ജയ്ഹിന്ദ് ടി.വി കോണ്‍ഗ്രസിലെ വെള്ളാനയോ

മൂവര്‍സംഘം ചാനലിനെ കുളംതോണ്ടുന്നെന്ന് ഡയറക്ടര്‍മാര്‍

പട്ടിണിയില്‍ പൊറുതിമുട്ടി ജീവനക്കാര്‍

ജീവനക്കാരുടെ പട്ടിണിക്കിടയിലും പഞ്ചനക്ഷത്രക്ലബ്ബില്‍ ചാനല്‍മേധവികളുടെ അര്‍മാദം  

 -പി.എ.സക്കീര്‍ ഹുസൈന്‍-

കോണ്‍ഗ്രസ് കോണ്‍ഗ്രസിന്റേതെന്നും എം.എം ഹസന്‍ തന്റേത് മാത്രമെന്നും അവകാശപ്പെടുന്ന ജയ്ഹിന്ദ് ടി.വി, വര്‍ഷങ്ങളായി അരങ്ങേറുന്ന തീവെട്ടിക്കൊള്ളയ്‌ക്കൊടുവില്‍ ശമ്പളം പോലും നല്‍കാനാകാത്ത അവസ്ഥയില്‍. ചാനല്‍ തലപ്പത്തുള്ളവരുടെ കൈയ്യിട്ടുവാരലിനും ധൂര്‍ത്തിനും പിന്നാലെ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്റെ കര്‍ശന നിലപാടുകളുമാണ് ജീവനക്കാരെ പട്ടിണിയിലാക്കിയതെന്ന് ആക്ഷേപമുണ്ട്.

കോണ്‍ഗ്രസുകാരുടെ ചാനല്‍ എന്ന സ്വപനം യാഥാര്‍ഥ്യമാകുന്നു

2000 കാലഘട്ടത്തില്‍ അന്ന് നിലവിലുണ്ടായിരുന്ന ദൃശ്യമാധ്യമങ്ങള്‍ പൂര്‍ണമായും ഇടതുപക്ഷവത്ക്കരിക്കപ്പെടുന്നെന്ന പരാതികള്‍ക്കിടയിലാണ് സ്വന്തമായി ഒരു ചാനല്‍ എന്ന ആശയത്തിന് കോണ്‍ഗ്രസ് നേതൃത്വം പച്ചക്കൊടി കാട്ടിയത്. സംരംഭകരെ സംഘടിപ്പിക്കുന്നതിന്റെ ചുമതല എം.എം ഹസനെ പാര്‍ട്ടി ഏല്‍പ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വിദേശ രാജ്യങ്ങളിലുള്ള കോണ്‍ഗ്രസ് അനുഭാവികളും അല്ലാത്തവരുമായ വ്യവസായികളുടെ സാമ്പത്തിക പിന്തുണയിലാണ് ജയ്ഹിന്ദ് ടി.വി പിറവിയെടുക്കുന്നത്. ആദ്യകാലത്ത് മികച്ച മാധ്യമപ്രവര്‍ത്തകരുടെ ഒരു സംഘമാണ് ചാനലിനെ നയിച്ചത്. ഇവിടെ നിന്ന് പിന്നീട് പുറത്താക്കുകയോ പുറത്തു പോകുകയോ ചെയ്ത ഇവരാണ് ഒട്ടുമിക്ക മലയാളം ചാനലുകളിലും ഇന്ന് ശേഭിക്കുന്നതും. ഇതിനിടെ മറ്റ് ചാനലുകളില്‍ തട്ടിപ്പു നടത്തി പിടിക്കപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്ത ഒരു സംഘത്തെ എം.ഡിയായ എം.എം ഹസന്‍ ജയ്ഹിന്ദിന്റെ നിയന്ത്രണമേല്‍പ്പിച്ചതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് തുടക്കം മുതലേയുള്ള ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു.

ഇടക്കിടെയുള്ള പണപ്പിരിവ് സുധീരന്‍ തടഞ്ഞത് തിരിച്ചടിയായി

വി.എം സുധീരന്‍ കെ.പി.സി.സി അധ്യക്ഷനായശേഷം പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുള്ള സാമ്പത്തിക സഹായം നിര്‍ത്തിയതും ചാനലിന്റെ പേരില്‍ ഹസന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി വിദേശത്ത് നടത്തിയിരുന്ന പണപ്പിരിവ് അവസാനിപ്പിച്ചതുമാണ് ജയ്ഹിന്ദിലെ പ്രതിസന്ധി ഇരട്ടിയാക്കിയത്. കെ.പി.സി.സി അധ്യക്ഷനായ ശേഷം മഞ്ചേശ്വരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സുധീരന്‍ നടത്തിയ യാത്ര പ്രക്ഷേപണം ചെയ്യുന്നതിനായി വന്‍തുകയാണ് ഇന്ദിരാഭവനില്‍ നിന്ന് ചാനലിന് കൈമാറിയത്. എന്നാല്‍ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക സംവിധാനമൊരുക്കാതെ പ്രദേശിക ബ്യൂറോകളില്‍നിന്ന് ഫൂട്ടേജ് വാങ്ങുകയെന്ന തട്ടിപ്പാണ് അന്ന് അരങ്ങേറിയത്. ഇത് മനസിലാക്കിയ സുധീരന്‍ കെ.പി.സി.സിയില്‍നിന്ന് ചാനലിനെ സാമ്പത്തികമായി സഹായിക്കുന്നത് അവസാനിപ്പിക്കുകയായിരുന്നു. സുധീരനില്‍നിന്ന് അന്ന് വാങ്ങിയ പണം ചാനലിലെ വെള്ളാനകള്‍ പങ്കിട്ടെടുത്തെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

മൂവര്‍സംഘം ചാനല്‍ കുളംതോണ്ടുന്നെന്ന് ഡയറക്ടര്‍മാര്‍

ചാനല്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഇന്ദുകുമാര്‍, മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ സുധീര്‍ കുമാര്‍, ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ശ്യാംകുമാര്‍ എന്നിവരാണ് ചാനലിന്റെ ദൈനംദിനകാര്യങ്ങള്‍ തീരുമാനിക്കുന്നത്. (ഇതില്‍ സി.റ്റി.ഒ ശ്യാംകുമാറിനെ ചാനല്‍ ജീവനക്കാരിയുടെ പരാതിയില്‍ പുറത്താക്കിയിരുന്നു. പെണ്‍കുട്ടി നല്‍കിയ പരാതിയെത്തുടര്‍ന്ന് നടപടിയെടുക്കാന്‍ സി.ഇ.ഒ കെ.പി മോഹനന്‍ ആദ്യഘട്ടത്തില്‍ തയാറായിരുന്നില്ല. എന്നാല്‍ പത്തനംതിട്ടയിലെ പ്രമുഖ കോണ്‍ഗ്രസ് കുടുംബത്തിലെ അംഗമായ ഈ പെണ്‍കുട്ടിയുടെ പരാതിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇടപെട്ടതോടെയാണ് ശ്യാംകുമാറിനെ മനസില്ലാമനസോടെ കെ.പി മോഹനന് പുറത്താക്കേണ്ടി വന്നത്.) ഈ മൂവര്‍ സംഘമാണ് ചാനലിനെ നശിപ്പിക്കുന്നതെന്നും ഡയറക്ടര്‍മാര്‍ ആരോപിക്കുന്നു.

ഫ്‌ളയോണ്‍ കമ്പനിയുടെ ഉടമസ്ഥരുടെ പേരുവിവരങ്ങള്‍
ഫ്‌ളയോണ്‍ കമ്പനിയുടെ ഉടമസ്ഥരുടെ പേരുവിവരങ്ങള്‍

പരസ്യത്തിന്റെ ചുമതലയുള്ള സുധീര്‍ കുമാര്‍, അനുരൂപ് എന്നയാളുമായി ചേര്‍ന്ന് ഫൈലോണ്‍ മീഡിയ പ്രൈവറ്റ് ലമിറ്റഡ് എന്ന പരസ്യ ഏജന്‍സിയുണ്ടാക്കിയിരുന്നു. ജയ്ഹിന്ദിലേക്കെത്തുന്ന പരസ്യങ്ങളില്‍നിന്ന് കമ്മീഷന്‍ തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. ചാനലിലേക്ക് സ്വാഭാവികമായെത്തുന്ന പരസ്യങ്ങള്‍ പോലും ഈ തട്ടിപ്പ് പരസ്യ ഏജന്‍സിയുടെ പേരിലാക്കി 15- മുതല്‍ 30 ശതമാനം വരെയാണ് കമ്മീഷന്‍ ഇനത്തില്‍ തട്ടിയെടുത്തത്. തട്ടിപ്പ് പുറത്തായതോടെ ഈ പരസ്യ ഏജന്‍സിയുടെ വെബ്‌സൈറ്റില്‍നിന്ന് സുധീര്‍കുമാര്‍ തന്റെ പേര് നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ തട്ടിയെടുത്ത പണത്തെ സംബന്ധിച്ച് ആരും ഒന്നും മിണ്ടുന്നില്ല. ഈ തട്ടിപ്പു സംഘങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് ചാനല്‍ എം.ഡിയും സി.ഇ.ഒയും സ്വീകരിക്കുന്നതെന്നും ഡയറക്ടര്‍മാര്‍ പറയുന്നു.

അവാര്‍ഡ് നൈറ്റ് എന്ന തട്ടിപ്പ്

ചാനല്‍ ഏറ്റവുമധികം ലാഭമുണ്ടാക്കിയ പരിപാടിയായിരുന്നു ജയ്ഹിന്ദ് ഫിലിം അവാര്‍ഡ് നൈറ്റുകള്‍. അതുകൊണ്ടുതന്നെ അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഈ പരിപാടി പ്രധാന നഗരങ്ങളില്‍ സംഘടിപ്പിക്കപ്പെട്ടു. എന്നാല്‍ ചാനലിനുണ്ടാകുന്ന വരുമാനത്തേക്കാള്‍ ഏറെ സംഘടകരുടെ പോക്കറ്റില്‍ ലക്ഷങ്ങള്‍ എത്തിക്കുന്ന പരിപാടിയായി ഇത് മാറുകയായിരുന്നു. ഈ പരിപാടികളുടെയെല്ലാം നടത്തിപ്പ് ചുമതല ഇംപ്രസാരിയോ എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കായിരുന്നു. ഈ കമ്പനിയില്‍ നിന്ന് ലക്ഷങ്ങളാണ് ചാനലിന്റെ തലപ്പത്തുള്ളവര്‍ കമ്മീഷനായി അടിച്ചുമാറ്റിയിരുന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ഇതിനിടെ ചാനലിലേക്കെത്തുന്ന ലാഭം കുറഞ്ഞതോടെ കഴിഞ്ഞ രണ്ടു വര്‍ഷമായി അവാര്‍ഡ് നൈറ്റ് മുടങ്ങിക്കിടക്കുകയാണ്.

അവസാനമായി നടത്തിയ പരിപാടിയുടെ പണം ലഭിക്കാതെ ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമ ജയ്ഹിന്ദ് ഓഫീസില്‍ കയറിയിറങ്ങുന്നത് ജീവനക്കാര്‍ക്ക് സ്ഥിരം  കഴ്ചയായി മാറി.

 

പഞ്ചനക്ഷത്ര ക്ലബ്ബില്‍ ലക്ഷങ്ങള്‍ വിലയുള്ള അംഗത്വം

ചാനലിന്റെ തലപ്പത്തുള്ള രണ്ട് പ്രമുഖര്‍ നഗരത്തിലെ രണ്ട് പഞ്ചനക്ഷത്ര ക്ലബ്ബുകളില്‍ ലക്ഷങ്ങള്‍ മുടക്കി അംഗത്വമെടുത്തത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിപ്പിച്ചിട്ടുണ്ട്. പത്തു ലക്ഷത്തിലധികം രൂപ അംഗത്വ ഫീസ് നല്‍കി നഗരത്തിലെ ധനികര്‍ ഒത്തുകൂടുന്ന ഈ ക്ലബ്ബുകള്‍ കോണ്‍ഗ്രസ് സിംഹങ്ങള്‍ക്ക് ഇന്നും കിട്ടാക്കനിയാണ്. ചാനലില്‍നിന്ന് ലഭിക്കുന്ന ശമ്പളം കൊണ്ട് ഇത്രയും ആര്‍ഭാടമായി ജീവിക്കാന്‍ ഇവര്‍ക്ക് കഴിയുമോയെന്ന സംശയമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. ഈ പ്രമുഖ ക്ലബ്ബുകളില്‍ വച്ചാണ് ചാനലില്‍നിന്ന് പണം വാരുന്ന വഴികളെക്കുറിച്ച് ഇവര്‍ ചര്‍ച്ച നടത്തുന്നതും. ഈ സംഘത്തില്‍പ്പെട്ട ഒരാളെ ചാനലിന്റെ ചുമതലകളില്‍നിന്ന് ഒഴിവാക്കണമെന്ന് ഉമ്മന്‍ ചാണ്ടി അടുത്തിടെ ആവശ്യപ്പെട്ടിരുന്നെങ്കിലും പലവഴികളില്‍നിന്നുള്ള സമ്മര്‍ദ്ദത്തിനൊടുവില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനായില്ലെന്നും നേതാക്കള്‍ പറയുന്നു. യു.ഡി.എഫ് ഭണകാലത്ത് സെക്രട്ടേറിയറ്റിന്റെ ഇടനാഴികളില്‍ വന്‍കിട ശിപാര്‍ശകളുമായി ഇയാള്‍ സ്ഥാരമായി എത്താറുള്ളതും അന്ന് ചര്‍ച്ചയായിരുന്നു. വിവിധ വകുപ്പുകളിലെ കരാറുകളില്‍ ഇടപെട്ടും വന്‍തസ്തികകളിലെ സ്ഥലം മാറ്റത്തിലൂടെയും ലക്ഷങ്ങളാണ് അന്ന് വാരിക്കൂട്ടിയത്.

 

കോണ്‍ഗ്രസ് അനുഭാവികള്‍ പുറത്ത്

ചാനലില്‍ ജേണലിസ്റ്റായോ നോണ്‍ ജേണലിസ്റ്റായോ കോണ്‍ഗ്രസ് പശ്ചാത്തലമുള്ള ആരെയും നിയമിക്കേണ്ടെന്ന നിര്‍ദ്ദേശമാണ് ചാനല്‍ എം.ഡിയായ എം.എം ഹസന്‍ നല്‍കിയിരിക്കുന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. എസ്.എഫ്.ഐ, എ.ബി.വി.പി നേതാക്കള്‍ക്ക് ചാനലില്‍ ജോലി നല്‍കുന്നതിനെതിരെ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പാര്‍ട്ടി പശ്ചാത്തലമുള്ള പലരും ചാനലിലെ തട്ടിപ്പുകള്‍ ചൂണ്ടിക്കാട്ടുകയും നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസുകാരെ ജയ്ഹിന്ദിന്റെ ഏഴയലത്ത് അടുപ്പിക്കേണ്ടന്ന് ഹസന്‍ തീരുമാനിച്ചിരിക്കുന്നത്.

 

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഏറ്റുവാങ്ങേണ്ടിവരുന്നത് പലരുടെയും ശാപവാക്കുകള്‍

തട്ടിപ്പ് സംഘങ്ങളുടെ താവളമായ ചാനലിലേക്ക് പാര്‍ട്ടിയെയും മുന്‍നിരനേതാക്കളെയും വിശ്വസിച്ച് പുതുമയേറിയ പരിപാടികളുമായെത്തിയ പ്രമുഖര്‍ അകപ്പെടുന്നത് വന്‍ സാമ്പത്തിക ബാധ്യതയിലും മനോവിഷമത്തിലും. മലയാളത്തിലെ പ്രമുഖ ഗാനരചയിതാവും സിനിമ സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയുടെ ദുരനുഭവം അടുത്തിടെയാണ് പുറത്തുവന്നത്. ചട്ടമ്പികല്യാണിയെന്ന സിനിമയെ സീരിയല്‍ രൂപത്തിലാക്കിയതിന് ജയ്ഹിന്ദ് ശ്രീകുമാരന്‍ തമ്പിക്ക് നല്‍കാനുള്ളത് ലക്ഷങ്ങളാണ്. താന്‍ പണം നല്‍കാനുള്ളവര്‍ കേസിനുപോയാല്‍ ആത്മഹത്യ ചെയ്യുമെന്നും അതിന് ഉത്തരവാദികള്‍ വി.എം സുധീരനും ഹസനുമായിരിക്കുമെന്നാണ് അദ്ദേഹം സങ്കടത്തോടെ പറഞ്ഞത്. തൊണ്ണൂറുകളില്‍ മലയാള സിനിമകളിലെ പ്രമുഖ നിര്‍മ്മാതാവായിരുന്ന വ്യക്തിക്കും ഇത്തരം ദുരനുഭവമുണ്ടായിട്ടുണ്ട്. സീരിയല്‍ പ്രക്ഷേപണം അവസാനിച്ചിട്ടും പണം ലഭിക്കാത്തതാണ് അദ്ദേഹത്തെ ദുരിതത്തിലാക്കിയത്. അന്ന് കെ.പി.സി.സി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല ഇടപെട്ടാണ് ഒടുവില്‍ പ്രശ്‌നം പരിഹരിച്ചത്.

പേരില്‍ കോണ്‍ഗ്രസ്, പക്ഷെ വാര്‍ത്തകളിലില്ല

കോണ്‍ഗ്രസ് ചാനലാണെന്നാണ് പൊതുവെ പറയപ്പെടുന്നതെങ്കിലും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വേണ്ടരീതിയില്‍ കൈകാര്യം ചെയ്യപ്പെടുന്നില്ലെന്നാണ് ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. സംഘപരിവാറുകാരും എസ്.എഫ്.ഐ നേതാക്കളുമാണ് നിലവില്‍ വാര്‍ത്തകള്‍ നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് വാര്‍ത്തകള്‍ കൊടുക്കാനോ പാര്‍ട്ടി പരിപാടികള്‍ ഗൗരവത്തോടെ റിപ്പോര്‍ട്ട് ചെയ്യാനോ ആരും മിനക്കെടാറുമില്ല. പാര്‍ട്ടിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ അവരെ പിരിച്ചുവിടുകയോ മറ്റു ജില്ലകളിലെ അപ്രധാന ബ്യൂറോകളിലേക്ക് സ്ഥലം മാറ്റുകയോ ആണ് പതിവ്. നിലവിലെ അവസ്ഥയില്‍ ചാനല്‍ മുന്നോട്ട് കൊണ്ടു പോകാനാകില്ലെന്നും ഇതിലും ഭേദം ചാനല്‍ വേണ്ടെന്ന് വയ്ക്കുന്നതാണെന്നുമാണ് ഡയറക്ടര്‍മാരുടെ അഭിപ്രായം. അടുത്ത യോഗത്തില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്നും തീവെട്ടികളെ എന്തുവിലകൊടുത്തും പുറത്താക്കുമെന്നുമുള്ള നിലപാടിലുമാണവര്‍.

ജീവനക്കാരുടെ പട്ടിണിയകറ്റാന്‍ ലീഗ് വരുമോ

ചാനലിന് വേണ്ടി ലക്ഷങ്ങളും കോടികളും മുടക്കി ഷെയറെടുത്ത പല മറുനാടന്‍ വ്യവസായികളും ധനനഷ്ടത്തിന് പിന്നാലെ മാനഹാനിയും ഉണ്ടായ അവസ്ഥയിലാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തങ്ങളെ കാര്യമായി പരിഗണിക്കാത്തതും ഷെയറുടകളെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ഇനി ഒരുതരത്തിലുള്ള സാമ്പത്തിക സഹായവും നല്‍കേണ്ടതില്ലെന്ന നിലപാടിലുമാണവര്‍.

ഇതിനിടെ ചാനലിനെ സാമ്പത്തികമായി സഹായിക്കാന്‍ മുസ്ലീലീഗ് സംസ്ഥാന നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ജയ്ഹിന്ദിനെ യു.ഡി.എഫ് സംവിധാനത്തിന്റെ ഭാഗമാക്കുകയെന്ന നിര്‍ദ്ദേശമാണ് ലീഗ് നേതാക്കള്‍ മുന്നോട്ടു വച്ചിരിക്കുന്നത്. നിലവിലെ സംവിധാനങ്ങള്‍ മാറ്റണമെന്നും ചാനല്‍ തലപ്പത്തുള്ള വെള്ളാനകളെ പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

അതേസമയം നിരവധി ചാനല്‍ സംരംഭങ്ങളില്‍ കൈപൊള്ളിയ ലീഗ് ജയ്ഹിന്ദില്‍ തലവയ്ക്കുമോയെന്നും കാത്തിരുന്ന് കാണേണ്ടതാണ്. പാര്‍ട്ടി പത്രമായ ചന്ദ്രികയില്‍ ശമ്പളം മുടങ്ങിയത് പരിഹരിക്കാന്‍ പോലും അവര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

ഏതായാലും ഈ മാസം 23-ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകുമെന്നാണ് സൂചന. നിലവില്‍ ഒരുമാസമായി ശമ്പളം മുടങ്ങിയിരിക്കുകയാണ്. 15000 ല്‍ താഴെ ശമ്പളം പറ്റുന്നവര്‍ക്ക് ഈ മാസം ശമ്പളം നല്‍കിയത്. മറ്റുള്ളവരുടെ കാര്യത്തില്‍ ഈ മാസമെങ്കിലും തീരുമാനമുണ്ടാകുമോയെന്നും സംശയമാണ്.