മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി; സമാന നിലപാടില്‍ സുധീരനും കുര്യനും

    തിരുവനന്തപുരംന്മ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മുല്ലപ്പള്ളി നിലപാട് വ്യക്തമാക്കിയത്. മുന്നണിയെ അധികാരത്തിലെത്തിക്കാനുള്ള ദൗത്യമാണ് തനിക്കുള്ളതെന്നു മുല്ലപ്പള്ളി വ്യക്തമാക്കി. കണ്ണൂരടക്കമുള്ള മണ്ഡലങ്ങളില്‍ മുല്ലപ്പള്ളിയെ പരിഗണിക്കുന്നതായി പ്രചാരണമുണ്ടായിരുന്നു. എഐസിസി നേതൃത്വം ആവശ്യപ്പെട്ടാല്‍ മുല്ലപ്പള്ളി നിലപാട് മാറ്റിയേക്കും. മത്സരിക്കാനില്ലെന്നു വി.എം.സുധീരനും പി.ജെ.കുര്യനും നേതൃത്വത്തെ അറിയിച്ചു. പി.ജെ.കുര്യന്‍ ഇക്കാര്യം കത്തിലൂടെയും അറിയിച്ചു. സുധീരന്‍ മത്സരിക്കണമെന്നു പലരും ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിലപാട് മാറ്റിയില്ല.

    നാലിലധികം തവണ മത്സരിച്ചവര്‍ക്കു സീറ്റു നല്‍കരുതെന്നു ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. യുവാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം വേണമെന്നും അഭിപ്രായമുയര്‍ന്നു. തിരഞ്ഞെടുപ്പ് സമിതിയിലെ ഓരോ അംഗങ്ങളുമായും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും പ്രത്യേകം ചര്‍ച്ച നടത്തി. നേമത്ത് മത്സരിക്കുമെന്നത് അടിസ്ഥാനരഹിതമാണെന്നു യോഗത്തിനുശേഷം കെ.മുരളീധരന്‍ പ്രതികരിച്ചു. എംപിമാര്‍ മത്സിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇളവിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.