് പോലെ തോന്നി. ഇനി വല്ല സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമാണോ? അതോ നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമാണോ? അങ്ങനെ നിരവധി സംശയങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ തന്റെ പുതിയ തെലുങ്ക് ചിത്രമായ ആഡുഗോയില്‍ പ്രധാന വേഷം ചെയ്യുന്നത് ഈ പന്നിക്കുട്ടിയാണെന്ന് താരം. അതുമായി അടിത്തിടപഴകാനാണ് താരം കൂടെ കൊണ്ട് നടക്കുന്നത്. വീട്ടില്‍ നിര്‍ത്തിയിട്ട് ഇറങ്ങിയാല്‍ ഭാര്യ ഉള്‍പ്പെടെ മറ്റാരും ഇതിനെ നോക്കില്ലെന്നും രവി ബാബു പറഞ്ഞു.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രീകരണത്തിനായി രണ്ട് മൂന്ന് പന്നിക്കുട്ടികളെ സുഹൃത്തിന്റെ ഫാമില്‍ രവി ബാബു വളര്‍ത്തുന്നുണ്ട്. സിനിമയിലുടനീളം പന്നിക്കുട്ടി കേന്ദ്രകഥാപാത്രമായി വരുന്നത് ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ്. എന്നാല്‍ ചില സീനുകള്‍ ആനിമേഷന്റെ സഹായത്തോടെയാകും ചിത്രീകരിക്കുക. തെലുങ്കിലെ അറിയപ്പെടുന്ന സംവിധായകന്‍ കൂടിയാണ് രവി ബാബു. മൃഗങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കിയ സിനിമകള്‍ക്കെല്ലാം ലോകത്ത് വലിയ സ്വീകരണമാണ് ലഭിച്ചിട്ടുളളത്. ഏറ്റവും അവസാനം മലയാളത്തില്‍ പുലിമുരുകനും നല്ല വിജയമായിരുന്നു.