തുടങ്ങും മുമ്പേ കോട്ടയം ഡി.സി.സി യോഗത്തില്‍ അടി

കയ്യാങ്കളിയോളമെത്തിയ യോഗം പാതിവഴിയില്‍ പിരിഞ്ഞു

എ ഗ്രൂപ്പിന്റെ തട്ടകത്തില്‍ ഗ്രൂപ്പ് പോരിന് ഒരു കുറവുമില്ല

-പി.എ. സക്കീര്‍ ഹുസൈന്‍-

കോട്ടയം: കോണ്‍ഗ്രസിലെ ഗ്രൂപ്പുകളി നിയന്ത്രിക്കാന്‍ ഡി.സി.സി പുനസംഘടന സഹായിക്കുമെന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെയും ഒരു വിഭാഗം നേതാക്കളുടെയും പ്രതീക്ഷകള്‍ സ്വപ്‌നമായി തന്നെ ശേഷിക്കുമെന്ന സൂചന നല്‍കി ഗ്രൂപ്പ് പോര് ശക്തമാകുന്നു. പുനസംഘടനയെ ചൊല്ലിയുണ്ടായ അതൃപ്തിയെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് പിന്നാലെ അദേഹത്തിന്റെ തട്ടകമായ കോട്ടയത്തുനിന്നാണ് ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര്‍വിളി ആദ്യം നടന്നത്.

പുതിയ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനായി ജോഷി ഫിലിപ്പ് അധികാരമേറ്റ ശേഷം ചേര്‍ന്ന ആദ്യ യോഗം തന്നെ ഗ്രൂപ്പ് കലഹത്തെ തുടര്‍ന്ന് അടിച്ചു പിരിഞ്ഞു. ഇന്നലെ രാവിലെ 11 മണിക്കായിരുന്നു യോഗം. പുതിയ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച യോഗത്തിന്റെ തുടക്കം തന്നെ കല്ലുകടിയിലായിരുന്നു. സ്വാഗത പ്രസംഗത്തിന് ശേഷം സംസാരിക്കാന്‍ എഴുന്നേറ്റ ഒരു ഡി.സി.സി സെക്രട്ടറിയാണ് വിവാദത്തിന് തിരികൊളുത്തിയത്. മുന്‍ മന്ത്രിയും ഇപ്പോള്‍ എം.എല്‍.എയുമായ കെ.സി ജോസഫ് ഡി.സി.സി പ്രസിഡന്റായിരിക്കെ നടത്തിയ ഫണ്ട് പിരിവിനെ കുറിച്ച് പറഞ്ഞത് എ ഗ്രൂപ്പ് ശക്തമായി എതിര്‍ത്തു. ഇതോടെ കടുത്ത ബഹളം തുടങ്ങുകയായിരുന്നു.

അന്നത്തെ പിരിവിനെപ്പറ്റി അന്വേഷിക്കണമെന്ന് ഒരു വിഭാഗം വാദിച്ചതോടെ ഡി.സി.സി പ്രസിഡന്റ് മറുപടി പറയാന്‍ എഴുന്നേറ്റു. തന്നെ പ്രസിഡന്റാക്കിയത് എ ഗ്രൂപ്പാണെന്നും, തനിക്ക് ഗ്രൂപ്പിനോട് പ്രതിബദ്ധത ഉണ്ടെന്നും ജോഷി ഫിലിപ്പ് പറഞ്ഞു. അതു കൊണ്ടു തന്നെ എ ഗ്രൂപ്പിന് പ്രാധാന്യം നല്‍കുമെന്ന നിലപാടും ജോഷി വ്യക്തമാക്കി. ഇതോടെ പ്രതിഷേധവുമായി എഴുന്നേറ്റ ജോസഫ് വാഴയ്ക്കന്‍ പ്രസിഡന്റിനെ തീരുമാനിച്ചത് ഹൈക്കമാന്‍ഡാണെന്നും ഗ്രൂപ്പ് കളി അനുവദിക്കില്ലെന്നും പറഞ്ഞു. തുടര്‍ന്ന് ഇരുവിഭാഗവും ബഹളം തുടങ്ങി. ബഹളം കയ്യാങ്കളിയിലേക്ക് നീങ്ങുമെന്ന് ഉറപ്പായതോടെ യോഗം പിരിയുകയായിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ജോഷി ഫിലിപ്പിന്റെ പ്രകടനത്തില്‍ ഒരു വിഭാഗത്തിന്ന് പ്രതിഷേധമുണ്ട്. അടുത്ത കമ്മറ്റിയില്‍ ചില ആക്ഷേപങ്ങള്‍ ഉന്നയിക്കാനും ഇവര്‍ പദ്ധതിയിടുന്നുണ്ട്. അതേ സമയം അടുത്ത യോഗം എന്നു നടത്തണമെന്ന് തീരുമാനിച്ചിട്ടില്ല.
നേരത്തെ ജോഷി ഫിലിപ്പിന്റെ സ്ഥാനാരോഹണത്തില്‍ നിന്നു ഉമ്മന്‍ ചാണ്ടി വിട്ടു നിന്നത് വിവാദമായിരുന്നു. പ്രസിഡന്റ് പുനസംഘടനയെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി പരിപാടികളില്‍ നിന്ന് വിട്ടുനിന്നിരുന്നത്.
തുടര്‍ന്ന് ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമാക്കാന്‍ എ ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ തുടക്കമാണ് കോട്ടയത്തെ ഈ പരസ്യ പോരെന്നാണ് സൂചന.