ലീലാമ്മയുടെ ലീലാവിലാസങ്ങള്‍

സത്യത്തില്‍ ആരാണ് ഈ ലീലാമ്മ ?

ആറുപേരെ കല്യാണം കഴിച്ചിട്ടും ലീലാമ്മ ഈ പണി നിര്‍ത്തുന്നില്ല

സാരി മാറുംപോലെ ഭര്‍ത്താക്കന്‍മാരെ മാറ്റുന്നു

ലീലാമ്മയുടെ നാടെവിടെയെന്ന് കണ്ടുപിടിക്കാന്‍ പോലീസിന് ആകുന്നില്ല

ലീലാമ്മ വിധവയാണെന്ന് സര്‍ട്ടിഫിക്കറ്റ് കൊടുത്ത പുരോഹിതന്‍ ആര്?

കൊല്ലം: കല്യാണത്തട്ടിപ്പ് ഒരു കലയാക്കി മാറ്റിയ ലീലാമ്മ കേരള പോലീസിന് ഒരു തലവേദനയായി മാറുന്നു. കഴിഞ്ഞ ദിവസം ചവറ പോലീസ് അറസ്റ്റ് ചെയ്ത ലീലാമ്മയുടെ ഊരും പേരും കണ്ടെത്താന്‍ ആകാതെ കുഴങ്ങുകയാണ്. കോട്ടയം കഞ്ഞിക്കുഴി ദേവലോകം സ്വദേശിനി ആലീസ് ജോര്‍ജ്ജ് എന്ന ലീലാമ്മ (44)യെ പോലീസ് പിടിച്ചത് കല്യാണത്തട്ടപ്പിന്റെ പേരിലാണ്. നാലിലധികം വിവാഹം നിയമപരമായി കഴിക്കുകയും മറ്റ് ചില പുരുഷന്‍മാരെ വശീകരിച്ച് പണംതട്ടിയെടുത്ത് വരുന്നതിനിടെയിലാണ് ഇവര്‍ പിടിയിലായത്.

ഭര്‍ത്താവ് മരിച്ചുവെന്ന് കാണിച്ചുള്ള ഒരു ഇടവക വികാരിയുടെ വ്യാജക്കത്ത് തയ്യാറാക്കി വിശ്വസിപ്പിച്ചാണ് കൊട്ടാരക്കര സ്വദേശി ജോസ് പ്രകാശ്, കറ്റാനം സ്വദേശി ജെറോം ഡേവിഡ്, പത്മന കൊല്ലക സ്വദേശി കെ.എം. ജോസഫ് എന്നിവരെ വിവാഹം കഴിച്ച് പണം തട്ടിയെടുത്ത്.

ഭാര്യ മരിച്ചുപോയവരെയും ഭാര്യയുമായി പിണങ്ങിക്കഴിയുന്നവരെയും ബന്ധപ്പെട്ടാണ് ലീലാമ്മ വല വിരിക്കുന്നത്. ഭര്‍ത്താക്കന്‍മാരില്‍ നിന്നും പണംതട്ടിയെടുത്ത് മുങ്ങുകയാണ് പതിവ്. എതിര്‍ക്കുന്നവരെ ഇടിച്ച് പഞ്ഞിക്കിടും.

ലീലാമ്മ ജോര്‍ജെന്നും ചില സമയങ്ങളില്‍ ആലീസ് ജോര്‍ജ് എന്നും തരാ തരം മാറി മാറി അറിയപ്പെടുന്ന വിവാഹ തട്ടിപ്പുകാരിയുടെ ലീലകള്‍ കേട്ടാല്‍ ആരും അന്തംവിടും. വിവാഹ സ്വപ്നങ്ങള്‍ നല്‍കി കബളിപ്പിച്ച വമ്പത്തിക്കെതിരെ നാല് പേര്‍ മാത്രമാണ് പരാതിയുമായി രംഗത്ത് വന്നത്. ഭര്‍ത്താവ് മരിച്ചെന്ന പള്ളി വികാരിയുടെ കത്തും സഭയുടെ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുമായി പലയിടങ്ങളില്‍ കറങ്ങിയാണ് ലീലാമ്മ ഗള്‍ഫിലെത്തിയത്.

അവിടെവച്ചാണ് കൊട്ടാരക്കര സ്വദേശിയായ ഫിസിയോ തെറാപ്പിസ്റ്റ് ഡോ.ജോസ് പ്രകാശുമായി പരിചയപ്പെടുന്നത്. വര്‍ക്കി ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു ഡോക്ടര്‍. ആദ്യ ഭര്‍ത്താവ് തെന്‍മല സ്വദേശി പ്രജീഷ് മരിച്ചെന്നും ആ ബന്ധത്തില്‍ ‘ബാധ്യത’ യായി കുട്ടികളൊന്നുമില്ലെന്ന് പള്ളിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഡോക്ടറെ വലയിലാക്കിയത്. ഈ ബന്ധത്തില്‍ ഒരു പെണ്‍കുട്ടിയുണ്ടായി ഏകദേശം ഒരു വര്‍ഷത്തിന് ശേഷം ഡോക്ടറുടെ ഒന്നര കോടിയുമായി കടന്നു. അടുത്ത ഇരയെ കുടുക്കാനായിരുന്നു ഈ മുങ്ങല്‍. കായംകുളം കറ്റാനം സ്വദേശിയായ ജെറി ഡേവിഡായിരുന്നു അടുത്ത ഇര. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടില്‍ സ്വസ്ഥ ജീവിതം നയിച്ച് വരികയായിരുന്നു ജെറി ഡേവിഡ്.അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്ന 32 സെന്റ് സ്വന്തം പേരില്‍ എഴുതി വാങ്ങി.പുതിയ കാറും വാങ്ങിപ്പിച്ചു.കാര്‍ ഇപ്പോള്‍ എവിടെയെന്ന് പോലും വിവരമില്ല.സ്ഥലം പരമ രഹസ്യമായി ആര്‍ക്കോ വിറ്റതിന് ശേഷമാണ് മുങ്ങിയത്.ഇവിടെയും ചുരുങ്ങിയ കാലം മാത്രമായരുന്നു പൊറുതി.

ഈ വര്‍ഷം ഒക്ടോബറിലായിരുന്നു ചവറ കൊല്ലക സ്വദേശി കെ.എം.ജോസഫിനെ കല്യാണം കഴിച്ചത്. ആദ്യ നാളുകളില്‍ തന്നെ ജോസഫിന്റെ ആറര ലക്ഷം കൈക്കലാക്കി.തന്റെ ആദ്യ ബന്ധത്തില്‍ മൂന്ന് പെണ്‍മക്കളുള്ള കാര്യം തുറന്നു പറഞ്ഞ ലീലാമ്മ കുട്ടികള്‍ തങ്ങളുടെ സ്വകാര്യതയ്ക്ക് തടസ്സമായി ഇങ്ങോട്ട് വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. അവര്‍ മൂന്നിടത്തായി ഹോസ്റ്റലില്‍ കഴിയുകയാണെന്നും ഭര്‍ത്താവിനെ ധരിപ്പിച്ചു. നഴസിംഗ് കഴിഞ്ഞ മൂത്ത കുട്ടിക്ക് വിദേശത്ത് പോകാനെന്ന വ്യാജേന ആറര ലക്ഷം കൈക്കലാക്കി. ഇതിനിടെ ലീലാമ്മയുടെ സ്വകാര്യ രേഖകള്‍ പരിശോധിച്ച കെ.എം.ജോസഫിന് കിട്ടിയത് അലീസ് ജോര്‍ജെന്ന തിരിച്ചറിയല്‍ കാര്‍ഡ്.

പന്തികേട് മണത്ത ജോസഫ് മൂന്ന് പെണ്‍മക്കള്‍ ഇടയ്ക്കിടയ്ക് വീട്ടില്‍ വന്ന് ലീലാമ്മയുമായി നടത്തുന്ന യാത്രകള്‍ നിരീക്ഷിച്ചു. ചില കാര്യങ്ങള്‍ ജോസഫിന് മനസ്സിലായി. മൂത്തമകള്‍ വിവാഹിതയാണെന്ന് കണ്ടെത്തി. ഭര്‍ത്താവുമായി പിണങ്ങി കേസ് നടത്തുകയാണെന്ന് മനസ്സിലായി. മകളുടെ വിവാഹക്കാര്യം ഉള്‍പ്പടെ മറച്ചതോടെ ജോസഫിന്റെ സംശയങ്ങള്‍ ഇരട്ടിച്ചു. ലീലാമ്മയെയും മക്കളെയും നിരന്തരം നിരീക്ഷിച്ചു. ഹോസ്റ്റലിലാണെന്ന് പറഞ്ഞ രണ്ട് പെണ്‍മക്കളും കോട്ടയത്തെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ തൊട്ടടുത്തെ ഫ്‌ലാറ്റുകളില്‍ താമസിക്കുന്നുവെന്നും കണ്ടെത്തി. പെണ്‍കുട്ടികള്‍ക്കൊപ്പം മറ്റ് പലരും അവിടെയുണ്ടെന്ന് ജോസഫിന് മനസ്സിലായി.

ലീലാമ്മ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് അറിയാന്‍ അവര്‍ സ്വദേശമെന്ന് അവകാശപ്പെട്ട കുണ്ടറ കുഴിമതിക്കാട് എന്ന സ്ഥലത്ത് ജോസഫ് പോയി. ഫോട്ടോ കാണിച്ച് ക്രൈസ്തവ കുടുംബങ്ങളില്‍ കയറി ഇറങ്ങി. ആര്‍ക്കും അങ്ങനെയൊരാളെ അറിയില്ല.

വിധവയാണെന്ന് സാക്ഷ്യപ്പെടുത്തിയ ഇടവക സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും ബോധ്യമായി. സര്‍ട്ടിഫിക്കറ്റ് കൊടുത്ത പുരോഹിത കഥാപാത്രം ലീലാമ്മയുടെ സാങ്കല്‍പ്പിക സൃഷ്ടിയാണെന്നും മനസ്സിലായി. താന്‍ വലിയൊരു തട്ടിപ്പുകാരിയെയാണ് കല്യാണം കഴിച്ചതെന്ന് ബോധ്യമായ ജോസഫ് നേരെ ചവറ പൊലീസ് സ്റ്റേഷനിലെത്തി എസ്. ഐയെ കണ്ട് വിവരങ്ങള്‍ പറഞ്ഞു. ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 15 ന് ജോസഫിന്റെ വീട്ടില്‍ നിന്നും ലീലാമ്മയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തപ്പോള്‍ ലീലാമ്മ മെനഞ്ഞ കഥകള്‍ ഒന്നൊന്നായി പൊളിഞ്ഞു.

അദ്ധ്യാപികയായിരുന്ന ഭാര്യ കാന്‍സര്‍ ബാധിച്ച് അകാല ചരമമടഞ്ഞപ്പോള്‍ പക്വതയാകാത്ത രണ്ട് കുട്ടികള്‍ക്ക് ഒരു അമ്മയുടെ സാമിപ്യമാകുമെന്ന് കരുതിയാണ് ലീലാമ്മയെ വൈവാഹിക പംക്തിയിലൂടെ കണ്ടെത്തി വിവാഹം ചെയ്തതെന്ന് ജോസഫ് പറഞ്ഞു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായജോസഫിന്റെ മൂത്ത മകന്‍ ലീലാമ്മയില്‍ നിന്ന് ആദ്യമേ അകന്നു. ഏഴാം ക്ലാസുകാരനായ ഇളയ മകന്‍ ഇവരുടെ ചില കള്ളത്തരങ്ങള്‍ കണ്ടു പിടിച്ചു.ഇതോടെ ലീലാമ്മയുടെ കണ്ണിലെ കരടായ ഇളയ കുട്ടിയെ ബോര്‍ഡിങ്ങിലാക്കണമെന്ന് ലീലാമ്മ ആവശ്യപ്പെട്ടെങ്കിലും ജോസഫ് വഴങ്ങിയില്ല.

ലീലാമ്മയുടെ അറസ്റ്റ് വാര്‍ത്ത അറിഞ്ഞാണ് അങ്കമാലി സ്വദേശി ജോണ്‍ ആന്റോ ചവറ പൊലീസിനെ സമീപിച്ചത്. അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത് മറ്റൊരു കദന കഥയായിരുന്നു.ലീലാമ്മയുടെ മൂത്ത മകളെ കൊട്ടാരക്കാരനായ ഒരു കേരള കോണ്‍ഗ്രസ് നേതാവാണ് വിവാഹം കഴിച്ചത്. എന്തോ കാരണങ്ങള്‍ കൊണ്ട് ആ ബന്ധം നീണ്ടു പോയില്ല. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ആ പെണ്‍കുട്ടിയെ ജോണ്‍ ആന്റോ കല്യാണം കഴിച്ചു. സാമ്ബ്രദായിക മാര്‍ഗ്ഗത്തിലല്ലാത്ത ഒരു വിവാഹമായിരുന്നു അത്.’ ലിവിംഗ് ടുഗെദര്‍’ എന്നു പറയാം. ലീലാമ്മ മുന്‍കൈയ്യെടുത്തായിരുന്നു ഇത് നടത്തിയത്. അമ്മയും മകളും ചേര്‍ന്ന് ഊറ്റാവുന്നതിന്റെ പരമാവധി ഊറ്റിയ ശേഷം അദ്ദേഹത്തിനെ ഒരു നാള്‍ ഒഴിവാക്കി. അമ്മയും മകളും പൊടുന്നനെ മുങ്ങി.

ലീലാമ്മയും മകളും അവരുടെ ഒരു ബന്ധു വീട്ടില്‍ ഉണ്ടെന്ന് അറിഞ്ഞ് ഫോണില്‍ വിളിച്ചപ്പോള്‍ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്ന് പറഞ്ഞു ജോണ്‍ ആന്റോയെ അവിടെ വിളിച്ച് വരുത്തി.കയറു കൊണ്ടു കെട്ടിയിട്ട് ഭീകരമായി മര്‍ദ്ദിച്ചു. കൈയിലുണ്ടായിരുന്ന വില കൂടിയ വാച്ചും സ്വര്‍ണ്ണവും പണവും അപഹരിച്ച ശേഷം കള്ളക്കേസില്‍ കുടുക്കി പൊലീസില്‍ ഏല്‍പ്പിച്ചു. ലീലാമ്മയുടെ മൂത്ത മകളെ ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു കേസ്. കുറെ നാളായി’ ലിവിംഗ് ടു ഗെദര്‍ ‘ആയിരുന്നു എന്ന ജോണ്‍ ആന്റോയുടെ വാദമുഖമൊന്നും നില നിന്നില്ല.പൊലീസ് ജയിലിലടച്ചു.ഈ സംഭവത്തിലും കേസെടുത്ത ചവറ പൊലീസ് കേസ് അങ്കമാലി പൊലീസിന് കൈമാറും. മരുമകനെതിരെ14കേസ് കൊടുത്തതില്‍ 13 ലും മരുമകന്‍ ജയിച്ചു.കാരണം ഒറ്റ കേസിലും ലീലാമ്മയും മകളും ഹാജരായില്ല. ഒരു കേസില്‍ വിധി വരാനിരിക്കുകയാണ്.

തട്ടിപ്പിന്റെ റാണിയായ ലീലാമ്മയ്ക്ക് കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പേരിനൊപ്പെം സ്ഥലപ്പേര് ചേര്‍ത്തിട്ടുള്ള ഒരു കോണ്‍ഗ്രസ് നേതാവാണ് സഹായിയായി നിന്നതെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു.ഇത്രയും നാള്‍ വിലസി നടന്നത് ആ പിന്‍ബലത്തിലാണെന്നും അവര്‍ പറയുന്നു. ആദ്യ ഭര്‍ത്താവ് തെന്‍മല സ്വദേശി പ്രജീഷിനെ കുറിച്ച് വിവരമൊന്നുമില്ലെന്ന് ലീലാമ്മ പറയുന്നത് അപ്പടി വിശ്വസിക്കാനും പൊലീസ് തയ്യാറല്ല.പ്രജീഷിനെ ഏതെങ്കിലും സാഹചര്യത്തില്‍ അപായപ്പെടുത്തിയോ എന്ന് വരെ പൊലീസ് സംശയിക്കുന്നു. ലീലാമ്മയ്ക്ക് രണ്ട് സഹോദരങ്ങളുണ്ടത്രേ. അവര്‍ മരിച്ചെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. വൈവാഹിക പംക്തിയില്‍ പരസ്യം ചെയ്യുന്ന വിഭാര്യന്‍മാരും നിയമപരമായി വിവാഹ ബന്ധങ്ങള്‍ വേര്‍പ്പെടുത്തിയവരുമായിരുന്നു ലീലാമ്മയുടെ ഇരകള്‍.

വിവാഹ തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത സ്ത്രീ അറസ്റ്റില്‍