യുവതാരങ്ങള്‍ സുഹൃത് ബെല്‍റ്റിന്റെ പിടിയില്‍

 

-ക്രിസ്റ്റഫര്‍ പെരേര-

കൊച്ചി: മുമ്പ് തിരുവനന്തപുരം, കോഴിക്കോട് ബെല്‍റ്റിന്റെ കൈപ്പിടിയിലായിരുന്ന മലയാള സിനിമ ഇന്ന് പൂര്‍ണമായും കൊച്ചി ബെല്‍റ്റിന്റെ കീഴിലാണ്. സിനിമകളുടെ ചിത്രീകരണവും പ്രീപ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനുമെല്ലാം കൊച്ചിയില്‍ തന്നെ. പല താരങ്ങളും ഇവിടേക്ക് ചേക്കേറിക്കഴിഞ്ഞു. യുവതാരങ്ങള്‍ അവരുടെ സുഹൃത്തുക്കളുടെയും ഇഷ്ടമുള്ള സംവിധായകരുടെയും സിനിമകളില്‍ മാത്രമാണ് അഭിനയിക്കുന്നത്. പുതിയ ആളുകള്‍ക്ക് ഇവരുടെ മുന്നില്‍ കഥ പറയാന്‍ പോലും അവസരം ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ തങ്ങളുടെ ബെല്‍റ്റിലുള്ളവരുടെ മോശം സിനിമകള്‍ക്ക് ഇവര്‍ ഡേറ്റും നല്‍കുന്നു

 

കൊച്ചിക്കാരുടെ സിനിമ പൃഥ്വിരാജിന് താല്‍പര്യമില്ല

prithviraj-sukumaran-005ഒരു ബെല്‍റ്റിന് കീഴിലും പെടാതെ നില്‍ക്കുന്ന ഒരേ ഒരു നടന്‍ പൃഥ്വിരാജ് മാത്രമാണ്. എന്നാല്‍ കൊച്ചിക്കാരുടെ സിനിമകളില്‍ അഭിനയിക്കാന്‍ അദ്ദേഹം ഇപ്പോള്‍ താല്‍പര്യം കാട്ടാറില്ല. ആകെ അമല്‍നീരദിന്റെ അന്‍വറില്‍ മാത്രമാണ് അഭിനയിച്ചത്. അതേസമയം കൊച്ചിയിലെ എന്നല്ല കഴിവുള്ള ചെറുപ്പക്കാരെ പ്രൊല്‍സാഹിപ്പിക്കാനും താരം മടിക്കില്ല. സൗബിനെ ഉറുമിയുടെ അസിസ്റ്റന്റ് ഡയറക്ടറാക്കിയത് താരമാണ്.

എന്നാല്‍ ആഷിഖ് അബു, സമീര്‍ താഹിര്‍, വിനോദ് വിജയന്‍, അന്‍വര്‍ റഷീദ് തുടങ്ങിയ പലരുടെയും സിനിമകളില്‍ അഭിനയിക്കാന്‍ പൃഥ്വിരാജ് താല്‍പര്യം കാട്ടാറില്ല. എന്നാല്‍ രഞ്ജിത്തിന്റെ സിനിമകളില്‍ ഏത് സമയവും അഭിനയിക്കാന്‍ തയ്യാറാണ് താനും.

 

നിവിന് വിനീതും സംഘവും

Nivin, Alphonse Putharen at Neram Movie Audio Launch Stills
Nivin, Alphonse Putharen at Neram Movie Audio Launch Stills

നിവിന്‍പോളി വിനീത് ശ്രീനിവാസന്റെയും സംഘത്തിന്റെയും പിന്നെ തന്നെ സഹായിച്ച ചില സംവിധായകരുടെയും സിനിമകളില്‍ മാത്രമാണ് അഭിനയിക്കുന്നത്. വിനീത് ശ്രീനിവാസന്റെ സഹസംവിധായകരായിരുന്ന ജൂഡ്ആന്റണി, ഗണേഷ് വേല്‍രാജ് എന്നിവരുടെ സിനിമകളില്‍ അഭിനയിച്ചത് അത്‌കൊണ്ടാണ്. എബ്രിഡ് ഷൈനും താരം ഡേറ്റ് നല്‍കും. എന്നാല്‍ ഇപ്പോള്‍ വലിയ തിരക്കായത് കൊണ്ട് പൂമരത്തില്‍ അഭിനയിക്കാമെന്ന് പറഞ്ഞ ശേഷം നിവിന്‍ പിന്‍മാറി. ഇരുവരും ഒന്നിച്ച 1983, ആക്ഷന്‍ ഹീറോ ബിജു എന്നിവ വലിയ ഹിറ്റായിരുന്നു. സുഹൃത്തായ അല്‍ഫോണ്‍സ് പുത്രന് നിവിന്‍ ഓപ്പണ്‍ ഡേറ്റാണ് നല്‍കുന്നത്. അല്‍ഫോണ്‍സിന്റെ ആല്‍ബങ്ങളിലൂടെയാണ് നിവിന്‍ അഭിനയം തുടങ്ങിയത്. സീനിയര്‍ സംവിധായകരില്‍ പലരും ഫോണ്‍ വിളിച്ചാല്‍ പോലും നിവിന്‍ എടുക്കാറില്ല. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ടീമിന്റെ ഗാതാഞ്ജലി പോലും താരം ഉപേക്ഷിച്ചിരുന്നു.

 

ദുല്‍ഖറിനും പ്രത്യേക സംഘം

sameer-dulquer-jpg-image-784-410ദുല്‍ഖര്‍ തന്നെ സഹായിച്ച കുറേ സംവിധായകരുടെയും പിന്നെ സത്യന്‍ അന്തിക്കാട്, രഞ്ജിത് തുടങ്ങിയ ചുരുക്കം ചില സീനിയര്‍ സംവിധായകരുടെ സിനിമകളില്‍ മാത്രമാണ് അഭിനയിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിരവധി യുവ സംവിധായകര്‍ കഥ പറയാന്‍ ചെന്നെങ്കിലും താരം കേട്ടില്ല. മാര്‍ട്ടിന്‍ പ്രക്കാട്ട്, സമീര്‍ താഹിര്‍, അന്‍വര്‍ റഷീദ് എന്നിവരാണ് ദുല്‍ഖറിന്റെ പ്രിയപ്പെട്ട സംവിധായകര്‍. തുടക്കകാലത്ത് താരത്തെ സഹായിച്ചവരാണിവര്‍. മമ്മൂട്ടിയുമായി അടുത്ത ബന്ധമുള്ള ആന്റോജോസഫ് പല സംവിധായകരുടെയും കഥയുമായി ദുല്‍ഖറിനെ സമീപിച്ചെങ്കിലും താരം ഡേറ്റ് നല്‍കിയിട്ടില്ല. സലാല മൊബൈല്‍സ് എന്ന ചിത്രം അങ്ങനെ ചെയ്തതായിരുന്നു. പക്ഷെ, ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല.

 

ഫഹദ്, ആഷിഖ്, അന്‍വര്‍ ആന്‍ഡ് അമല്‍ ടീം

ഫഹദ് ഫാസില്‍ കൊച്ചി ടീമിന്റെ തലപ്പത്തുള്ള ആഷിഖ് അബുവിന്റെയും സഹസംവിധായകരുടെയും സിനിമകളിലും അമല്‍നീരദ്, അന്‍വര്‍ റഷീദ് എന്നിവരുടെ സിനിമകളിലാണ് കൂടുതല്‍ അഭിനയിക്കുന്നത്. സീനിയര്‍ സംവിധായകരായ കമലിനും സിദ്ദിഖിനും ഡേറ്റ് നല്‍കിയില്ല എന്നതും ശ്രദ്ധേയം. അതേസമയം സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ സഹകരിക്കും. അത് അദ്ദേഹത്തിന്റെ ഇടപെടല്‍ അത് പോലെ ആയത് കൊണ്ടാണ്. തന്റെ പ്രായത്തിലുള്ളവരോടൊപ്പം ജോലി ചെയ്യാനാണ് ഫഹദിന് ഇഷ്ടം. ജോഷിയുടെ സിനിമ ഉപേക്ഷിക്കാനും കാരണം ഇതാണ്. അതേസമയം ശ്യാമപ്രസാദ്, റാഫി, ഷാഫി, ലാല്‍ജോസ് എന്നിവര്‍ക്ക് ഡേറ്റ് നല്‍കും. രഞ്ജിത്തിനോട് എന്നെ വെച്ച് സിനിമ എടുക്കണമെന്ന് താരം അങ്ങോട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.