പോരിനൊരുങ്ങി ഉമ്മന്‍ചാണ്ടി

കോട്ടയം ഡി.സി.സി പ്രസിഡന്റിന്റെ സ്ഥാനാരോഹണചടങ്ങില്‍ ഉമ്മന്‍ചാണ്ടി പങ്കെടുത്തില്ല. 

സുധീരനുമായി വേദി പങ്കിടില്ലെന്ന് എ ഗ്രൂപ്പ്

ഹൈക്കമാന്റുമായി നിസ്സഹകരണം

ഗ്രൂപ്പ് യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ നീക്കം

സുധീരനുമായി ഇനി യോജിപ്പില്ലെന്ന് ഗ്രൂപ്പ് തീരുമാനം

– ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഡെസ്ക്-

കോട്ടയം : ഡി.സി.സി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്ന് ഉമ്മന്‍ചാണ്ടി വിട്ടു നിന്നു. ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തില്‍ ഹൈക്കമാന്റിനോടുള്ള പ്രതിഷേധ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു കൊണ്ടാണ് സ്വന്തം ഗ്രൂപ്പുകാരനായ ജോഷി ഫിലിപ്പിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്ന് ഉമ്മന്‍ചാണ്ടി വിട്ടു നിന്നത്. കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ ചടങ്ങില്‍ പങ്കെടുത്തു. ഉമ്മന്‍ചാണ്ടിയുടെ സൗകര്യാര്‍ത്ഥമാണ് ചടങ്ങ് ഇന്നത്തേയ്ക്ക് മാറ്റിയത്. എന്നിട്ടു പോലും ഉമ്മന്‍ചാണ്ടിയുടെ അസാന്നിദ്ധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഡി.സി.സി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോള്‍ എ-ഗ്രൂപ്പിന്റെ പക്കലുണ്ടായിരുന്ന ജില്ലകള്‍ പോലും നഷ്ടപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി പ്രതിഷേധം ആരംഭിച്ചത്. ഐ-ഗ്രൂപ്പിന് ഏഴ് ജില്ലകള്‍ കിട്ടിയപ്പോള്‍ എ-യ്ക്ക് അഞ്ചു മാത്രം. കഴിഞ്ഞ ദിവസം യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നോട്ട് നിരോധനത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ യോഗത്തിലും ഉമ്മന്‍ചാണ്ടി പങ്കെടുത്തില്ല. ഇതിനു പിന്നാലെ എ-ഗ്രൂപ്പ് പ്രതിനിധികള്‍ ഹൈക്കമാന്റ് പ്രഖ്യാപനത്തിലെ അതൃപ്തി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെ അറിയിക്കുകയും ചെയ്തിരുന്നു. കേന്ദ്രനേതാക്കള്‍ ഇടപ്പെട്ട് ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന സൂചനയാണുള്ളത്. സുധീരനോടൊപ്പം തല്‍ക്കാലം വേദി വേണ്ടെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. യോഗത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കാത്തതില്‍ വിവാദമൊന്നുമില്ലെന്ന് കോട്ടയത്തെ നേതാക്കള്‍ പറയുന്നുണ്ടെങ്കിലും പാര്‍ട്ടിയിലെ ആസന്നമായ കലാപത്തിന്റെ സൂചനയായിട്ടാണ് ഉമ്മന്‍ചാണ്ടിയുടെ അസാന്നിദ്ധ്യത്തെ വിലയിരുത്തുന്നത്. ഗ്രൂപ്പുകള്‍ക്ക് അതീതമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ഉമ്മന്‍ചാണ്ടിയുടെ ഇനിയുള്ള നീക്കങ്ങള്‍ ഗ്രൂപ്പ് പോരിന് തുടക്കമാകുമോയെന്ന് ഹൈക്കമാന്റും സംസ്ഥാന നേതൃത്വവും ശ്രദ്ധയോടെ നോക്കുകയാണ്. ഉമ്മന്‍ചാണ്ടി കലാപത്തിന് മുതിര്‍ന്നാല്‍ എങ്ങനെ അത് പാര്‍ട്ടിയെ ബാധിക്കുമെന്ന് കാത്തിരിന്നു കാണേണ്ടി വരും.