പിഷാരടിയെ വഴി തെറ്റിച്ച് യുവ നേതാവ്; ആ കാണുന്നതാണ് അവന്റെ വീടെന്ന് പാർട്ടി പ്രവർത്തകൻ

തൃശൂർ: നിയസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ താര പ്രചാരകനാണ് നടനും അവതാരകനുമായ രമേഷ് പിഷാരടി. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പിഷാരടിയെ യുവനേതാവ് മൂന്നു തവണ വഴി തെറ്റിച്ച സംഭവമാണ് തെരഞ്ഞെടുപ്പ് ച‌ൂടിലും തൃശൂരിലെ സംസാരവിഷയം. സിനിമാമേഖലയിലെ പാട്ടുകാരന്റെ കൂട്ടുകാരനാണെന്ന ബന്ധമുപയോഗിച്ചാണ് വഴികാട്ടിയായി കെ.എസ്.യു ജില്ലാ നേതാവ് പിഷാരടിയുടെ കാറിൽ കയറിക്കൂടിയത് .

 

ഇതിനിടെ കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയെങ്കിലും മത്സരിക്കാനാകാത്ത നേതാവ് തനിക്ക് മത്സരിക്കാനാകാതെ പോയ വാർഡിലേക്ക് പിഷാരടിയെ കൊണ്ടുപോകാൻ തീരുമാനിച്ചു. തന്നെ തഴഞ്ഞ വാർഡിൽ തന്റെ വില കാണിച്ചുകൊടുക്കുകയായിരുന്നു ലക്ഷ്യം.

സ്വീകരണ സ്ഥങ്ങളിൽ സ്ഥാനാർഥി എത്തുന്നതിന് മുന്നേയെത്തി പിഷാരടി ചെറിയൊരു പ്രസംഗം നടത്തണം. എന്നാൽ സ്ഥാനാർഥിയെത്തി ഏറെ നീണ്ടിട്ടും പിഷാരടി എത്തിയില്ല. ഏറെ വൈകിയാണ് യുവനേതാവ് പിഷാരടിയെയുംകൊണ്ട് എത്തിയത്. കാര്യം തിരക്കിയപ്പോൾ വഴിതെറ്റിപ്പോയെന്നായിരുന്നു വിശദീകരണം. തുടർന്ന് പിഷാരടിയെയും കൂട്ടി നേതാവ് അടുത്ത സ്ഥലത്തേക്ക് പുറപ്പെട്ടു. അവിടെയും വൈകി. വഴിതെറ്റിപ്പോയെന്ന കാരണമാണ് നേതാവ് അവിടെയും ആവർത്തിച്ചത്. ഇത് മൂന്നാം തവണയും ആവർത്തിച്ചു.

എന്നാൽ തുടർച്ചയായ വഴിതെറ്റൽ പിഷാരടി തന്നെ പ്രസംഗത്തിനിടെ വിവരിച്ചു. പ്രസംഗം കഴിഞ്ഞിറങ്ങുമ്പോഴേക്കും നേതാവ് മുങ്ങിയിരുന്നു. എന്നാൽ പാതിവഴിയിൽ ഇറങ്ങി മുങ്ങിയ നേതാവ് എങ്ങനെ വീട്ടിലെത്തും എന്നതിലായിരുന്നു പിഷാരടിയുടെ സംശയം. അതുകേട്ട അവിടെയുണ്ടായിരുന്ന ഒരു പ്രവർത്തകൻ‍ പറഞ്ഞു- ‘‘ദാ, ആ കാണുന്നതാണ് അവന്റെ വീട്’’.