ജയ്ഹിന്ദ്: ഹസന്‍ കോടികള്‍ കബളിപ്പിച്ചെന്ന് പ്രവാസി വ്യവസായി

ചാനല്‍ തലപ്പത്തെ തീവെട്ടികളെക്കാള്‍ വലിയ തട്ടിപ്പുകാരനായി എം.ഡി

വിവാദങ്ങള്‍ക്കിടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഡിസംബര്‍ 23ന്

-പി.എ. സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം : പ്രവാസി വ്യവസായികളായ കോണ്‍ഗ്രസുകാരിലെ ദേശീയ വികാരവും പാര്‍ട്ടി സ്നേഹവും ചൂഷണം ചെയ്ത് എം.എ ഹസന്‍റെ നേതൃത്വത്തില്‍ പടുത്തുയര്‍ത്തിയ ജയ്ഹിന്ദ് ടിവിയില്‍ തട്ടിപ്പിനും ചതിക്കും ഇരയായവരുടെ കണ്ണീരുണങ്ങുന്നില്ല.

‍ഡയറക്ടര്‍ ബോര്‍ഡ് യോഗം ഡിസംബര്‍ 23ന് നടക്കാനിരിക്കെ ദിവൈഫൈറിപ്പോര്‍ട്ടര്‍ പുറത്തുവിട്ട ജയ്ഹിന്ദിലെ തീവെട്ടിക്കൊള്ളക്കാരെക്കുറിച്ചുള്ള വാര്‍ത്തയ്ക്ക് പിന്നാലെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പുകഥകളാണ് പുറത്തുവരുന്നത്. ചാനലിന്‍റെ തലപ്പത്തുള്ള തീവെട്ടികളായ മേലാളന്‍മാരെയാണ് ദിവൈഫൈറിപ്പോര്‍ട്ടര്‍ തുറന്നു കാട്ടിയതെങ്കില്‍ എം.ഡിയും കെ.പി.സി.സി ഉപാധ്യക്ഷനുമായ എം.എം ഹസനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രവാസികളായ നിക്ഷേപകരില്‍നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത്. 

പാര്‍ട്ടിക്ക് വേണ്ടി എന്തും ചെയ്യാനുള്ള പ്രവാസികളുടെ മനസ്ഥിതി സമര്‍ഥമായി ചൂഷണം ചെയ്ത എം.എം ഹസന്‍ അവരെ കബളിപ്പിക്കുകയും ചതിക്കുകയും ചെയ്തെന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

ജയിംസ് കൂടല്‍
ജയിംസ് കൂടല്‍

കേരള പ്രവാസി ഡവലപ്മെന്‍റ് സൊസൈറ്റി മാനേജിംഗ് ഡയറക്ടറും കെ.പി.സി.സി.യുടെ വിദേശഘടകമായ ഒ.ഐ.സി.സി.യുടെ മുന്‍ ട്രഷററുമായ ജയിംസ് കൂടല്‍ എന്ന പ്രവാസി വ്യാവസായിയാണ് ഇപ്പോള്‍ ഹസന്‍ നടത്തിയ തട്ടിപ്പുകള്‍ സംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. ദിവൈഫൈറിപ്പോര്‍ട്ടര്‍ പുറത്തുവിട്ട ജയ്ഹിന്ദിലെ തട്ടിപ്പു സംബന്ധിച്ച വാര്‍ത്ത ഷെയര്‍ ചെയ്തതിനൊപ്പമാണ് ഹസനെതിരെ ജയിംസ് ഗുരുതര ആരോപണമുന്നയിച്ചിരിക്കുന്നത്.

താന്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ വിദേശത്ത് നിന്ന് പിരിച്ച് നല്‍കിയ കോടികള്‍ സംബന്ധിച്ച കണക്കോ രേഖകളോ ജയ്ഹിന്ദില്‍ ഇല്ലെന്നാണ് എം.എം ഹസനില്‍നിന്ന് ലഭിച്ച മറുപടിയെന്ന് ജയിംസ് കുറ്റപ്പെടുത്തുന്നു. ജയിംസ് സ്വന്തം പോക്കറ്റില്‍നിന്ന് നല്‍കിയ 15000 യു.എസ് ഡോളറിനും ഹസന്‍റെ പക്കല്‍ കണക്കില്ല. പണം വാങ്ങിയതൊക്കെ ഹസന് ഓര്‍മ്മയുണ്ടെങ്കിലും അതിന്‍റെ റെക്കോഡൊന്നും കാണുന്നില്ലല്ലോയെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ജയിംസ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നതാണ് ജയ്ഹിന്ദിലെ അവസ്ഥയെന്ന് ചാനലിലെ ഒരു ഡയറക്ടര്‍ ബോര്‍ഡ് അംഗവും വ്യക്തമാക്കുന്നു. ചാനലിന്‍റെ തലപ്പത്തുള്ള തീവെട്ടിക്കൊള്ളക്കാരെ സംരക്ഷിക്കുന്ന എം.ഡി അതിലും വലിയ തീവെട്ടിയാണെന്ന യാഥാര്‍ഥ്യമാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയുടെ പേരില്‍ കെട്ടിപ്പടുത്ത ചാനലിനെ ഹസന്‍ സ്വകാര്യ സ്വത്താക്കിയിരിക്കുകയാണ്. ഇത്തരം കൊള്ളക്കാരെ പുറത്താക്കി ചാനലില്‍ ശുദ്ധകലശം നടത്തണമെന്ന ആവശ്യം ഉന്നയിക്കുമെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പറയുന്നു.

ജയിംസ് കൂടല്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിന്‍റെ പൂര്‍ണരൂപം. 

jaihind-facebookഞാൻ ഉൾപ്പെടെയുള്ള വിദേശനാടുകളിൽ ജിവിക്കുന്ന കോൺഗ്രസിനെ സ്നേഹിക്കുന്ന പ്രവാസികൾ മുൻ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയുടെ നിർദേശപ്രകാരം കോടികണക്കിനു രൂപയാണു ഷെയർ ആയി ജെയ്ഹിന്ദ്‌ ചാനലിനു പ്രവാസി സുഹ്രുത്തുകളിൽ നിന്നും സ്വരുപിച്ച്‌ നൽകിയത്‌. ബഹ്‌റൈനിൽ ജെയ്‌ ഹിന്ദ്‌ ചാനൽ ബ്യുറോ തുടങ്ങുന്നതിനും നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നതിനും ഒരു കോൺഗസ്‌ പ്രവർത്തകനെന്ന നിലയിൽ ചിലവായതിന്റെ കണക്കുകൾ (ലക്ഷങ്ങളുടെ)പൊതുസമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്‌ വെക്തിപരമായി താൽപ്പര്യപെടാത്തതിനാൽ തൽക്കാലം അതിനു മുതിരുന്നില്ല. 

എം.എം.ഹസന്റെ നിർദേശപ്രകാരം 2009ൽ ദുബായിലെ E-Vision channel ൽ ജെയ്‌ ഹിന്ദ്‌ ടിവി ലിങ്ക്‌ ചെയ്യുന്ന ആവിശ്യത്തിന് ഞാൻ നൽകിയ പണമോ അതിന്റെ രേഖയോ ചോദ്യച്ചപ്പോൾ എനിക്ക്‌ ലഭിച്ച മറുപിടി ഒത്തിരി വേദനിപ്പിക്കുന്നതായിരുന്നു.
നമ്മുടെ നേതാവ്‌ പറഞ്ഞത്‌ ഇങ്ങനെ “കൊടുക്കാൻ പറഞ്ഞെന്നുള്ളതും ശരിയാണ് …ജെയിംസ്‌ കൊടുത്തനുള്ളതും ശരിയാണ് .ഇത്‌ ഒരു കമ്പനിയാല്ലേ ജെയിംസ്‌,ഇവിടെ ഓഫിസിൽ അതിന്റെ റെക്കർഡ്‌ ഒന്നും കാണുന്നില്ലല്ലോ ജെയിംസേ”
2015 ൽ എന്റെ ഉടമസ്ഥതയിലുള്ള ബഹ്‌റൈൻ ഫ്രഞ്ചെയിസി എന്റെ സുഹ്രുത്തിന്റെ പേരിൽ മാറ്റിനൽകണമെന്നു ഞാൻ ആവിശ്യപെട്ടപ്പോൾ ഡിപ്പോസിറ്റായി ഞാൻ നൽകിയ US Dollar 15000 ന്റെ കണക്കുകൾ ജെയ്ഹിന്ദ്‌ ടി വി ഓഫിസിൽ കാണുന്നില്ലെന്നാണ് ചാനലിലെ നമ്മുടെ ഉത്തരവാദിത്വപേട്ട നേതാവ്‌ പറഞ്ഞത്‌.(ഇതിന്റെ പേരിൽ എന്റെ അസാനിഗ്‌ദ്യത്തിൽ ബഹ്‌റൈനിലെ നമ്മുടെ ഗ്ളോബൽ നേതാവ്‌ നടത്തിയ ‘പണി’ ഈവസരത്തിൽ എന്റെ ബഹ്‌റൈൻ സുഹ്രത്തുക്കൾ ഓർക്കുന്നത്‌ നന്നായിരിക്കും).
ഫ്രാഞ്ചസിയുടെ കരാർ കോപ്പി കൊടുത്തപ്പോൾ പറഞ്ഞത്‌ അതിന്റെ ഒർജ്ജിനൽ രേഖകൾ ഓഫിസിൽ തപ്പിക്കൊണ്ടിരിക്കുകയാണെന്നാണ് .

ഞങ്ങളുടെ വാക്കുകൾ വിശ്വസിച്ചു ചെറുതും വലുതുമായി ജെയ്ഹിന്ദ്‌ ചാനലിൽ നിക്ഷേപം നടത്തിയവരെ സംരക്ഷിക്കുവാൻ കോൺഗ്രസ്‌ പാർട്ടിക്ക്‌ ബാധ്യതയുണ്ട്‌.കാരണം പാർട്ടി ചാനൽ എന്ന നിലയിൽ ആണ് സഹായിക്കാൻ മുന്നോട്ട്‌ വന്നത്‌.

ശ്രി.രമേശ്‌ ചെന്നിത്തല കഠിനാദ്ധാനം ചെയ്ത്‌ ശ്രി.ഉമ്മൻ ചാണ്ടിയുടെ പിന്തുണയോടുകൂടി ആരംഭിച്ച്‌ ജയ്‌ ഹിന്ദ്‌ ചാനലിനെ ഒരു വെള്ളാനയായി മാറ്റുവാൻ അനുവദിക്കരുത്‌. വർഷങ്ങളായി ഒരു സ്വകാര്യ സ്വത്ത്‌ പോലെ ജെയ് ഹിന്ദ്‌ ചാനലിനെ കൊണ്ടുനടക്കുന്നവരെ പുറത്താക്കി ശുദ്ധികലശം നടത്തി ചാനലിനെ സാമ്പത്തികമായി സഹായം നൽകിയവരുടെ ആശങ്ക അകറ്റണമെന്ന് കെ.പി.സി.സി പ്രസിഡന്റ്‌ ശ്രി . വി.എം. സുധിരനോട്‌ അഭ്യർത്ഥിക്കുന്നു.

#jaihindtv#kpcc#thewifireporter

ജയ്ഹിന്ദ് ടി.വി കോണ്‍ഗ്രസിലെ വെള്ളാനയോ