‘ത്രികാലജ്ഞാനിയാണ് സ്വാമി’ ഐഫോണ്‍ വിവാദത്തില്‍ സ്വാമി സന്ദീപാനന്ദഗിരിയെ ട്രോളി കെ എസ് ശബരീനാഥന്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ സിഇഒ സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ആറ് ഐഫോണുകളില്‍ ഏറ്റവും വിലകൂടിയ ഫോണിനെ സംബന്ധിച്ച വിഷയത്തില്‍ സ്വാമി സന്ദീപാനന്ദഗിരിയെ ഫേസ്ബുക്കിലൂടെ ട്രോളി കെ.എസ് ശബരീനാഥന്‍ എം.എല്‍.എ. ‘ത്രികാലജ്ഞാനിയാണ് സ്വാമി’ എന്ന കുറിപ്പോടെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിന് സന്ദീപാനന്ദഗിരി കുറിച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തിരിക്കുകയാണ് ശബരിനാഥന്‍. നമ്മള്‍ ജീവിക്കുന്നത് ശാസ്ത്ര സാങ്കേതിക വിദ്യ വികാസം പ്രാപിച്ച കാലത്താണെന്ന് മറക്കരുതെന്നും ഐഫോണ്‍ ബില്ലിലെ ബാച്ച്‌നമ്പരിലൂടെ ഫോണ്‍ ഇപ്പോള്‍ എവിടെയാണെന്നറിയാന്‍ നിമിഷാര്‍ത്ഥങ്ങള്‍ മതി.ജാഗ്രതൈ..എന്നായിരുന്നു സ്വാമി സന്ദീപാനന്ദഗിരിയുടെ പോസ്റ്റ്.

1.13 ലക്ഷം രൂപ വിലവരുന്ന ഐ ഫോണ്‍ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയാണ് ഉപയോഗിച്ചതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഫോണ്‍ ഉപയോഗിക്കുന്നയാളെ കണ്ടെത്തിയത്.