എന്‍.എസ്.എസ് ചെന്നിത്തലയെ കൈവിടുന്നു; വിശ്വസിക്കാന്‍ കൊള്ളാത്തവന്‍ എന്ന് സുകുമാരന്‍ നായര്‍

രമേശ് ചെന്നിത്തല നന്ദിയില്ലാത്തവനെന്ന് സുകുമാരന്‍ നായര്‍

ചെന്നിത്തലയും എന്‍.എസ്.എസും തമ്മില്‍ അകലുന്നു

താക്കോല്‍ സ്ഥാനം വാങ്ങിക്കൊടുത്ത എന്‍.എസ്.എസിന് രമേശ് ചെന്നിത്തലയെ കാണുന്നത് ഇപ്പോള്‍ ചതുര്‍ത്ഥി

-ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഡെസ്ക് –

ചങ്ങനാശ്ശേരി : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ചെന്നിത്തല വിശ്വസിക്കാന്‍ കൊള്ളാത്തവനും നന്ദിയില്ലാത്തവനുമാണെന്ന് സുകുമാരന്‍ നായര്‍ തുറന്നടിച്ചു.

ഈ അടുത്തകാലത്ത് ഡി.സി.സി പുനഃസംഘടന വിഷയുമായി ബന്ധപ്പെട്ട് ഒരു പറ്റം മുന്‍കാല യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഇദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോഴാണ് രമേശ് ചെന്നിത്തലക്കെതിരെ എന്‍.എസ്.എസ് നേതൃത്വം പൊട്ടിത്തെറിച്ചത്. മലയാള ഭാഷയില്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരെ കുറിച്ച സാധാരണ പ്രയോഗിക്കുന്ന എല്ലാ പ്രയോഗങ്ങളും അദ്ദേഹം രമേശ് ചെന്നിത്തലക്കെതിരെ പ്രയോഗിച്ചെന്നാണ് ഒരു പ്രമുഖ യൂത്ത് കോണ്‍ഗ്രസ് നേതാവ് വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞത്. രമേശ് ചെന്നിത്തലയുമായുള്ള അഭിപ്രായ വ്യത്യാസത്തെക്കുറിച്ച് ദി ഡെക്കാന്‍ ക്രോണിക്കിള്‍ എന്ന ഇംഗ്ലീഷ് ദിനപത്രത്തിന് സുകുമാരന്‍ നായര്‍ നല്‍കിയ അഭിമുഖത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരു കാലത്ത് സുകുമാരന്‍ നായരുടെ വിശ്വസ്തനായിരുന്നു രമേശ് ചെന്നിത്തല. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് രമേശ് ചെന്നിത്തലക്ക് വേണ്ടത്ര സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതിന്റെ പേരില്‍ തിരുവനന്തപുരത്ത് നായര്‍ മഹാസമ്മേളനം വിളിച്ചൂക്കൂട്ടി താക്കോല്‍ സ്ഥാനങ്ങളില്‍ നായന്മാരെ പ്രതിഷ്ഠിക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ച വ്യക്തിയാണ് സുകുമാരന്‍ നായര്‍. എന്തായാലും സുകുമാരന്‍നായരുടെ അപ്രീതിയ്ക്ക് കാരണം എന്താണെന്ന് ഇനിയും പുറത്തായിട്ടില്ല.

കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടു തനിക്ക് നല്ല ബന്ധമാണെന്നും ആരോടും പ്രത്യേകം അടുപ്പമോ അകല്‍ച്ചയോ ഇല്ലെന്നും അദ്ദേഹം പറയുന്നുണ്ട്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി കുറേ നാളുകളായി എന്‍.എസ്.എസ് അകല്‍ച്ചയിലാണ്.

2014-ല്‍ കെ.പി.സി.സി പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം എന്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിക്കാനെത്തിയ വി.എം. സുധീരനെ കാണാന്‍ പോലും സുകുമാരന്‍ നായര്‍ തയ്യാറായില്ല. അതിനു ശേഷം പിന്നീട് ഒരിക്കലും സുധീരനോ സുകുമാരന്‍നായരോ പരസ്പരം കണ്ടിട്ടില്ല. പിണറായി വിജയന്‍ മന്ത്രിസഭ അധികാരമേറ്റ ശേഷം എന്‍.എസ്.എസുമായി നല്ല ബന്ധമാണ് പുലര്‍ത്തി പോരുന്നത്. എന്‍.എസ്.എസിന്റെ ആവശ്യമനുസരിച്ച് ദേവസ്വം ബോര്‍ഡ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാനും തയ്യാറായത് ഇതിന്റെ സൂചനയായിട്ടാണ് വിലയിരുത്തുന്നത്.