മക്കളുടെ താലിയറുക്കുന്ന മാതാപിതാക്കള്‍; വിവാഹമോചനത്തിലെ പുതിയ കേരള മോഡല്‍

Family problem

-വികാസ് രാജഗോപാല്‍-

തിരുവനന്തപുരം നഗരത്തില്‍ ഇടത്തരം നായര്‍ കുടുംബത്തിലെ ഏകമകള്‍ അഞ്ജലി. ചെന്നൈയിലെ ഒരു പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ സീനിയര്‍ എക്‌സിക്യൂട്ടിവായ പ്രശാന്തുമായി കഴിഞ്ഞവര്‍ഷം വിവാഹം നടത്തി. വിവാഹശേഷം ചെന്നൈയിലേക്ക് പോയ അഞ്ജലി രണ്ടാഴ്ച്ചയ്ക്കുശേഷം നാട്ടിലേക്ക് തിരികെയെത്തി. അച്ഛനമ്മമാരെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ പോയ അവള്‍ ഒരുമാസം കഴിഞ്ഞിട്ടും മടങ്ങിയില്ല. അന്വേഷിച്ചെത്തിയ പ്രശാന്തിനെ നേരിട്ടത് ഭാര്യയുടെ അച്ഛന്‍ ‘കുറച്ചുനാള്‍ അവളിവിടെ നില്‍ക്കട്ടേ, നീ ജോലിക്കുപോയാല്‍ രാത്രിയല്ലേ തിരിച്ചുവരുന്നത്, ഒറ്റയ്ക്ക് അവളവിടെ താമസിക്കേണ്ട’ എന്നൊക്കെയായി അമ്മായിയച്ഛന്റെ ന്യായം. അഞ്ജലിയോട് സംസാരിച്ചപ്പോള്‍ അവള്‍ക്ക് ഭര്‍ത്താവിനൊപ്പം താമസിക്കാനാണ് ഇഷ്ടം. പലതും പറഞ്ഞ് മകളെ മരുമകനോടൊപ്പം വിടാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിതരായി. പക്ഷേ, രണ്ടുമാസം കഴിഞ്ഞില്ല മകളെ വീണ്ടും വീട്ടിലേക്ക് വരുത്തി. അപ്പോഴേക്കും അഞ്ജലി ഒരുമാസം ഗര്‍ഭിണിയായിരുന്നു. പിന്നെ ഗര്‍ഭശുശ്രൂഷകള്‍ എന്നുപറഞ്ഞ് വീട്ടില്‍ തന്നെ നിര്‍ത്തി. പ്രസവം കഴിഞ്ഞ് ആറുമാസം കഴിഞ്ഞും ചെന്നൈലേക്ക് മടങ്ങാന്‍ താല്‍പര്യം കാണിക്കാത്ത ഭാര്യയെ തേടിച്ചെന്ന് പ്രശാന്തിനോട് അഞ്ജലിയുടെ അച്ഛന്‍ എടുത്തടിച്ചുപറഞ്ഞു. ‘ഇനി അവളെ നിന്റെയൊപ്പം വിടുന്നില്ല. ഞങ്ങള്‍ക്കീ ബന്ധം തുടരാന്‍ താല്‍പര്യമില്ല’. അഞ്ജലിയുടെ മറുപടി അല്‍പം വ്യത്യസ്തമായിരുന്നു ‘അച്ഛനമ്മമാരെ ഇവിടെ ഉപേക്ഷിച്ചിട്ടു വരാന്‍ എനിക്കാകുന്നില്ല’.

വിവാഹമോചനം തേടി അഞ്ജലി തിരുവനന്തപുരം കുടുംബകോടതിയിലെത്തി. കോടതി നിര്‍ദ്ദേശപ്രകാരം മാര്യേജ് കൗണ്‍സിലറുടെ അടുത്തെത്തിയ അവള്‍ക്ക് ഭര്‍ത്താവിനെക്കുറിച്ച് പ്രത്യേകിച്ച് കുറ്റമൊന്നും പറയാനില്ല. പക്ഷേ, അമ്മയും അച്ഛനും പറയുന്നതുപോലെയെ തനിക്ക് പ്രവര്‍ത്തിക്കാനാകൂ എന്നായിരുന്നു നിസ്സഹായയായ പെണ്‍കുട്ടിയുടെ പക്ഷം. ഒടുവില്‍ മാതാപിതാക്കളുടെ ആഗ്രഹം സാധിച്ചു. ആ ദമ്പത്യം വേര്‍പിരിച്ചു.

trivandrum_familycourt_thewifireporter
ഏകമകളെ പിരിയാനുള്ള മാതാപിതാക്കളുടെ സ്വാര്‍ത്ഥതയാണ് ഇവിടെ ഒരു പെണ്‍കുട്ടിയുടെ ജീവിതം താറുമാറാക്കിയതെന്ന് നിസ്സാരമായി മനസ്സിലാക്കാം. ഒറ്റ പെണ്‍കുട്ടികളുള്ള മാതാപിതാക്കളില്‍ ഈ പ്രവണത വളരെ കൂടുതലാണെന്ന് അഡ്വ. സന്ധ്യ പറഞ്ഞു. മാതാപിതാക്കളുടെ വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടലും ഏകമകളോടുള്ള അമിതമായ വാത്സല്യവുമാകാം ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇതൊര ശ്രദ്ധേയമായ കൈചൂണ്ടിയാണ്. അണുകുടുംബങ്ങളുടെ വ്യാപനത്തോടെ മാതാപിതാക്കള്‍ പണ്ടൊന്നുമില്ലാത്തവിധം മക്കളില്‍ അതീവ ശ്രദ്ധാലുക്കളും അമിത താല്‍പര്യമുള്ളവരും സ്വാര്‍ത്ഥരും ആയതുമൂലം കുട്ടികളില്‍ സുരക്ഷിതത്വബോധത്തേക്കാളുപരി ഒരുതരം സഹനതയില്ലായ്മ വളര്‍ത്തുന്ന നിലയിലേക്കാണ് കുടുംബങ്ങള്‍ ചെന്ന് പെട്ടിരിക്കുന്നത്. മാതാപിതാക്കളുടെ ശാഠ്യത്തിന്റെയും അനാവശ്യ ഇടപെടലുകളുടെയും പേരില്‍ വിവാഹം വേര്‍പെടുത്തുന്നവരുടെ കണക്ക് സംസ്ഥാനത്ത് വളരെ കൂടുതലാണെന്ന് നെടുമങ്ങാട് കുടുംബകോടതിയിലെ പ്രിന്‍സിപ്പല്‍ കൗണ്‍സിലര്‍ ആയിരുന്ന മോഹന്‍രാജ് അഭിപ്രായപ്പെട്ടു. ‘പേരന്റ് പ്രമോട്ടഡ് ഡൈവോഴ്‌സ് (PPD)’ എന്ന നവീനമായ അവസ്ഥ കേരളത്തിലെ മാതാപിതാക്കള്‍ക്കിടെയില്‍ വ്യാപകമാകുകയാണ്. തിരുവനന്തപുരം ജില്ലയിലെ മൂന്ന് കുടുംബകോടതികളില്‍ ഫയല്‍ ചെയ്യപ്പെട്ട കേസുകളില്‍ 30 ശതമാനത്തിലധികവും മാതാപിതാക്കളുടെ സ്വാര്‍ത്ഥതമൂലം വേര്‍പിരിയുന്ന ദമ്പതികളുടേതാണ്. എങ്ങനെയെങ്കിലും ഒരുമിച്ച് താമസിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍പോലും ഒരുതരം വാശിയോടെ മക്കളെ വേര്‍പിരിക്കാന്‍ ആവേശം കാണിക്കുന്ന മാതാപിതാക്കള്‍ ഏറെയാണെന്ന് അദ്ദേഹം പറയുന്നു.
വിവാഹമെന്ന സ്ഥാപനത്തിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന വിധത്തിലേക്കാണ് കേരളത്തിലെ വിവാഹമോചനനിരക്ക് ഉയര്‍ന്നുപോകുന്നത്. പ്രതിദിനം സംസ്ഥാനത്തെ 18 കുടുംബകോടതികളിലായി ശരാശരി അമ്പതിലധികം വിവാഹമോചനക്കേസുകള്‍ ഫയല്‍ചെയ്യപ്പെടുന്നു. ദേശീയ ശരാശരി 30 ആണ്. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിലെ ദമ്പതികള്‍ വിവാഹമോചനത്തിന് ഉന്നയിക്കുന്ന കാരണങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ കാരണങ്ങളും പരാതികളുമാണ് കേരളീയ ദമ്പതികള്‍ ഉന്നയിക്കുന്നത്. ഇന്ത്യയില്‍ സാധാരണയായി സ്ത്രീപീഡനം, വധുവിനെ ചുട്ടെരിക്കുക, അമ്മായിയമ്മപ്പോര്, സ്ത്രീധനപീഢനം തുടങ്ങിയ കാരണങ്ങളുടെ പേരില്‍ കേരളത്തില്‍ വിവാഹമോചനം തേടുന്നവരുടെ എണ്ണം തുലോം കുറവാണ്. തൊഴില്‍, വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി തുടങ്ങിയ മേഖലകളിലെ അന്തരമാണ് ഇന്നത്തെ വിവാഹമോചനങ്ങള്‍ക്ക് ഒരു പ്രധാനകാരണം. കേരളത്തിലെ സ്ത്രീകള്‍ക്കുണ്ടായ ഉയര്‍ന്ന വിദ്യാഭ്യാസം, സാമ്പത്തിക ഭദ്രത, അവകാശങ്ങളെക്കുറിച്ചുള്ള തികഞ്ഞ അവബോധം ഇതൊക്കെ വിവാഹമോചനത്തിന് വഴിയൊരുക്കുന്നുണ്ട്.

മാറുന്ന പെണ്‍മനസ്സ്
വിവാഹബന്ധം നിലനിര്‍ത്താന്‍വേണ്ടി ഭര്‍ത്താവിന്റെ പീഡനവും മോശമായ പെരുമാറ്റവും സഹിച്ചുപോന്ന സര്‍വ്വംസഹയായ ഭാര്യമാരിവിടെ ഇല്ലാതാകുന്നുവെന്നത് ഭര്‍ത്താക്കന്‍മാരും തിരിച്ചറിയുന്നത് നന്നായിരിക്കുമെന്ന് ഡോ.ജോണ്‍ മാത്യു പറഞ്ഞു. ഭാര്യയായതുകൊണ്ട് തനിക്ക് ഇതൊക്കെ സഹിച്ചേപറ്റൂ എന്ന അവസ്ഥ അംഗീകരിക്കാനാവില്ല എന്നാണ് വിദ്യാസമ്പന്നരായ സ്ത്രീകളുടെ അഭിപ്രായം. പ്രത്യേകിച്ച് സാമ്പത്തികമായി ഉയര്‍ന്ന നിലയിലും മധ്യവര്‍ത്തിക്കാരായവര്‍ക്കിടയിലുമുള്ളവര്‍. താഴെത്തട്ടിലുള്ള സ്ത്രീകള്‍ ഏതുവിധേനയും തങ്ങളുടെ കുടുംബജീവിതം നിലനിര്‍ത്താന്‍ ഒട്ടേറെ വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാകുന്നുണ്ട്. അവരുടെ സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയാണ് ഇതിന് കാരണം. മദ്ധ്യവര്‍ത്തികളായ സ്ത്രീകള്‍ക്കിടയിലുണ്ടായ സാമ്പത്തിക ഭദ്രതയും ഉയര്‍ന്നജോലിയുമൊക്കെ ഈ കാഴ്ച്ചപ്പാടുകള്‍ക്ക് മാറ്റം വരുത്തിയിരിക്കുന്നു. ഭര്‍ത്താവിന്റെ ആശ്രയമോ സഹായമോ ഇല്ലാതെ സ്വന്തംകാലില്‍ നില്‍ക്കാന്‍ ആകുന്നു എന്ന തോന്നല്‍മൂലം ചെറിയ പ്രശ്‌നം പോലും ഊതിവീര്‍പ്പിച്ച് കോടതികളില്‍ എത്തിക്കുന്നുണ്ട്. വര്‍ദ്ധിച്ചുവരുന്ന അഭിഭാഷകരുടെ എണ്ണംമൂലം ഇത്തരം അവസ്ഥകള്‍ അവര്‍ പരമാവധി ചൂഷണം ചെയ്യുന്നുമുണ്ട്. അലോസരങ്ങളില്‍ കഴിയുന്ന ഭാര്യാഭര്‍ത്താക്കന്‍മാരെ രമ്യതയിലെത്തിക്കാനുള്ള ഒരു ‘ഷോക്ക് അബ്‌സോര്‍ബര്‍’ സംവിധാനം കുടുംബബന്ധങ്ങളില്‍ നിന്ന് ഇല്ലാതാകുന്നു. പണ്ടുകാലത്ത് ഈ റോള്‍ വഹിച്ചിരുന്നത് പ്രായമായി മാതാപിതാക്കളും ബന്ധുമിത്രാദികളുമായിരുന്നു. ഇന്ന് അവരില്‍ പലരും പുറത്ത്, അല്ലെങ്കില്‍ മക്കള്‍ക്ക് പാര.
വിവാഹം കഴിഞ്ഞ് ആദ്യ അഞ്ച് വര്‍ഷത്തിനിടയിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍പേര്‍ വിവാഹമോചിതരാകുന്നത്. കാലം മാറിയതോടെ സെക്‌സിനെക്കുറിച്ചുള്ള ധാരണകളും താല്‍പര്യങ്ങളും പുതിയ അറിവുകളും നമ്മുടെ ചെറുപ്പക്കാരെ ഒരുതരം ആശയഭ്രമത്തിലെത്തിച്ചിരിക്കുന്നതായിട്ടാണ് വിവാഹമോചനത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന വിവാഹമോചനത്തില്‍ 25 ശതമാനത്തോളം തൃപ്തികരമല്ലാത്ത ലൈംഗിക ബന്ധത്തിന്റെ പേരിലുള്ളതാണ്. പരാതിയില്‍ ഇക്കാര്യം പറയാറില്ലെങ്കിലും കൗണ്‍സിലിംഗുകള്‍ക്കിടയില്‍ ദമ്പതികള്‍ ഇണയുടെ ലൈംഗിക ശേഷിക്കുറവിനെക്കുറിച്ചും അമിതാസക്തിയെക്കുറിച്ചും രതി വൈകൃതങ്ങളെക്കുറിച്ചും വെളിപ്പെടുത്താറുണ്ടെന്ന് കുടുംബകോടതി മാര്യേജ് കൗണ്‍സിലര്‍ പുഷ്പബായ് പറഞ്ഞു

രതി മുതല്‍ അപകര്‍ഷത വരെ
പൊതുമേഖലാ സ്ഥാപനത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ഗോപീകൃഷ്ണന്‍. ഭാര്യ കൊല്ലത്തെ പ്രമുഖ കോളജില്‍ അധ്യാപിക. വിവാഹം കഴിഞ്ഞിട്ട് ഏഴ് വര്‍ഷമായി. ഒരേയൊരു പ്രാവശ്യം മാത്രമാണ് ഇവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഭാര്യയ്ക്ക് സെക്‌സിനോട് തികഞ്ഞ വിരക്തി (ടലഃൗമഹ അ്‌ലൃശെീി ഉശലെമലെ അഥവാ ടഅഉ എന്നാണ് ഈ അവസ്ഥയെ പറയുന്നത്) ആദ്യരാത്രിയിലെ ലൈംഗിക ബന്ധത്തിനിടയ്ക്ക് യോനിയിലുണ്ടായ കോച്ചിപ്പിടുത്തത്തെ തുടര്‍ന്ന് തുടര്‍ന്നുണ്ടായ മാനസിക പിരിമുറുക്കംമൂലം പിന്നീട് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യക്കുറവ് കാണിച്ചുതുടങ്ങി. എന്നാല്‍ പലവട്ടം ഗൈനക്കോളജസ്റ്റിനെക്കാണിക്കാന്‍ ഗോപീകൃഷ്ണന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ഭാര്യ വഴങ്ങിയില്ല. ഇതേചൊല്ലിയുള്ള തര്‍ക്കങ്ങളും സ്വര്‍ച്ചേര്‍ച്ചയില്ലായ്മയും നിമിത്തം വേര്‍പിരിയാന്‍ രണ്ടുപേരും ഇപ്പോള്‍ കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഭാര്യയ്ക്ക് സെക്‌സില്‍ താല്‍പര്യമില്ലാത്തതുകൊണ്ട് കുടുംബജീവിതം മുന്നോട്ടുകൊണ്ടുപോകാനാകുന്നില്ലെന്ന് ആരോപിച്ചാണ് ഗോപീകൃഷ്ണന്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം കോടതിയില്‍ ഇത്തരമൊരു കേസ് ആദ്യമായാണ് പരിഗണനക്ക് വന്നതെന്ന് അഡ്വ. രേഷ്മ തോമസ് പറഞ്ഞു. തനിക്ക് ഇത്തരമൊരു അസുഖമുണ്ടെന്ന് സമ്മതിക്കാനുള്ള ഭാര്യയുടെ വൈമുഖ്യമാണ് ഇവരെ ഡൈവോഴ്‌സിലെത്തിച്ചത്.
സെക്‌സിനെക്കുറിച്ച് അറിവും സാധ്യതകളും ദമ്പതികളെ അസ്വസ്ഥതകളിലേക്ക് നയിക്കുന്നുവെന്ന് സംശയിക്കേണ്ടിവരുന്നു. കേവലം കുഞ്ഞുങ്ങളെ ജനിപ്പിക്കല്‍ മാത്രമാണ് ലൈംഗിക ബന്ധപെന്ന് അവസ്്ഥ പാടെ മാറിക്കഴിഞ്ഞു. ‘പണ്ടുകാലത്തെ സ്ത്രീകള്‍ നേരാംവണ്ണം സെക്‌സ് ആസ്വദിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. അക്കാര്യം അവരോട് ആരെങ്കിലും ചോദിച്ചിട്ടുപോലും കാണാനിടയില്ല. ഇന്നതല്ല സ്ത്രീക്കും പുരുഷനും എങ്ങനെയൊക്കെ സെക്‌സ് ആസ്വദിക്കണമെന്നറിയാം. രതിമൂര്‍ച്ഛയെക്കുറിച്ചുതന്നെ സ്ത്രീകള്‍ക്ക് നല്ല അറിവും ധാരണയുമുണ്ടെന്ന് കൗണ്‍സിലര്‍ മോഹന്‍രാജ് പറഞ്ഞു.
വിദ്യാഭ്യാസരംഗത്ത് കേരളം വഹിച്ച വളര്‍ച്ച സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ ഒട്ടേറെ പുരോഗതി നേടിത്തന്നു. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പമുള്ള സാംസ്‌കാരികവും മാനസികവും വിവേകപൂര്‍ണ്ണവുമായ ഉന്നമനം കൈവരിക്കുന്നതില്‍ നാം ഇപ്പോഴും ബഹുദൂരം പിന്നിലാണ്.
കോട്ടയത്തെ പ്രശസ്തമായ രണ്ട് കുടുംബങ്ങളില്‍ നിന്ന് വിവാഹിതരായ ഡോക്ടര്‍മാരാണ് അനിതയും റെജിയും, റെജി എം.ഡി പാസായതിനുശേഷം നഗരത്തിലെ പ്രശസ്തമായ ആശുപത്രിയില്‍ ജോലിയിലായിരുന്നു. ഭാര്യ വെറും എം.ബി.ബി.എസ്സുകാരി. ബിരുദാനന്തര ബിരുദമില്ലെങ്കിലും റെജിയെക്കാള്‍ നല്ല പ്രാക്ടീസ് ഭാര്യ അനിതയ്ക്കായിരുന്നു. ഇതിലുപരി എല്ലാവരോടും നന്നായി പെരുമാറാനും സുന്ദരിയായ അനിതയ്ക്ക് സാധിച്ചിരുന്നു. ഭാര്യയ്ക്ക് ലഭിക്കുന്ന പ്രശസ്തിയും സമ്മതിയും റെജിയെ അസ്വസ്ഥമാക്കി. ചെറിയ സൗന്ദര്യപ്പിണക്കങ്ങള്‍ പതിവായി. ഇതിനിടെ കേരളത്തിന് പുറത്ത് ഒരു കോളജില്‍ എം.ഡിക്ക് അഡ്മിഷന്‍ ലഭിച്ച അനിതയെ പിന്തിരിപ്പിക്കാന്‍ റെജി ഒരുപാട് ശ്രമിച്ചു. കുഞ്ഞിനെ അമ്മയെ ഏല്‍പ്പിച്ചശേഷം അനിത ഉന്നത പഠനത്തിന് ചേര്‍ന്നു. പിന്നീട് തട്ടിയും മുട്ടിയും മുന്നോട്ടുപോയ അവരുടെ ജീവിതത്തില്‍ പൊരുത്തക്കേടുകളുടെ ഘോഷയാത്രയായി. ഏറെ മാനസ്സിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കേണ്ടിവന്ന് അനിതയ്ക്ക് ഗള്‍ഫില്‍ നിന്ന് നല്ലൊരു ഓഫര്‍ കിട്ടി. മികച്ച പീഡിയാട്രിക്‌സ് വിദഗ്ധ എന്ന പേരുള്ള അനിത ഭര്‍ത്താവിനെക്കൂടി ഗള്‍ഫിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഗള്‍ഫിലെത്തിയ റെജി ആശുപത്രിയിലൊന്നും പോകാതെ വീട്ടില്‍ ചടഞ്ഞുകൂടാനാണ് ഇഷ്ടപ്പെട്ടത്. ഭാര്യയുട ശമ്പളം തന്നെ അധികാണെന്നായിരുന്നു റെജിയുടെ വാദം. മദ്യപാനവും മയക്കുമരുന്നും പതിവാക്കിയ റെജിക്ക് പിന്നീട് ഒന്നിനോടും താല്‍പര്യമില്ലാതായി. ഇതിനിടെ അമേരിക്കയിലെ പ്രശസ്തമായ ഒരു ആശുപത്രിയില്‍ ചേരനുള്ള ക്ഷണം ലഭിച്ച അനിത ഭര്‍ത്താവിനെയും കൂടെക്കൂട്ടി. പക്ഷേ അവിടെച്ചെന്നിട്ടും ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ യാതൊരു മാറ്റവും ഇല്ല. ബന്ധുക്കളുടെ സഹായത്തോടെ വിദഗ്ധരെ കാണിക്കാന്‍ ശ്രമിച്ചെങ്കിലും റെജി വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായില്ല. ഭാര്യ പ്രാക്ടീസിന് പോകണ്ട വീട്ടില്‍ ഇരുന്നാല്‍ മതി. എന്നാല്‍ താന്‍ ജോലിക്കുപോകാം എന്നായി. ഒരുതരത്തിലും പൊരുത്തപ്പെടാനാവാത്ത സാഹചര്യത്തില്‍ രണ്ടാളും നാട്ടില്‍ വന്ന് കുടുംബകോടതിയില്‍ വെച്ച് വഴിപിരിഞ്ഞു. ഇപ്പോള്‍ റെജി മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ആശുപത്രിയില്‍ ജോലി നോക്കുന്നു. അനിത അമേരിക്കയിലും. ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടെയില്‍ ആരോഗ്യകരമായ ‘കമ്മ്യൂണിക്കേഷന്‍ ഇല്ലാതാകുന്നു എന്നതാണ് വിവാഹമോചിതരാകുന്നവരുടെ പ്രധാന പരാതി.
യാതൊരു ബന്ധത്തിന്റെയും നിലനില്‍പ്പ്തന്നെ നല്ല രീതിയിലുള്ള സംഭാഷണങ്ങളിലൂടെയാണ്. പരസ്പരം അറിയാനും മനസ്സിലാക്കാനുമുള്ള സ്‌നേഹത്തിന്റെ ചാലുകളാണ് ഇതിലൂടെ ശക്തിപ്പെടുന്നത്. ഇത്തരം ചാനലുകളുടെ അഭാവത്തില്‍ ദമ്പതികള്‍ വിവാഹമോചനത്തിലേക്കും പുറത്തുള്ള ബന്ധങ്ങളിലേക്കും വഴുതിപ്പോകുന്നു. സംസ്ഥാനത്ത് നടക്കുന്ന വിവാഹമോചനത്തില്‍ 20 ശതമാനവും വിവാഹേതര ബന്ധങ്ങളുടെ പേരിലാണ്. ഭാര്യാഭര്‍ത്താക്കന്‍മാരുടെ വ്യഭിചാരക്കുറ്റത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ ഫയല്‍ചെയ്യുന്നത് നെടുമങ്ങാട് കുടുംബകോടതിയിലാണ്. ഇവിടെ ഫയല്‍ചെയ്യുന്ന 35 ശതമാനം കേസുകളും ഭാര്യാഭര്‍ത്താക്കന്‍മാരുടെ അപഥ സഞ്ചാരത്തെക്കുറിച്ചാണ്. സംസ്ഥാനത്തെ എല്ലാമതവിഭാഗത്തില്‍പ്പെട്ട ദമ്പതികളും വിവാഹേതരബന്ധത്തില്‍പ്പെട്ട് ഡിവോഴ്‌സ് കേസുകള്‍ ഫയല്‍ ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ തികഞ്ഞ സെക്യുലര്‍ കാഴ്ച്ചപ്പാടാണ് മലയാളികള്‍ക്കുള്ളതെന്ന് അഡ്. മനോജ് മാത്യു അഭിപ്രായപ്പെട്ടു. തന്റെ ഇണയില്‍ നിന്ന് തനിക്ക് ലഭിക്കാത്ത ഗുണങ്ങളാണ് മിക്കപ്പോഴും മറ്റ് ബന്ധങ്ങളില്‍ ഇക്കൂട്ടര്‍ തേടുന്നതും കണ്ടെത്തുന്നതും. കല്യാണംകഴിച്ച് ആദ്യ അഞ്ചുവര്‍ഷത്തിനുള്ളില്‍ തന്നെ ഭാര്യയോ ഭര്‍ത്താവോ പുതിയ ബന്ധങ്ങളിലേക്ക് തിരിയുന്നുവെന്നുള്ളത് ഏറ്റവും ഭയാനകമായ ഒരവസ്ഥയാണ്. വഴിവിട്ട ഈ അവസ്ഥ നമ്മുടെ കുടുംബജീവിതത്തിന്റെ അസ്ഥിവാരം തോണ്ടുന്ന സ്ഥിതിയില്‍ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മത-സാമൂഹിക-സാംസ്‌കാരിക നേതൃത്വങ്ങള്‍ക്ക് കുടുംബങ്ങളില്‍ ഉണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ടതിന്റെ ദുരന്തമാണിത്. വ്യാജസ്വാമിമാരും കള്ളപ്രവാചകരും അരങ്ങുവാഴുന്ന കേരളത്തില്‍ മത-സാമുദായിക നേതാക്കന്‍മാരെ പുതിയ തലമുറ വകവെയ്ക്കുന്നില്ല. അതല്ലെങ്കില്‍ അവരെ അനുകരിക്കാനോ ബഹുമാനിക്കാനോ പറ്റിയ മാതൃകയല്ല അവര്‍ പൊതുവേ പ്രദര്‍ശിപ്പിക്കുന്നതും. പ്രതിസന്ധിഘട്ടങ്ങളില്‍ വ്യക്തികള്‍ ആശ്രയിച്ചിരുന്ന ആശാകേന്ദ്രങ്ങളുടെ തകര്‍ച്ചയും വിശ്വാസ്യതയില്ലായ്മയും ചെറുപ്പക്കാരെ നിസ്സാഹയരാക്കി മാറ്റി എന്നതാണ് സത്യം.
മധ്യതിരുവിതാംകൂറിലെ പ്രശസ്തനായ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മൂന്ന് മക്കളുടെ വിവാഹബന്ധങ്ങള്‍ തകര്‍ത്തത് അവരുടെ വഴിവിട്ട ജീവിതത്തിന്റെ ഉത്തമ ഉദാഹരണമാണ്. അഴിമതിക്കും സ്വജനപക്ഷപാതത്തിനും കുപ്രസിദ്ധനായിരുന്നു ഇയാള്‍. ആവശ്യത്തിലേറെ പണം വ്യവസ്ഥാപിതമല്ലാത്ത മാര്‍ഗ്ഗത്തിലൂടെ സമ്പാദിച്ചു. ഇങ്ങനെ കൂട്ടിയ കോടികള്‍ക്കിടയില്‍ വളര്‍ന്ന മൂന്ന് മക്കളും അഹങ്കാരത്തിന് കൈയും കാലും വെച്ച പിള്ളേരെന്നായിരുന്നു നാട്ടുകാര്‍ക്കിടെയില്‍ അറിയപ്പെട്ടിരുന്നത്. മൂത്ത രണ്ട് പെണ്‍മക്കളെ ഇദ്ദേഹം സര്‍വ്വീസിലിരിക്കുന്ന കാലത്തുതന്നെ കല്യാണം കഴിപ്പിച്ചയച്ചു. കുടുംബജീവിതത്തിലുടനീളം ഭര്‍ത്താവിനെ ഭരിക്കാനുള്ള പൊലീസ് സ്വഭാവമാണ് കാണിച്ചത്. കല്യാണം കഴിഞ്ഞ് രണ്ടുവര്‍ഷത്തിനിടയ്ക്ക് രണ്ടുപേരും ഭര്‍ത്താക്കന്‍മാരുമായി തല്ലിപ്പിരിഞ്ഞു. പ്രധാനകാരണം ഇവരുടെ രണ്ടുപേരുടെയും വഴിവിട്ട ജീവിതമായിരുന്നു. കല്യാണംകഴിഞ്ഞ് ആറുമാസത്തിനകം രണ്ടുപേരുടെയും ഭര്‍ത്താക്കന്‍മാര്‍ തങ്ങളുടെ ഭാര്യമാരുടെ പരപുരുഷ ഇടപാടുകള്‍ തൊണ്ടിസഹിതം പിടികൂടി പഴയ പൊലീസ് മേധാവിയെ അറിയിച്ചു. തട്ടിമുട്ടി നീങ്ങിയ ജീവിതം രണ്ടാംവര്‍ഷം കുടുംബകോടതിയില്‍ വെച്ച് പിരിഞ്ഞു. അദ്യബന്ധം അവസാനിപ്പിച്ച് ആദ്യമാസത്തിനകം മൂത്തമകള്‍ അയല്‍പ്പക്കത്തുതാമസിച്ചിരുന്ന രണ്ട് കുട്ടികളുടെ പിതാവായ ചെറുപ്പക്കാരനൊപ്പം ഓടിപ്പോയി.
പരസ്ത്രീ/പുരുഷ ബന്ധങ്ങള്‍ അംഗീകൃത യാഥാര്‍ത്ഥ്യമാണെന്നാണ് പുതിയ തലമുറ അവകാശപ്പെടുന്നത്. വിവാഹമോചനം തേടുന്ന ദമ്പതികള്‍ക്കിടയില്‍ ആരും ശ്രദ്ധിക്കപ്പെടാതെ പീഡനം ഏറ്റുവാങ്ങുന്ന കുഞ്ഞുങ്ങളെക്കുറിച്ച് വേവലാതിപ്പെടാത്ത മാതാപിതാക്കളാണ് പരസ്പരം വേര്‍ പിരിയുന്നത്. അച്ഛനമ്മമാരുടെ കലഹങ്ങള്‍ക്കിടെയില്‍ ശരിതെറ്റുകള്‍ എന്തെന്നറിയാത്ത ഒറ്റപ്പെട്ടുപോയ കുഞ്ഞുങ്ങള്‍ മാനസിക വൈകല്യമുള്ളവരായാണ് വളരുന്നതെന്ന് സത്യം അവരാരും അറിയുന്നില്ല. തിരുവനന്തപുരം നഗരത്തില്‍ 4000ത്തോളം കുട്ടികള്‍ പഠിക്കുന്ന ഒരു പ്രമുഖ വിദ്യാലയത്തിലെ കുട്ടികളില്‍ 25 ശതമാനത്തോളം ഇത്തരത്തിലുള്ള മാനസികപ്രശ്‌നങ്ങളുള്ളവരാണെന്ന്് സ്‌കൂള്‍ അധികൃതര്‍ നിയോഗിച്ച സ്റ്റുഡന്റ് കൗണ്‍സിലര്‍ കണ്ടെത്തി.
പഠനവൈകല്യം, മാനസികവിഭ്രാന്തി, സഹപാഠികളോട് കലഹം, ആരോടും ഇടപഴകാതെ ഒറ്റപ്പെട്ട് കഴിയുക തുടങ്ങിയ നിരവധി ‘പ്രശ്‌ന’ക്കാരായ കുട്ടികളത്രയും വിവാഹമോചനം തേടിയ മാതാപിതാക്കളുടെ മക്കളാണെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം. കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളിലും ഇത്തരമൊരു പഠനം നടത്തിയാല്‍ ഒരുപക്ഷേ നമുക്കിനി ഉറക്കമില്ലാത്ത രാവുകളാവും കിട്ടുക.

related articles:

dupe