സംശയരോഗിയായ ഭര്‍ത്താവ് അജിമോളെ കൊന്നത് ബാഗിന്റെ വള്ളി കഴുത്തില്‍ മുറുക്കി

രാജകുമാരി: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ ബാഗിന്റെ വള്ളി വരിഞ്ഞു മുറുക്കി കൊലപ്പെടുത്തിയ ശേഷം അടിമാലിയില്‍ എത്തി പോലീസില്‍ കീഴടങ്ങി. പൂപ്പാറയ്ക്ക് സമീപം മുള്ളന്‍തണ്ടില്‍ വലിയകുന്നേല്‍ അജിമോള്‍ (28) ആണു ഇന്നലെ വെളുപ്പിനു മരിച്ചത്. രാവിലെ 10 മണിയോടെ ഭര്‍ത്താവ് ബൈജു അടിമാലി പോലീസിനു മുന്നില്‍ സ്വയം കീഴടങ്ങി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, അഞ്ചു വര്‍ഷം മുന്‍പാണു അടിമാലി കത്തിപ്പാറ പറയാനിക്കല്‍ അജിമോളുടെയും ബൈജുവിന്റെയും വിവാഹം നടന്നത്. മൂന്നര വയസുള്ള ഒരു കുട്ടിയുണ്ട്. മൂന്നു വര്‍ഷമായി ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നു.

ഏതാനും നാളായി ബൈജു കോഴിക്കോട് സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കായി പോകുകയും ഭാര്യയെ കത്തിപ്പാറയിലെ സ്വന്തം വീട്ടിലേക്ക് അയക്കുകയും ചെയ്തു. ക്രിസ്തുമസ് അവധിക്ക് നാട്ടിലെത്തിയ ബൈജു അജിമോളെയും കുട്ടിയെയും കൂട്ടിക്കൊണ്ട് മുള്ളന്തണ്ടിലെ വീട്ടിലെത്തി.

25 നു രാത്രി തൊട്ടടുത്തുതന്നെ താമസിക്കുന്ന സഹോദരന്‍ ജോര്‍ജിനും മറ്റുള്ളവര്‍ക്കുമൊപ്പം കരോള്‍ സംഘത്തിനൊപ്പം പോയി. മാതാവ് ഏലിക്കുട്ടി ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നു. രാത്രി വൈകി കരോള്‍ കഴിഞ്ഞ് എത്തിയതിനു ശേഷം പുലര്‍ച്ച് ഭാര്യയുമായി വഴക്കിടുകയും, ഷോള്‍ഡര്‍ ബാഗിന്റെ വള്ളി കഴുത്തില്‍ ചുറ്റി വരിഞ്ഞു മുറുക്കി കൊലപ്പെടുത്തുകയാണുണ്ടായത്. മരിച്ചുവെന്ന് ഉറപ്പാക്കിയശേഷം അടുത്തുള്ള സഹോദരി ലാലിയുടെ വീട്ടിലെത്തി അജിമോള്‍ വയര്‍ വേദന ആയതുകൊണ്ട് കിടക്കുകയാണെന്നും, താന്‍ ഒരുവഴി പോകുകയാണെന്നും അറിയിച്ചു. ഇയാള്‍ നേരെ പോയത് അടിമാലി സര്‍ക്കിള്‍ ഓഫീസിലേയ്ക്കായിരുന്നു.

ഏറെ സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെത്തുടര്‍ന്ന് ലാലി അന്വേഷിച്ച് ചെന്നപ്പോള്‍ അജിമോളെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ഇവര്‍ ഉടന്‍ തന്നെ മറ്റുള്ളവരെ വിവരം അറിയിക്കുകയും, ബൈജുവിനെ ഫോണില്‍ വിളിക്കുകയും ചെയ്തു.  ഈ സമയം ഇയാള്‍ അടിമാലി പോലീസ് സേ്റ്റഷനില്‍ എത്തി മൊഴി നല്‍കുകയായിരുന്നു.

അറസ്റ്റ് ചെയ്ത ഇയാളെ ശാന്തന്‍പാറ പോലീസിനു കൈമാറി. ദേവികുളം സി.ഐ സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.