എന്തും നേരിടാന്‍ സജ്ജമായി ഉമ്മന്‍ചാണ്ടി ; മുരളീധരനും സുധാകരനും എ ഗ്രൂപ്പ് നേതൃത്വത്തിലേക്ക്

വാട്ട്‌സ്അപ്പ് ഗ്രൂപ്പുകള്‍ സജീവമായി

ഉമ്മന്‍ചാണ്ടി താഴേത്തട്ടിലേക്ക് ഇറങ്ങുന്നു

ഗ്രൂപ്പുയോഗങ്ങള്‍ സംഘടിപ്പിച്ചുതുടങ്ങി

-പി.എ. സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയെ തഴഞ്ഞ് രാഹുല്‍ ഗാന്ധി നടത്തിയ സി.സി.സി പുനസംഘടനയെ തുടര്‍ന്ന് സമാന്തരനീക്കം ശക്തമാക്കി എ ഗ്രൂപ്പ്. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ സംഘടനാ സംവിധാനം താഴെത്തട്ടില്‍ ശക്തമാക്കുന്നതിനാണ് ഗ്രൂപ്പ് മുന്‍ഗണന നല്‍കുന്നത്. ഐ ഗ്രൂപ്പ് നേതാക്കളായി അറിയപ്പെടുന്ന കെ. മുരളീധരന്‍, കെ സുധാകരന്‍ എന്നിവര്‍ ഉമ്മന്‍ ചാണ്ടിയുടെ നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതും ശ്രദ്ധേയമാണ്.

നിലവില്‍ ദേശീയ- സംസ്ഥാന നേതൃത്വങ്ങള്‍ ദുര്‍ബലമായതിനാല്‍ ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിക്കൊണ്ടുള്ള പാര്‍ട്ടിയെക്കുറിച്ച് ചിന്തിക്കാനാകാത്ത അവസ്ഥയിലാണ് ജനസ്വാധീനമുള്ള പ്രദേശീക നേതാക്കള്‍. ഈ സാഹചര്യം മുതലാക്കി ഇത്തരക്കാരെ ആകര്‍ഷിക്കാനുള്ള നീക്കം ഉമ്മന്‍ ചാണ്ടി നേരിട്ടുതന്നെയാണ് നടത്തുന്നത്. ഇതിനായി പ്രദേശിക തലങ്ങളില്‍പ്പോലും വാട്‌സആപ്പ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും സജീവമായിട്ടുണ്ട്.

സുധീരന്‍ ചെന്നിത്തല ഗ്രൂപ്പുകളെ ശക്തമായ നേതൃത്വവും ജനസ്വാധീനവുമില്ലാത്തതാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നതെങ്കില്‍ എ ഗ്രൂപ്പില്‍ രണ്ടാം നിര നേതാക്കളുടെ അഭാവമാണ് പ്രശ്‌നം. എം.എം ഹസന്‍, ബന്നിബഹ്നാന്‍, തിരുവഞ്ചൂര്‍, കെ.സി ജോസഫ് എന്നിവര്‍ രംഗത്തുണ്ടെങ്കിലും നിലവില്‍ ഗ്രൂപ്പിന്റെ വക്താവായി അവതരിപ്പിക്കുന്നത് ഹസനെയാണ്. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഹസന് പൊതുസമൂഹത്തിലുള്ള സ്വീകാര്യതക്കുറവ് ഗ്രൂപ്പ് നേതാക്കളെ അലട്ടുന്നുണ്ട്.

ഈ സാഹചര്യത്തില്‍ കെ മുരളീധരന്‍, കെ സുധാകരന്‍ എന്നിവരുടെ കൂടുമാറ്റം പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കുമെന്നാണ് പൊതുവിലയിരുത്തല്‍. ജനസ്വാധീനവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശവുമുണ്ടാക്കുന്ന ഈ രണ്ടു നേതാക്കള്‍ കൂടി സംസ്ഥാന നേതൃത്വത്തിനും സുധീരനുമെതിരായ നീക്കത്തില്‍ അണിചേരുന്നതോടെ ഹൈക്കമാന്‍ഡിന് പോലും അടിയറവ് പറയേണ്ടുന്ന സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. വരുംദിവസങ്ങള്‍ ഐ ഗ്രൂപ്പ് സംവിധാനത്തിന് കീഴിലുള്ള പല പ്രമുഖരും പ്രത്യക്ഷമായി തന്നെ ഉമ്മന്‍ ചാണ്ടിക്ക് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തുമെന്നും സൂചനയുണ്ട്.

പാര്‍ട്ടിയുടെ എല്ലാത്തരത്തിലുള്ള സംഘടനാകെട്ടുപാടുകളില്‍നിന്നും വിട്ടുനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ ഓരോ നീക്കവും വളരെ ശ്രദ്ധയോടെയാണ് ചെന്നിത്തല സുധീരന്‍ ഗ്രൂപ്പുകള്‍ നിരീക്ഷിക്കുന്നത്. അതേസമയം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളെ മുഖവിലയ്ക്കെടുക്കേണ്ടെന്നും സമാന്തരമായി ബൂത്ത്, മണ്ഡലം, ബ്ലോക്ക് തലങ്ങളില്‍ സംഘടനയെ സജ്ജമാക്കണമെന്നുമുള്ള നിര്‍ദ്ദേശമാണ് എ ഗ്രൂപ്പ് ജില്ലാതല നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.

ഇത്തരത്തില്‍ എ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഏത് ചെറിയ യോഗങ്ങളില്‍പ്പോലും പങ്കെടുക്കാനുള്ള സന്നദ്ധത ഉമ്മന്‍ ചാണ്ടിയും അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി പരിപാടികളില്‍ നിസഹകരണം പ്രഖ്യാപിക്കുകയെന്നാല്‍ സമാന്തര പരിപാടികളിലൂടെ പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളില്‍ സജീവമാകുകയെന്ന പദ്ധതിയാണ് എ ഗ്രൂപ്പ് ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്.

സംസ്ഥാനത്തെ പൊതുവിഷയങ്ങളിലും ഉമ്മന്‍ ചാണ്ടി പതിവു പോലെ സജീവമാകും. ഇതിന്റെ ഭാഗമയി ഇന്ന് പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരെ ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തിയയ്ക്കുകയും ചെയ്തു. പോഷകസംഘടനകളിലേക്കും എ ഗ്രൂപ്പ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നിയമനനിരേധനത്തിനെതിരെ പ്രകടനം നടത്തിയത്.
അതേസമയം പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരെ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റായ നെയ്യാറ്റിന്‍കര സനല്‍ ആഹ്വാനം ചെയ്ത പ്രതിഷേധമാര്‍ച്ചില്‍ പത്തുപേരെപ്പോലും സംഘടിപ്പിക്കാനാകാത്തത് സുധീരന് നാണക്കേടായി. എ ഗ്രൂപ്പ് നേതാക്കള്‍ പരിപാടിയില്‍നിന്ന് പൂര്‍ണമായും വിട്ടുനിന്നതാണ് ഡി.സി.സിയുടെ പരിപാടിക്ക് തിരിച്ചടിയായത്.