എവിടെ ജോണ്‍ (5) പള്ളിലച്ചന്‍ പപ്പ

തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ ബിഷപ്പ് തട്ടുങ്കല്‍ പുരോഹിതര്‍ക്കായി ഒരു പെരുമാറ്റച്ചട്ടം തന്നെ ഉണ്ടാക്കാന്‍ തീരുമാനിച്ചു. പാപത്തില്‍ മുങ്ങിക്കിടക്കുന്ന രൂപതയേയും പുരോഹിതരേയും രക്ഷിക്കാന്‍ രക്താഭിഷേകമെങ്കില്‍ രക്താഭിഷേകം തന്നെയെന്ന് ഒടുവില്‍ അദ്ദേഹം തീരുമാനിച്ചു. പരിശുദ്ധാരൂപിയുടെ നിറവില്‍ നില്‍ക്കുന്ന സോണിയയുടെ രക്തം കൊണ്ട് രൂപത ശുദ്ധീകരിക്കാന്‍ ബിഷപ്പ് തയ്യാറായി.

സോണിയയുടെ ശരീരത്തില്‍ നിന്നും വിശുദ്ധ രക്തം പകര്‍ന്നെടുക്കാന്‍ ഫാദര്‍ തമ്പി ആന്റണി തൈക്കൂട്ടത്തിലിനേയാണ് തട്ടുങ്കല്‍ ചുമതലപ്പെടുത്തിയത്. ഫാദര്‍ തമ്പി സോണിയയുടെ ശരീരത്തിലൂടെ പാഞ്ഞു നടക്കുന്ന വിശുദ്ധരക്തത്തില്‍ നിന്നും നൂറു മില്ലിഗ്രാം രക്തം ഒരു സിറിഞ്ചുവഴി കുത്തിയെ കാസയിലേക്ക് ഒഴിച്ചു.രക്തം കട്ടിയാകുന്നതിനു മുന്‍പേ അതില്‍ പുത്തന്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു. ബിഷപ്പ് എത്തി രക്തം വെഞ്ചരിച്ച് പിതാവായ ദൈവത്ത് കൃതജ്ഞതാ സ്‌തോത്രം ചൊല്ലി രൂപതാ ആസ്ഥാന മന്ദിരത്തിന്റെ നാലുപാടും തളിച്ച് വിശ്വാസ സമൂഹത്തേയും പുരോഹിതരേയും നിത്യമായ പാപത്തിന്റെ ശമ്പളമായ നരകത്തില്‍ നിന്നും രക്ഷപെടുത്തി എന്നാല്‍ പുരോഹിതര്‍ വീണ്ടും പാപക്കയങ്ങളിലേക്ക് ഇറങ്ങിപ്പോകുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞത്.

അതിനൊരുദാഹരണമായി കുമ്പളങ്ങിയിലെ കല്ലഞ്ചേരിയില്‍ നടന്ന കാര്യങ്ങള്‍.. ഇവിടെ നിന്നും ഒരു യുവതിയേയും അവരുടെ നാലു വയസുകാരിയായ മകളെയും കാണാതായി. ഇതിനേ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. പോലീസ് ഇതു സംബന്ധിച്ച് ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൂന്നുദിവസത്തിനു ശേഷം തൃപ്പൂണിത്തുറയിലെ ഒരു വാടക വീട്ടില്‍ നിന്ന് യുവതിയേയും മകളേയും ഇവരെ കൂടെ താമസിപ്പിച്ചിരുന്ന യുവാവിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. മൂന്നുപേരേയും പോലീസ് സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുന്നതിനിടയില്‍ ധാര്‍ഷ്ഠ്യം നിറഞ്ഞ മറുപടി പറഞ്ഞ യുവാവിന്റെ കരണത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ ഒരു പെടപെടച്ചു. ഇതോടെയാണ് അതുവരെ മറച്ചു വെച്ചിരുന്ന ഒരു സത്യം അയാള്‍ വെളിപ്പെടുത്തിയത് താന്‍ കല്ലഞ്ചേരി മാര്‍ട്ടിന്‍ ഡി പോറസ് പള്ളിയിലെ ഇടവക വികാരിയാണെന്നും ഇനി തല്ലെരുതെന്നുമായിരുന്നു പള്ളിലച്ചന്റെ അപേക്ഷ.

സംഗതി കുഴഞ്ഞുമറിയുകയാണ്… സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ സംഭവം വഷളാകും… സംഭവം പത്രക്കാര്‍ അറിയരുതെന്നും രൂപതയ്ക്ക് ചീത്തപ്പേര് ഉണ്ടാക്കരുതെന്നും വികാരി സി.ഐയോട് പറഞ്ഞു. സി.ഐ വികാരിയെ മാറ്റി നിര്‍ത്തി യുവതിയെ വിശദമായി ചോദ്യം ചെയ്തു. കഴിഞ്ഞ ആറുമാസമായി പള്ളീലച്ചനുമായി പ്രണയത്തിലാണെന്നും തനിക്കിനി പള്ളീലച്ചനില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും യുവതി അറിയിച്ചു. കുട്ടി ഭര്‍ത്താവിന്റെ തന്നെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടാല്‍ കുട്ടിയെ വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും കഥാനായിക മൊഴിഞ്ഞു.

ഭാര്യയെ പോലീസ് കണ്ടെത്തിയതറിഞ്ഞ് സ്റ്റേഷനില്‍ എത്തിയ ഭര്‍ത്താവ് ഭാര്യയോടൊപ്പം ളോഹ ഊരി നില്‍ക്കുന്ന തന്റെ ഇടവക വികാരിയെ കണ്ട് ഞെട്ടി. താന്‍ എല്ലാ മാസാദ്യവെള്ളിയാഴ്ചയും കുമ്പസാരിച്ചത് തന്റെ ഭാര്യയുടെ ശരീരത്തില്‍ നിത്യ കുര്‍ബാന നടത്തിയിരുന്ന ഈ നാറിയുടെ ചെവിയിലായിരുന്നല്ലോ എന്നോര്‍ത്ത് അയാള്‍ ലജ്ജിച്ചു തലതാഴ്ത്തി.
പ്രശ്‌നത്തിനെന്താണു പരിഹാരം?
സി.ഐ.അച്ചനോടും യുവതിയോടും ഭര്‍ത്താവിനോടും മാറി മാറി സംസാരിച്ചു.
അച്ചന്റെ കൂടെ ശരീരം പങ്കിട്ട യുവതിയെ സ്വീകരിക്കാന്‍ ഒരു കാരണവശാലും തയ്യാറല്ലെന്ന് ഭര്‍ത്താവ് തീര്‍ത്തു പറഞ്ഞു.

താന്‍ അച്ചിന്റെ കൂടെ ജീവിക്കാനാണ് വീട് വിട്ടതെന്നും അച്ചനെ കല്യാണം കഴിച്ച് ജീവിച്ചോളാമെന്നും പറഞ്ഞതോടെ പള്ളിലച്ചന്റെ തനി സ്വഭാവം പുറത്തായി. ഒരു പുരോഹിതനായ താന്‍ എങ്ങനെ വിവാഹം കഴിക്കുമെന്ന് പള്ളീലച്ചന്‍ ചോദിച്ചു. വീട്ടില്‍ നിന്നും ഇറങ്ങി വന്ന ഇവള്‍ക്ക് താന്‍ അഭയം കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ് പുരോഹിതന്‍ തന്റെ നിലപാടു വ്യക്തമാക്കി. അപ്പോള്‍ താന്‍ ഇവളുടെ കൂടെ കെടന്നതോ എന്ന പോലീസിന്റെ ചോദ്യത്തിന് അച്ചന്‍ ഉത്തരം പറഞ്ഞില്ല. ഭര്‍ത്താവും പള്ളീലച്ചനും കൈയ്യൊഴിഞ്ഞ യുവതി അന്ധകാരകൂപത്തിലായി. അവള്‍ക്ക് കരച്ചിലടക്കാനായില്ല..
മകളെ താന്‍ കൊണ്ടു പോകുമെന്നും ഇവള്‍ അവള്‍ക്കിഷ്ടമുള്ള ഇടത്തേക്ക് പോകട്ടേയെന്നും ഭര്‍ത്താവ് പറഞ്ഞു. സി.ഐ ഇവരുടെ കുഞ്ഞിനെ അരികേ വിളിച്ച് മോള്‍ക്ക് ഡാഡിയുടെ കൂടെ പോകണോ? മമ്മിയുടെ കൂടെ പോകണോ? എന്നു ചോദിച്ചു വിചിത്രമായിരുന്നു കുഞ്ഞിന്റെ മറുപടി ഡാഡിയേയും മമ്മിയേയും മാറി മാറി നോക്കി കളങ്കമില്ലാത്ത ആ കുഞ്ഞുമനസുമൊഴിഞ്ഞു.

‘എനിക്ക് പള്ളിലച്ചന്‍ പപ്പയുടെ കൂടെ പോയാല്‍ മതി. ‘കുഞ്ഞിന്റെ മറുപടി കേട്ട് പള്ളിലച്ചനും മമ്മീം ഡാഡീം പോലീസുകാരും ഒരുപോലെ തരിച്ചുനിന്നു..
കാര്യങ്ങള്‍ ഒരു വിധം ഒത്തുതീര്‍പ്പായി, പള്ളീലച്ചന്‍ ഇടവകയിലേക്ക് തിരിച്ചു പോയി. അമ്മയേയും മകളേയും ഇനി തനിക്കു വേണ്ടന്നു പറഞ്ഞു ഭര്‍ത്താവ് കല്ലഞ്ചേരിയിലേക്കും പോയി. യുവതിയുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തിയ പോലീസ് കഥാനായികയെ അവരോടെപ്പം പറഞ്ഞയച്ചു. കഥ ഇവിടെ തീരുന്നില്ല. പള്ളീലച്ചന്‍ ഇപ്പോഴും സുവിശേഷവും സദാചാരവും പ്രസംഗിച്ച് ഇടവകയില്‍ ശുശ്രൂഷ ചെയ്യുന്നു. അന്ന് പിരിഞ്ഞു പോയ ഭാര്യയും ഭര്‍ത്താവും കുഞ്ഞും ഇന്ന് ഒരു കൂരയ്ക്കു കീഴില്‍ ഒരുമിച്ചു കഴിയുന്നു. പിന്നീട് നടന്നതെന്ത്? ആരാണ് ഇവരുടെ ജീവിതത്തെ വീണ്ടും ഒരുമിപ്പിച്ചത്. ഒരു കൂട്ടം പുരോഹിതരുടെ ഭീഷണിക്കും സംഘടിത ശക്തിക്കും മുന്നില്‍ കീഴടങ്ങുകയായിരുന്നു ഒരു പാവം ഭര്‍ത്താവ്….

തുടരും

മുന്‍ അധ്യായങ്ങള്‍ ——

എവിടെ ജോണ്‍? ::  കൊച്ചിയില്‍ എത്തിയ നല്ല ഇടയന്‍ (1) 

എവിടെ ജോണ്‍?? മഴനൃത്തത്തിന്റെ കരിനിഴലില്‍ (2)

എവിടെ ജോണ്‍? അശനിപാതമായി കറുത്ത പെണ്ണ് (3)

എവിടെ ജോണ്‍ രക്താഭിഷേകം എന്ന ചോരക്കളി (4)