ഉടനെ അമ്മയാകുമോ? ഷാഹിദ് കപൂറാണോ ഡെങ്കി പിടിപെടാന്‍ കാരണം? വിദ്യാബാലന്‍ പറയുന്നു

 

മുംബയ്: കഹാനി ടുവിന്റെ വിജയത്തിന്റെ സന്തോഷത്തിലാണ് ബോളിവുഡിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ വിദ്യാബാലന്‍. അതേസമയം താനാണ് ഹിന്ദിയില്‍ സ്ത്രീകേന്ദ്രീകൃത സിനിമകള്‍ക്ക് കാരണമായതെന്ന് വിദ്യ അവകാശപ്പെടുന്നില്ല. വിവാഹ ശേഷം നടിമാര്‍ക്ക് അവസരം കുറയുമെന്ന പരമ്പരാഗത ധാരണകള്‍ പൊളിഞ്ഞു കൊണ്ടിരിക്കുകയാണ്. വിവാഹം കഴിഞ്ഞെന്നോ കുട്ടികളുണ്ടായെന്നോ കരുതി ഒരു അഭിനേത്രിയുടെയും കരിയര്‍ അവസാനിപ്പിക്കാനാവില്ല. ഒരു നടിക്ക് അവരുടെ കഴിവില്‍ വിശ്വാസമുള്ളിടത്തോളം കാലം പ്രേക്ഷകരുണ്ടാവുമെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി.

സിനിമകള്‍ക്കിടയില്‍ ഇടവേള

ഈ വര്‍ഷം അധികം സിനിമകളില്‍ അഭിനയിച്ചില്ല. അവസാനം കഹാനി ടുവാണ് ഇറങ്ങിയത്. അടുത്തത് ബീഗം ജാന്‍. പിന്നെ തുംഹരി സുലു. ഓരോ സിനിമകള്‍ക്ക് ശേഷം മൂന്ന് മാസത്തെ ഇടവേളയെങ്കിലും വേണം. അതാണ് എന്റെ രീതി. എങ്കിലേ പുതുമയോടെ ക്യാമറയ്ക്ക് മുന്നിലെത്താനാവൂ. ഒഴിവ് വേളകളില്‍ സിനിമകള്‍ ധാരാളം കാണും. ദീപിക പദൂക്കോണിന്റെ പികു, കങ്കണയുടെ തനു വെഡ്‌സ് മനു, ആലിയയുടെ ഉഡ്താ പഞ്ചാബ്, അനുഷ്‌കാ ശര്‍മയുടെ എന്‍.എച്ച് 10 എല്ലാം ഏറെ ഇഷ്ടപ്പെട്ട സിനിമകളാണ്.

 

ചൈല്‍ഡ് അബ്യൂസ്

ചൈല്‍ഡ് അബ്യൂസിന്റെ ഉള്ളറകളിലേക്കാണ് കഹാനി ടു പോകുന്നത്. പണ്ട് സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത്  ഒരു സുഹൃത്ത് ബാലപീഡനത്തിന് ഇരയാകുന്നതായി എനിക്ക് സംശയം ഉണ്ടായിരുന്നതായി വിദ്യാബാലന്‍ പറഞ്ഞു. എന്നാല്‍ അന്ന് അവളോട് അതേക്കുറിച്ച് ചോദിക്കാന്‍ ധൈര്യമില്ലായിരുന്നു. പിന്നീട് ഞങ്ങള്‍ തമ്മിലുള്ള ബന്ധം മുറിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ സംശയം ശരിയായിരുന്നെന്ന് മനസിലാക്കാന്‍ കഴിഞ്ഞെന്നും താരം വ്യക്തമാക്കി.

 

അമ്മയാകുമോ? 

അമ്മയാകുമോ എന്ന് ചോദിച്ചപ്പോള്‍ അത് നടക്കുമെന്ന് ചിരിച്ചുകൊണ്ട് വിദ്യ മറുപടി നല്‍കി. അപ്പോള്‍ നിങ്ങളെ തീര്‍ച്ചയായും അറിയിക്കും. അതുവരെ ഈ ചോദ്യം ചോദിക്കരുത്. എന്നോടാരും ഇത്തരം ചോദ്യങ്ങള്‍ ചോദിക്കരുത്. എന്തുകൊണ്ടെന്നാല്‍ ഏതെങ്കിലും നടനോട് ചോദിക്കുമോ നിങ്ങളുടെ ഭാര്യ എപ്പോള്‍ ഗര്‍ഭിണിയാകുമെന്ന്? ഞാന്‍ എവിടെ ചെന്നാലും ആളുകള്‍ക്ക് ആദ്യം ഇതാണ് അറിയേണ്ടത്. ഒരുതരം ഭ്രാന്ത് അല്ലാതെന്ത് പറയാന്‍.

 

ഡെങ്കിക്ക് കാരണം ഷാഹിദ് കപൂറോ

ഡെങ്കിപ്പനിയില്‍ നിന്ന് വിദ്യാബാലന്‍ പൂര്‍ണമായും മുക്തയായി. അസുഖം അത്ര ഗുരുതരമല്ലായിരുന്നെന്ന് താരം വ്യക്തമാക്കി. എന്നാലിത് വലിയ വാര്‍ത്തയാകുമെന്ന് പ്രതീക്ഷിച്ചില്ല. ഷാഹിദ് കപൂറാണ് എന്റെ വീട്ടിലേക്ക് കൊതുകിനെ അയച്ചത് എന്ന രീതിയില്‍ വരെ ചര്‍ച്ചയെത്തി. ഷാഹിദ് എന്നെ വിളിച്ച് ക്ഷമ ചോദിച്ചിരുന്നു. അങ്ങനെ പറയല്ലേ എന്ന് ഞാന്‍ സമാധാനിപ്പിച്ചു. ഷാഹിദിന്റെ വീടിന് അടുത്താണ് എന്റെ വീടും. ഷാഹിദിന്റെ വീട്ടിലെ സ്വിംമ്മിംഗ് പൂളില്‍ നിന്ന് ബ്രിഹാന്‍ മുംബയ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ഡെങ്കു കൊതുകുകളുടെ ലാര്‍വ കണ്ടെത്തിയതോടെയാണ് വിവാദമുണ്ടായത്. വേറെ എവിടെയായിരുന്നാലും എനിക്ക് ഡെങ്കി പിടിപെടുമായിരുന്നെന്ന് ഞാന്‍ ഷാഹിദിനോട് പറഞ്ഞു.