എലത്തൂരിനെച്ചൊല്ലി ഡി.സി.സി ഓഫീസില്‍ കയ്യാങ്കളി; എം.കെ രാഘവന്‍ എം.പി ഇറങ്ങിപ്പോയി

കോഴിക്കോട്: എലത്തൂര്‍ സീറ്റ് എന്‍ സി കെയ്ക്ക് നല്‍കിയതിനെതിരെ ഡി.സി.സി ഓഫീസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യാങ്കളി. സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട സമവായ ചര്‍ച്ചക്കിടെയാണ് കയ്യാങ്കളി. ഇതിനെ തുടര്‍ന്ന് എം.കെ രാഘവന്‍ എം.പി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. എന്‍.സി.കെ സ്ഥാനാര്‍ഥി സുള്‍ഫിക്കര്‍ മയൂരിയെ അംഗീകരിക്കാനാവില്ലെന്ന് എം.കെ രാഘവന്‍ വ്യക്തമാക്കി.

നിലവില്‍ യു.ഡി.എഫില്‍ നിന്ന് മൂന്ന് സ്ഥാനാര്‍ഥികളാണ് എലത്തൂരില്‍ നിന്ന് നാമനിര്‍ദേശ പത്രിക നല്‍കിയിരിക്കുന്നത്‌. ഘടക കക്ഷികളായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള, ഭാരതീയ നാഷണല്‍ ജനത ദള്‍, കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം ദിനേശ് മണി എന്നിവരാണ് നാമനിര്‍ദേശ പത്രിക നല്‍കിയിരിക്കുന്നത്. പശ്‌നപരിഹാരത്തിനായി കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റ് കെ വി തോമസ് ചര്‍ച്ച നടത്തുന്നതിനിടെ സുള്‍ഫിക്കര്‍ മയൂരിയെ അംഗീകരിക്കണം എന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം മുന്നോട്ട് വെച്ചപ്പോഴാണ് യോഗത്തില്‍ തര്‍ക്കമുണ്ടായത്.

യോഗത്തിനിടെ ഇറങ്ങിപ്പോയ മുതിര്‍ന്ന നേതാവ് എം.കെ രാഘവന്‍ എം.പി സുള്‍ഫിക്കര്‍ മയൂരിയെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. ദിനേശ് മണിയുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍ എം.കെ രാഘവനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഉച്ചക്ക് ശേഷം മൂന്ന് സ്ഥാനാര്‍ഥികളെയും ഡി.സി.സി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.