രാഷ്ട്രീയകാര്യ സമിതിയില്‍ സുധീരനും മുരളീധരനും തമ്മില്‍ രൂക്ഷമായ തര്‍ക്കം

വിഴിഞ്ഞം വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്തില്ലെന്ന് സുധീരന്‍; ചര്‍ച്ച ചെയ്ത് തീരുമാനവും എടുത്തെന്ന് മുരളീധരന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാര്‍ സംബന്ധിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ കെ. മുരളീധരന്‍ എംഎല്‍എയും വി.എം. സുധീരനും തമ്മില്‍ രൂക്ഷമായ തര്‍ക്കം. പദ്ധതിയെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് വി.എം. സുധീരന്‍ ആരോപിച്ചു. എന്നാല്‍, പാര്‍ട്ടി ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്തുവെന്ന് കെ. മുരളീധരന്‍ തിരിച്ചടിച്ചു. വിഴിഞ്ഞത്തിന്റെ പേരില്‍ തന്നെയാണ് തിരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചത്. അതിന്റെ ഫലം തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പിനുണ്ടായെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം, വിഴിഞ്ഞം തുറമുഖ കരാറില്‍ അഴിമതിയുണ്ടെങ്കില്‍ കരാര്‍ റദ്ദ് ചെയ്യണമെന്ന് യോഗത്തില്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. കരാറില്‍ ക്രമക്കേട് ഉണ്ടെന്നു പറയുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ പദ്ധതി നടപ്പാക്കുന്നത് ഇരട്ടത്താപ്പാണ്. ക്രമക്കേണ്ട് ഉണ്ടെങ്കില്‍ പദ്ധതി റദ്ദാക്കാന്‍ കരാറില്‍ തന്നെ വ്യവസ്ഥയുണ്ട്. ജുഡീഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്‍ പറഞ്ഞു. കോണ്‍ഗ്രസ് രാഷ്ട്രീയ സമിതിയോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചുമാറ്റാന്‍ ശ്രമം നടക്കുകയാണ്. വിഴിഞ്ഞവുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമാണെന്നും ഹസ്സന്‍ പറഞ്ഞു.

വിഴിഞ്ഞം കരാര്‍ വിവാദം കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യം വരെ മാറ്റിയെഴുതുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുകയാണ്.
കരാര്‍ സമയത്ത് തന്നെ ഐ ഗ്രൂപ്പിന് ഇതിനോട് അത്ര താല്‍പര്യമുണ്ടായിരുന്നില്ല. കെ.പി.സി.സി. പ്രസിഡന്റ് ആയിരുന്ന വി.എം. സുധീരന്‍ അന്നേ നീരസം പ്രകടിപ്പിച്ചിരുന്നു. അത് വ്യക്തമാക്കി റിപ്പോര്‍ട്ട് വന്നപ്പോള്‍ തന്നെ അന്വേഷണം ആവശ്യപ്പെട്ട് സുധീരന്‍ കത്തുനല്‍കുകയും ചെയ്തിരുന്നു. മാത്രമല്ല, അദാനിയെപ്പോലെ മോഡിയുടെ ഏറ്റവും വിശ്വസ്തനായ കോര്‍പ്പറേറ്റിനു പദ്ധതി നല്‍കുന്നതിനോട് ഹൈക്കമാന്‍ഡിനും താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷേ തെരഞ്ഞെടുപ്പ് സമയം ആയതുകൊണ്ടായിരുന്നു പരസ്യ എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരില്‍ ഒരാളായ എം.എം. ഹസന്‍ കെ.പി.സി.സി പ്രസിഡന്റായിരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരേയുളള കുറ്റപത്രം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ഹസനെത്തന്നെ വെട്ടിലാക്കിയിരുന്നു. മാത്രമല്ല, ദേശീയനേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഇക്കാര്യത്തില്‍ കെ.പി.സി.സി. പാലിക്കുന്നില്ലെന്ന പരാതിയും പൊതുവിലുണ്ട്. എല്ലാ അംഗങ്ങള്‍ക്കും പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലഭ്യമായവരെ വിളിച്ച് തീരുമാനം എടുക്കാനും അനുമതിയുണ്ട്. അക്കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ചവന്നു. ഈ റിപ്പോര്‍ട്ട് വരുമ്പോള്‍ നിയമസഭ നടക്കുകയായിരുന്നു. സമിതിയിലെ പത്തുപേരോളം തലസ്ഥാനത്തുണ്ടായിരുന്നു. ഇവരെ വിളിച്ചുകൂട്ടി ചര്‍ച്ചചെയ്യേണ്ടതാണ്. എന്നാല്‍ അതിന് പാര്‍ട്ടി തയാറായില്ലെന്നും സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു.
ഇതിനെ ഗ്രൂപ്പ്പോരായി കാണേണ്ടതില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ പൊതുനിലപാട്. ഇത് പാര്‍ട്ടിയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന വിഷയമാണ്. പാര്‍ട്ടി ദിവസംചെല്ലുന്തോറും പ്രതികൂട്ടിലാകുകയാണ്. വിഷയം ശക്തമായ പ്രചാരണായുധമായി ഇടതുമുന്നണി , പ്രത്യേകിച്ച് സി.പി.എം ഉപയോഗിക്കുന്നുമുണ്ട്. മാത്രമല്ല, ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം കഴിഞ്ഞ കാല്‍നൂറ്റാണ്ടായി വെറും സ്വപ്നമായിരുന്ന പദ്ധതി നടപ്പാക്കാന്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചതെന്ന വാദമുയര്‍ത്തി ആരോപണങ്ങളെ പ്രതിരോധിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം. ഇതുവരെ ഒന്നുമൊന്നുമാകാത്ത കുളച്ചലുമായി ബന്ധപ്പെടുത്തിയുള്ള നിഗമനങ്ങളെ ഉയര്‍ത്തിക്കാട്ടി സി.എ.ജിയെതന്നെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും നീക്കമുണ്ട്.