ഉമ്മന്‍ ചാണ്ടിക്കു വേണ്ടി അങ്കം കുറിച്ച് കെ മുരളീധരന്‍

ഇനി ഗ്രൂപ്പ് പോര് തെരുവിലും ചാനലിലും

നിസഹായരായി കെ.പി.സി.സി നേതൃത്വം

ഹൈക്കമാന്‍ഡ് തീട്ടുരങ്ങള്‍ക്ക് പുല്ലുവില

ദേശീയവേദി പുനരുജ്ജീവിപ്പിക്കാന്‍ എ ഗ്രൂപ്പ് നീക്കം

പോരുകോഴിയായി ഉണ്ണിത്താന്‍ ഇറങ്ങിയെങ്കിലും ഉരുളയ്ക്ക് ഉപ്പേരി നല്‍കി മുരളി

ഉണ്ണിത്താനെതിരെ കെസി ജോസഫിന്റെ പരാതി 

 

-പി.എ. സക്കീര്‍ഹുസൈന്‍-

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരായ ഉമ്മന്‍ ചാണ്ടിയുടെയും എ ഗ്രൂപ്പിന്റെയും പടയൊരുക്കത്തിന്  കെ മുരളീധരന്‍ അമരക്കാരനായതോടെ  സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ശക്തമാകുന്നു.

കെ.കരുണാകരന്‍- എ.കെ ആന്റണി ഗ്രൂപ്പ് യുദ്ധത്തിന് സമാനമായ സാഹചര്യത്തിനാണ് ഇന്നലെ ഒരൊറ്റദിനം കൊണ്ട് കെ മുരളീധരന്‍ തുടക്കമിട്ടത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനും വി.എം സുധീരനുമെതിരെ ആഞ്ഞടിച്ച കെ മുരളീധരന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുത്തെന്ന സൂചനയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നത്. സി.പി.എമ്മിനും ഇടത് രാഷ്ട്രീയത്തിനുമെതിരെ കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ കെ കരുണാകരന്‍ വളര്‍ത്തിക്കൊണ്ടു വന്ന കമ്മ്യൂണിസ്റ്റ് വിരോധം ആളിക്കത്തിച്ച് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെ സംസ്ഥാന നേതൃത്വത്തിനെതിരാക്കുകയെന്ന ശൈലിയാണ് കെ മുരളീധരന്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം നിര്‍ജ്ജീവമാണെന്നും പ്രതിപക്ഷവും ഭരണപക്ഷവുമൊക്കെ സി.പി.എം തന്നെയാണെന്നാണ് കോഴിക്കോട് സംഘടിപ്പിച്ച കെ കരുണാകരന്‍ അനുസ്മരണ സമ്മേളനത്തില്‍ മുരളി തുറന്നടിച്ചത്. മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്രകടനം നടത്തുന്‌പോള്‍ പക്വത കാണിക്കണമെന്ന പ്രസ്താവനയുമായി കെ.പി.സി.സി ഉപാധ്യക്ഷനായ വി.ഡി സതീശന്‍ എം.എല്‍എ രംഗത്തെത്തിയെങ്കിലും തന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന പ്രതികരണമാണ് മുരളിയില്‍ നിന്നുണ്ടായത്.

ഇതിനിടെ ഘടകകക്ഷിനേതാക്കളായ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ജോണിനെല്ലൂര്‍ എന്നിവരും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തിരിഞ്ഞതും മുരളിയുടെ പ്രതികരണം ശരി വച്ചതും ഉമ്മന്‍ ചാണ്ടി പക്ഷത്തിന് കരുത്ത് നല്‍കുന്നതാണ്.

കെ.മുരളീധരന്റെ സാന്നിധ്യവും പരസ്യപ്രതികരണങ്ങളും എ ഗ്രൂപ്പ് ക്യാമ്പിനെ ആവേശത്തിലാക്കിയപ്പോള്‍ സുധീരന്‍-ചെന്നിത്തല ഗ്രൂപ്പ് നേതാക്കള്‍ അസ്വസ്ഥതയിലാണ്. സുധീരന് വേണ്ടി ഇന്നലെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കളത്തിലിറങ്ങി പ്രതിരോധം തീര്‍ത്തെങ്കിലും കാര്യമായ ഗുണമുണ്ടായിട്ടില്ലെന്ന വിലയിരുത്തലിലാണ് നേതാക്കള്‍ക്കിടയിലുള്ളത്. കെ.കരുണാകരന്റെ അവസ്ഥ ഉമ്മന്‍ ചാണ്ടിക്കുണ്ടാകുമെന്ന തരത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍  ഇന്നലെ ചാനല്‍ചര്‍ച്ചയ്ക്കിടെ പറഞ്ഞത് നിലവിലെ അഭിപ്രായഭിന്നത ഗുരുതരമാക്കിയെന്ന വിലയിരുത്തലിലാണ് സുധീര പക്ഷത്തെ നേതാക്കള്‍.

ഉണ്ണിത്താനെ കയറൂരിവിടുന്നത് നിയന്ത്രിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളായേക്കുമെന്ന നിലപാടാണ് ചെന്നിത്തല പക്ഷത്തെ നേതാക്കള്‍ക്കുമുള്ളത്. കെ.പി.സി.സി വക്താവെന്ന നിലയില്‍ ഉണ്ണിത്താന്റെ പരമാമര്‍ശം കെ.പി.സി.സിയുടെ ഔദ്യോഗിക പ്രതികരണമാണോയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കെ.സി ജോസഫ് വി.എം സുധീരന് പരാതിയും നല്‍കി. വീട്ടുകാര്‍ സംസാരിക്കുന്നതിനിടെ അടുക്കളക്കാരന്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് ഉണ്ണിത്താനെ ഇന്ന് മുരളീധരന്‍ പരിഹസിക്കുകയും ചെയ്തു.

പാര്‍ട്ടി സംവിധാനത്തില്‍ നിന്നുകൊണ്ട് എ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന പരിപാടികളില്‍ തനിക്ക് പകരക്കാരനായി കെ മുരളീധരനെ പങ്കെടുപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് ജില്ലാതലങ്ങളിലെ നേതാക്കള്‍ക്ക് ഉമ്മന്‍ ചാണ്ടി നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്ന് പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചിന്റെ ഉദ്ഘാടകനായി കെ മുരളീധരനെ നിശ്ചയിച്ചത്.  ഉമ്മന്‍ ചാണ്ടിയുടെ നീക്കങ്ങള്‍ക്ക് പിന്തുണ അറിയിച്ച് കെ സുധാകരനും രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ സുധാകരന്‍ കൂടി പരസ്യനിലപാട് സ്വീകരിക്കുന്നതോടെ സംസ്ഥാന കോണ്‍ഗ്രസിലെ ഉള്‍പ്പോര് കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തല്‍.

എഗ്രൂപ്പില്‍ ജനപിന്തുണയുള്ള രണ്ടാംനിര നേതാക്കളില്ലാത്തതാണ് കെ മുരളീധരനെ തന്റെ പാളയത്തിലെത്തിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ പ്രേരിപ്പിച്ചത്. ഒരുഘട്ടത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ പോലും ഉമ്മന്‍ ചാണ്ടി ആലോചിച്ചിരുന്നതാണ്. എന്നാല്‍ തിരുവഞ്ചൂരിന്റെ മലക്കം മറിച്ചിലുകളും സോളാര്‍ കേസിലെ സംശയാസ്പദ ഇടപെടലുകളും ഇനിയും ഉണ്ടായേക്കാമെന്ന് ഗ്രൂപ്പ് നേതാക്കള്‍ നല്‍കിയ മുന്നറിയിപ്പാണ് ഉമ്മന്‍ ചാണ്ടിയെ ഇതില്‍നിന്ന് പിന്തിരിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ബന്നി ബഹ്നാനെ നേതൃനിരയിലേക്കെത്തിക്കാന്‍ ആലോചിച്ചിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനവും വിശ്വാസ്യതയുമുള്ള നേതാവാണെങ്കിലും ഏറെ പ്രവര്‍ത്തകരുള്ള മുന്നോക്ക ഹിന്ദു സമുദായങ്ങളില്‍നിന്ന് എതിര്‍പ്പുയര്‍ന്നേക്കുമെന്ന ഭയമാണ് എ ഗ്രൂപ്പ് നേതൃത്വത്തെ ഇതില്‍നിന്ന് പിന്തിരിപ്പിച്ചത്. അതേസമയം പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടിലും നിര്‍ജ്ജീവാവസ്ഥയിലും മനംമടുത്ത് ബി.ജെ.പിയിലേക്ക് ചേക്കേറിയ പ്രവര്‍ത്തകരെ കെ മുരളീധരന്‍ ഗ്രൂപ്പ് നേതൃത്വത്തിലെത്തിയതോടെ  ആകര്‍ഷിക്കാനാകുമെന്ന വിലയിരുത്തലിലാണ് നേതാക്കള്‍.

സുധീരനെതിരായ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി എ ഗ്രൂപ്പ് നേതാക്കള്‍ ദേശീയവേദി പോലെ പ്രത്യേക ഫോറം രൂപീകരിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഗ്രൂപ്പ് പോര് മൂര്‍ച്ചിച്ച 1993-ല്‍ സംഘടാനാ തെരഞ്ഞെടുപ്പിന് ശേഷം എ ഗ്രൂപ്പ് ചെറിയാന്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ ദേശീയവേദി എന്ന ഫോറം രൂപീകരിച്ചിരുന്നു.

ഈ ഫോറം സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുത്താണ് അന്ന് എ ഗ്രൂപ്പ് നേതാക്കള്‍ നേതാക്കള്‍ നേതൃത്വലത്തിനെതിരെ ആഞ്ഞടിച്ചത്. ഇതേ രീതിയിലുള്ള ഫോറത്തെ കുറിച്ചാണ് എ ഗ്രൂപ്പ് നേതൃത്വം ആലോചിക്കുന്നത്. ഈ ആഴ്ചയോടെ ഇത്തരത്തിലുള്ള ഫോറത്തിന്റെ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. ഇതിന്റെ നേതൃത്വം ഉമ്മന്‍ ചാണ്ടിക്കായിരിക്കുമെങ്കിലും കെ മുരളീധരന്‍, ബന്നി ബഹാനാന്‍, എം.എം ഹസന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.സി വിഷ്ണുനാഥ് എന്നിവരായിരിക്കും വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുക.