ക്രിസ്മസിന് പണം കൊയ്യാന്‍ അന്യഭാഷാ ചിത്രങ്ങളെത്തി

 

മലയാള സിനിമാ മേഖല തമ്മിലടിയില്‍ 

-ക്രിസ്റ്റഫര്‍ പെരേര-

തിരുവനന്തപുരം: പ്രമുഖ മലയാള ചിത്രങ്ങള്‍ റിലീസിംഗ് മാറ്റിവെച്ചതോടെ കാശുവാരാന്‍ അന്യഭാഷാ ചിത്രങ്ങളെത്തി. ആമിര്‍ഖാന്റെ ചിത്രമായ ഡംഗലും വിശാല്‍ നായകനായ തമിഴ്ചിത്രം കത്തിസണ്ടൈയുമാണ് ഇന്നലെ തിയറ്ററുകളിലെത്തിയത്. മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ സല്‍മാന്‍- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിന്റെ ജോമോന്റെ സുവിശേഷങ്ങള്‍, ജയസൂര്യ- സിദ്ദീഖ് ടീമിന്റെ ഫുക്രി എന്നീ ചിത്രങ്ങള്‍ ക്രിസ്മസിന് തിയറ്ററില്‍ എത്താന്‍ തയാറായിരുന്നു.

എന്നാല്‍ തിയറ്റര്‍ ഉടമകളും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കമാണ് പുതിയ ചിത്രങ്ങളുടെ വരവ് മുടക്കിയത്. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന മലയാള ചിത്രങ്ങള്‍ കൂടി തിയറ്ററില്‍നിന്ന് പിന്‍വലിക്കാനുള്ള നീക്കം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. പുലിമുരുകന്‍ എന്ന മോഹന്‍ലാല്‍ ചിത്രം 125 കോടി രൂപയിലധികം നേടി വിജയം ആഘോഷിക്കുന്ന വേളയില്‍ തന്നെയാണ് സിനിമാക്കാര്‍ പരസ്പരം പോരടിച്ച് സ്വയം കുഴി തോണ്ടുന്നതെന്നതും ശ്രദ്ധേയമാണ്.

തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിന്ന് നിര്‍മാതാക്കളുടെ സംഘടന പിന്മാറിയിരുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതിനാലാണിത്. തീരുമാനം അന്യഭാഷാ ചിത്രങ്ങള്‍ക്ക് ഗുണകരമാകുമെന്ന വിലയിരുത്തലും സംഘടനക്കുണ്ട്. തിയറ്റര്‍ ഉടമകളുമായി വരുമാന വിഹിതം പങ്കുവെക്കുന്നതിലെ തര്‍ക്കത്തെ തുടര്‍ന്ന് ക്രിസ്മസിന് സിനിമകള്‍ റിലീസ് ചെയ്യേണ്ടെന്ന് ഇവര്‍ തീരുമാനിച്ചിരുന്നു. ഇതിന് പുറമെയാണ് മുഴുവന്‍ മലയാള ചിത്രങ്ങളും തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കുമെന്ന് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് തല്‍ക്കാലം വേണ്ടെന്നാണ് വ്യാഴാഴ്ച ചേര്‍ന്ന നിര്‍മാതാക്കളുടെ സംഘടനയുടെ യോഗതീരുമാനം. ഇതോടെ ക്രിസ്മസിന് മോഹന്‍ലാലിന്റെ പുലിമുരുകന്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങള്‍ തിയറ്ററിലുണ്ടാകും.

സിനിമാ ടിക്കറ്റില്‍ തങ്ങളുടെവിഹിതം കൂട്ടണമെന്ന് തിയറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടതാണ് സമരത്തിനു കാരണം. 110 രൂപയുടെ ഒരു ടിക്കറ്റില്‍ മൂന്നു രൂപ ക്ഷേമനിധിയായും രണ്ടു രൂപ തിയറ്റര്‍ ഉടമക്കുള്ള സര്‍വീസ് ചാര്‍ജായും പോകും. ബാക്കി 105 രൂപ. ഇതില്‍ 21 രൂപ കോര്‍പറേഷന്‍ നികുതി ഇനത്തില്‍ പോകും. ബാക്കി 84 രൂപയാണ് വിതരണക്കാരനും തിയറ്റര്‍ ഉടമയും കൂടി വീതിച്ച് എടുക്കേണ്ടത്. കോര്‍പറേഷനില്‍ 25 ശതമാനമാണ് നികുതി. ഇത് മുനിസിപ്പാലിറ്റിയില്‍ 20 ശതമാനവും ഗ്രാമപഞ്ചായത്തില്‍ 15 ശതമാനവുമാണ്. സിനിമ ഇറങ്ങുന്ന ആദ്യത്തെ ആഴ്ച 84 രൂപയുടെ 60 ശതമാനം (50.40 രൂപ) വിതരണക്കാരനും 40 ശതമാനം (33.60) തിയറ്റര്‍ ഉടമക്കുമാണ്. രണ്ടാമത്തെ ആഴ്ചയില്‍ വിതരണക്കാരന് 55 ശതമാനവും തിയറ്റര്‍ ഉടമയ്ക്ക് 45 ശതമാനവും ലഭിക്കും.

മൂന്നാമത്തെ ആഴ്ചമുതല്‍ രണ്ടുകൂട്ടര്‍ക്കും 50 ശതമാനം വീതമാകും വിഹിതം. ഇത് 2003ല്‍ അംഗീകരിച്ച വ്യവസ്ഥയാണ്. ഇതില്‍ മാറ്റം വരുത്തി ആദ്യത്തെ ആഴ്ച മുതല്‍ തങ്ങളുടെ വിഹിതം 50 ശതമാനമായി വര്‍ധിപ്പിക്കണമെന്നാണ് തിയറ്റര്‍ ഉടമകളുടെ ആവശ്യം. അതായത് 10 ശതമാനം വര്‍ധന. ഇതില്‍ തിയറ്റര്‍ ഉടമകള്‍ തന്നെ രണ്ട് സംഘടനയാണ്. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും സിനി എക്‌സിബിറ്റേഴ്‌സും. ഇതില്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനാണ് കടുത്ത നിലപാടില്‍ നില്‍ക്കുന്നത്.