പുതിയ ഡി.സി.സി പ്രസിഡൻറുമാർ ന്യൂ ജനറേഷനെന്ന് തിരുവഞ്ചൂരും

എതിർപ്പ് പാർട്ടി വേദിയിൽ പറയും

കോട്ടയത്തെ ഉമ്മൻചാണ്ടിയുടെ അസാന്നിധ്യം ചർച്ചയായതിൽ സന്തോഷിച്ച് എ ഗ്രൂപ്പ്

-സുനില്‍ സ്കറിയ മാത്യു-

തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്റുമാരുടെ പുനസംഘടനയിലെ അനിഷ്ടം പറയാതെ പറഞ്ഞ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രംഗത്തെത്തിയതോടെ കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്റെ നീക്കങ്ങള്‍ പരസ്യപോരിലേക്ക് നീങ്ങുന്നു. പുതിയ ഡി.സി.സി പ്രസിഡന്റുമാരെ ന്യൂജനറേഷന്‍ എന്ന വിശേഷണത്തോടെ സംബോധന ചെയ്ത അദ്ദേഹം അതിനെ തങ്ങളാരും എതിര്‍ക്കുന്നില്ലെന്ന് പറഞ്ഞു. പുതിയ തലമുറയായാണ് തങ്ങളും പണ്ട് വന്നതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി അധ്യക്ഷന്മാരെ നിയമിച്ചത് സംബന്ധിച്ച് പരസ്യ പ്രതികരണത്തിനില്ലെന്നും, എതിര്‍പ്പ് പാര്‍ട്ടിവേദികളില്‍ ഉന്നയിക്കുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. നേരത്തെ ഐ ഗ്രൂപ്പിന് പുനസംഘടനയില്‍ അപ്രമാദിത്വം ലഭിച്ചതായി കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസന്‍ ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസം കോട്ടയത്തു നടന്ന പുതിയ ഡി.സി.സി അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്നും ഉമ്മന്‍ചാണ്ടി വിട്ടു നിന്നതോടെ എ ഗ്രൂപ്പ് കടുത്ത നിലപാടിലേക്ക് നീങ്ങുമെന്ന സൂചനകള്‍ ലഭിച്ചിരുന്നു. വി.എം സുധീരന്‍ പങ്കെടുത്ത പരിപാടിയില്‍ നിന്നും ഉമ്മന്‍ചാണ്ടി വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ പങ്കെടുക്കാത്തത് വിവാദമായതില്‍ ആഹ്ലാദത്തിലാണ് എ ഗ്രൂപ്പുകാര്‍. ഉടന്‍ എല്ലാ ജില്ലകളിലും ഗ്രൂപ്പ് യോഗം ചേരാനും ഗ്രൂപ്പിന്റെ ശക്തികേന്ദ്രങ്ങളില്‍ ഐ ഗ്രൂപ്പിലെയും സുധീരന്‍ ഗ്രൂപ്പിലെയും പ്രസിഡന്റുമാരോട് വലിയ സഹകരണം വേണ്ടതില്ലെന്നും ധാരണയായിട്ടുണ്ട്. അതിനിടെ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ പങ്കെടുത്തില്ലെങ്കിലും അടുത്ത ദിവസം കോട്ടയം ഡി.സി.സി പ്രസിഡന്റിന് ആശംസ നേരാന്‍ എത്തുന്നുണ്ട്. എ ഗ്രൂപ്പ് നേതാക്കള്‍ മാത്രം പങ്കെടുക്കുന്ന പരിപാടിയാകും ഇതിനായി സംഘടിപ്പിക്കുക.

അതേസമയം കോട്ടയം ഡി.സി.സി പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കാത്തതില്‍ വിവാദമില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടി ഒരു ജില്ലയിലെയും ഡി.സി.സി പ്രസിഡന്റുമാരുടെ സ്ഥാനാരോഹണചടങ്ങില്‍ പങ്കെടുത്തിട്ടില്ല. അതില്‍ അസ്വാഭാവികതയൊന്നും കാണേണ്ടതില്ല. ഉമ്മന്‍ചാണ്ടിക്ക് അദ്ദേഹത്തിന്റേതായ നയമുണ്ട്. അതാണ് കോട്ടയം ഡി.സി.സി പ്രസിഡന്റ് സ്ഥാനമേറ്റപ്പോഴും എത്താതിരുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.