ഏത് ഭാഷക്കാരോടും സംസാരിക്കാം; പുതിയ ഫീച്ചര്‍ സ്‌കൈപ്പ് വഴി

മുംബൈ : ഭാഷ അറിയില്ലെന്ന് പേടിച്ച് ഇനി ആരോടും മിണ്ടാതിരിക്കേണ്ട. സ്‌കൈപ്പിന്റെ പുതിയ ഫീച്ചര്‍ വഴി ഏത് ഭാഷക്കാരോടും ഇനി അനായാസം സംസാരിക്കാം. മറ്റു ഭാഷകളിലുള്ള സംസാരം സ്വന്തം ഭാഷയിലേക്ക് മാറ്റുന്ന ഫീച്ചറായ റിയല്‍ റൈടം ട്രാന്‍സ്ലേഷന്‍ സ്‌കൈപ്പാണ് ആദ്യമായി അവതരിപ്പിച്ചത്. ഇപ്പോഴിതാ ലാന്‍ഡ് ലൈനിലേക്കും മൊബൈല്‍ ഫോണിലേക്കും വിളിക്കുന്ന കോളുകള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുകയാണ്.

ഒമ്പത് സംസാര ഭാഷകളാണ് സ്‌കൈപ്പ് ഇപ്പോള്‍ ഈ പാക്കേജില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മന്‍, ചൈനീസ്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, അറബിക്, റഷ്യന്‍ എന്നീ ഭാഷകളിലാണ് മൊഴിമാറ്റം ലഭിക്കുന്നത്. ഏറ്റവും പുതിയ സ്‌കൈപ്പ് ആപ്പ്  അപ്‌ഗ്രേഡ് ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും. സ്‌കൈപ്പ് ക്രെഡിറ്റ്‌സോ, സബ്‌സ്‌ക്രിപ്ഷനോ ഉപയോഗിക്കുന്നവര്‍ക്ക് ഏതു നോര്‍മല്‍ കോളിലും ഈ സൗകര്യം ലഭ്യമാവും.

ഏറ്റവും പുതിയ സ്‌കൈപ്പ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും. കൂടാതെ ഇപ്പോള്‍ ഈ ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ക്ക് വിന്‍ഡോസ് ഇന്‍സൈഡര്‍ പ്രോഗ്രാമിനു രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമവുമുണ്ട്. ആദ്യം കോള്‍ ചെയ്ത ശേഷം ഡയലര്‍ ഓപ്പണ്‍ ചെയ്ത് ട്രാന്‍സിലേറ്റ് എന്ന ടോഗിള്‍ ഓണ്‍ ചെയ്താല്‍ മതിയെന്നാണ് സ്‌കൈപ്പ് തങ്ങളുടെ ബ്ലോഗില്‍ വ്യക്തമാക്കുന്നത്.

ഒരിക്കല്‍ ഈ ടോഗിള്‍ ഓണ്‍ ചെയ്തു കഴിഞ്ഞാല്‍ അപ്പുറത്ത് സംസാരിക്കുന്ന വ്യക്തിക്ക് മെസേജ് കാണിക്കും. പരിഭാഷപ്പെടുത്തേണ്ടതിനാല്‍ കോള്‍ റെക്കോര്‍ഡ് ചെയ്യും. ഇക്കാര്യം മെസേജായി അറിയിക്കും. ഹെഡ്‌സെറ്റ് ഉപയോഗിക്കുന്നത് ഈ ഫീചര്‍ കൂടുതല്‍ മികച്ചതായി അനുഭവപ്പെടാന്‍ ഉപകരിക്കുമെന്നും സ്‌കൈപ്പ് പറയുന്നു. കൂടുതല്‍ കോളുകള്‍ ചെയ്യുംതോറും ഈ അനുഭവം കൂടുതല്‍ ഇഷ്ടപ്പെടുമെന്നാണ് സ്‌കൈപ്പ് പറയുന്നത്.

ഇന്റര്‍നെറ്റ് ലാന്‍ഡ് ലൈന്‍ നമ്പറുകള്‍, മൊബൈല്‍ നമ്പറുകള്‍ മറ്റ് സ്‌കൈപ്പ് അക്കൗണ്ടുകള്‍ എന്നിവയിലേക്ക് കോള്‍ ചെയ്യാന്‍ അനുവദിക്കുന്ന സംവിധാനമാണ് സ്‌കൈപ്പ്. അന്താരാഷ്ട്ര കോളുകള്‍ ഉള്‍പ്പെടെ ഇതുപയോഗിച്ച് ചെയ്യാം. വീഡിയോ കോളുകളും വോയ്‌സ് കോളുകളും ചെയ്യാനുള്ള സംവിധാനവും സ്‌കൈപ്പിലുണ്ട്.