ടോം വട്ടക്കുഴിയെ സാംസ്‌കാരിക നായകന്മാര്‍ കൈയൊഴിഞ്ഞു

ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍ക്ക് ഒരേ മൗനം

സ്ഥിരം പ്രസ്താവന ഇറക്കുന്ന സാംസ്‌കാരിക നായകന്മാര്‍ എവിടെ ?

ഇടതുപക്ഷ മതേതര സംഘടനകളുടെ മൗനം ക്രൈസ്തവ സഭകളെ പേടിച്ചെന്ന് ആരോപണം. 

വോട്ടു ബാങ്കിനെ പേടിച്ച് ഇടതുപക്ഷത്തിനും മൗനം. 

– ശ്രീജിത്ത്. എസ് –

മലയാള മനോരമയുടെ പ്രസിദ്ധീകരണമായ ഭാഷാപോഷിണിയില്‍ നഗ്‌നയായ കന്യാസ്ത്രീയുടെ ചിത്രം വരച്ചതിന്റെ പേരില്‍ പെയിന്ററായ ടോം വട്ടക്കുഴി ജീവന് ഭീഷണി നേരിടുകയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് വായ്ത്താരി മുഴക്കുന്ന ഇടതുപക്ഷ കലാകാരന്മാരോ, സാഹിത്യകാരന്മാരോ, സാംസ്‌കാരിക നായകന്മാരോ ടോം വട്ടക്കുഴിയെ പിന്തുണച്ചു കൊണ്ട് ഇനിയും രംഗത്തു വന്നിട്ടില്ല. കത്തോലിക്ക സഭ വിശ്വാസികള്‍ സംസ്ഥാനത്തുടനീളം മനോരമയ്ക്കെതിരെ പ്രതിഷേധം വ്യാപകമാക്കിയിരിക്കുകയാണ്. ക്രൈസ്തവ വിശ്വാസത്തെ മനോരമ തകര്‍ത്തുവെന്നാരോപിച്ചു കൊണ്ടാണ് സഭയും വിശ്വാസികളും രംഗത്തെത്തിയിരിക്കുന്നത്. പത്രം കത്തിക്കലും ഏജന്‍സി നിര്‍ത്തിക്കലും പതിവായി കഴിഞ്ഞു.

വട്ടക്കുഴിയുടെ വിവാദ ചിത്രം ഭാഷാപോഷിണിയില്‍ നിന്നും മനോരമ പിന്‍വലിച്ചെങ്കിലും വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ചര്‍ച്ചകള്‍ എങ്ങും സജീവമാണ്. എന്നാല്‍ വട്ടക്കുഴിയുടെ ചിത്രത്തെ പിന്തുണക്കാന്‍ പുരോഗമന സാഹിത്യകാരന്മാരോ കലാകാരന്മാരോ ഇനിയും രംഗത്തെത്തിയിട്ടില്ല. പ്രസ്താവന കൊണ്ട് ഉപജീവനം കഴിക്കുന്ന സംസ്ഥാനത്തെ സ്ഥിരം ഇടതുപക്ഷ സാംസ്‌കാരിക നായകന്മാരോ വട്ടക്കുഴിയെ പിന്തുണച്ചു കൊണ്ട് രംഗത്തു വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എന്തിന് അധികം പറയുന്നു. പുരോഗമന പ്രസ്ഥാനം എന്ന് നടിക്കുന്ന സി.പി.എം പോലും വട്ടക്കുഴിയെ പിന്തുണച്ചു കൊണ്ട് വന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ആരും ക്രൈസ്തവ സഭയെ ശത്രുസ്ഥാനത്ത് ആക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്. സഭയോട് പരസ്യമായി ക്ഷമ പറഞ്ഞ് തടിയൂരാനും വട്ടക്കുഴി ശ്രമിക്കുന്നതായി അറിയുന്നുണ്ട്.

ഭാഷാപോഷിണിയുടെ ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ഗോപന്‍ ചിദംബരത്തിന്റെ നാടകത്തിന് ടോംവട്ടക്കുഴി വരച്ച ചിത്രമാണ് വിവാദമായത്. മാതാഹരിയുടെ ജീവിതത്തെ ആസ്പദമാക്കി ഗോപന്‍ എഴുതിയ നാടകത്തിനായി ഡാവിഞ്ചിയുടെ ‘അന്ത്യ അത്താഴ’ത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ടോം വട്ടക്കുഴി വരച്ച ചിത്രത്തില്‍ യേശുവിന് പകരം നഗ്‌നയായ ഒരു സ്ത്രീയും ചുറ്റും കന്യാസ്ത്രീകളും ഉള്‍പ്പെട്ട ചിത്രം വരച്ചത്. ‘ബോധപൂര്‍വ്വമല്ലെങ്കില്‍ തന്റെ വരകള്‍ പലപ്പോഴും ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുകയാണ്. ഒരു ആര്‍ട്ട് വര്‍ക്ക് എന്ന രീതിയില്‍ ആ ചിത്രത്തോട് സംവദിക്കാതെ റിലീജിയസ് ഐക്കണായി അതിനെ സമീപിക്കുന്നതാണ് കുഴപ്പം. വിഷ്വല്‍ ലിറ്ററസി ഇല്ലാത്തതിന്റെ കുഴപ്പമാണിതെല്ലാം. ചില ഭാഗത്തു നിന്ന് സമ്മര്‍ദ്ദങ്ങള്‍ വന്നതിനാല്‍ ചിത്രം പിന്‍വലിക്കുന്നതെന്നാണ് എനിക്ക് ലഭിച്ച വിശദീകരണം.

സംഭവത്തില്‍ ഞാന്‍ വല്ലാത്ത ഷോക്ക്ഡ് ആണ്. സംഭവിച്ചത് എന്താണെങ്കിലും നിര്‍ഭാഗ്യകരമായി. ഒരു ആര്‍ട്ടിസ്റ്റിന് ഫ്രീയായി വരയ്ക്കാനുള്ള സ്വാതന്ത്ര്യമാണ് നഷ്ടപ്പെടുന്നതെന്ന് ടോം വട്ടക്കുഴി മാധ്യമങ്ങളോട് പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുമ്പോള്‍ രോഷം പ്രകടിപ്പിക്കുന്ന ഇടതുപക്ഷവും മതേതരവാദികളും ദേശീയ മാധ്യമങ്ങളും ഒക്കെ വട്ടക്കുഴിയുടെ വിഷയത്തില്‍ നിശ്ശബ്ദരാണ്.

പ്രശസ്ത ചിത്രകാരനായ എം.എഫ്. ഹുസൈനെതിരെ സംഘപരിവാര്‍ സംഘടനകള്‍ ഭീഷണി ഉയര്‍ത്തിയ അതേ സാഹചര്യമാണ് വട്ടക്കുഴിയും നേരിടുന്നത്. നിരവധി ദേശീയ-അന്തര്‍ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ വട്ടക്കുഴിയെ പിന്തുണയ്ക്കാന്‍ കേരള ലളിതകലാ അക്കാദമിയോ മറ്റു സാംസ്‌കാരിക സംഘടനകളോ ഇനിയും രംഗത്തു വന്നിട്ടില്ല. സര്‍ക്കാരിന്റെയും സാംസ്‌കാരിക സംഘടനകളുടെയും മൗനം ഈ കലാകാരനെ ഏതാണ്ട് ഒറ്റപ്പെടുത്തിയ മട്ടാണ്.