കോണ്‍ഗ്രസില്‍ പുതിയ സന്നാഹങ്ങള്‍

എറണാകുളത്ത് നാളെ ഐ ഗ്രൂപ്പിന്റെ രഹസ്യ യോഗം

ആലപ്പുഴ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കുന്ന ഐ ഗ്രൂപ്പിന്റെ രഹസ്യ യോഗം നാളെ വൈകുന്നേരം എറണാകുളത്ത് ചേരും. കെ. മുരളീധരന്‍ ഐ ഗ്രൂപ്പ് ഉപേക്ഷിച്ച് എ വിഭാഗത്തോട് കൂറു പ്രഖ്യാപിച്ച സാഹചര്യത്തിലെ പുതിയ പ്രതിസന്ധി നേരിടാന്‍ അടവുനയം കണ്ടെത്തുകയാണ് ഗ്രൂപ്പു യോഗത്തിന്റെ പ്രധാന അജണ്ട. മുരളീധരനു പുറമേ ഐ ഗ്രൂപ്പ് നോമിനികളെന്നും കരുതപ്പെട്ടിരുന്ന തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര സനല്‍, ആലപ്പുവയിലെ എം. ലിജു, ഇടുക്കിയിലെ ഇബ്രാഹിംകുട്ടി കല്ലാര്‍ എന്നീ ഡി.സി.സി പ്രസിഡന്റുമാരും ഐ. വിഭാഗത്തിന്റെ നാളത്തെ ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുക്കില്ല.

സനലും ലിജുവും ഹൈക്കമാന്റിനൊപ്പവും ഇബ്രാഹിംകുഞ്ഞി മുരളീധരനൊപ്പവുമാണിപ്പോള്‍. കൊല്ലം, എറണാകുളം, പാലക്കാട്, വയനാട്, കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റുമാര്‍ മാത്രമേ ഇപ്പോള്‍ ഐ-ഗ്രൂപ്പിനൊപ്പമുള്ളൂ. പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കാസര്‍കോട് ഡി.സി.സി പ്രസിഡന്റുമാര്‍ എ-ഗ്രൂപ്പിനൊപ്പവും തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ഹൈക്കമാന്റിനൊപ്പവും തൃശൂര്‍ സുധീരനോടും ഇടുക്കി മുരളിക്കൊപ്പവുമാണ്.

ഡി.സി.സി പ്രസിഡന്റുമാരുടെ ലിസ്റ്റ് ഹൈക്കമാന്റ് ഡല്‍ഹിയില്‍ പ്രഖ്യാപിച്ചപ്പോള്‍ തനിക്ക് ആളെണ്ണം കുറഞ്ഞു പോയി എന്ന് ഖിന്നനായ ഉമ്മന്‍ചാണ്ടിയോട്, താങ്കള്‍ കരുതും പോലെയല്ല കാര്യങ്ങളെന്നും പുതിയ ആള്‍ക്കാര്‍ ചാര്‍ജ്ജെടുക്കട്ടെ. അപ്പോളത് താങ്കള്‍ക്ക് മനസ്സിലാകുമെന്നും പറഞ്ഞിരുന്നു. മുകുള്‍ വാസ്‌നിക്, അതിപ്പോള്‍ ശരിയായിരിക്കുമെന്നു. തിങ്കളാഴ്ച മുരളീധരന്‍ കെ.പി.സി.സി നേതൃത്വത്തെ കടിച്ചു കുടഞ്ഞത് ഉമ്മന്‍ചാണ്ടിയുടെ പുതിയ ഗെയിംപ്ലാനിന്‍ഡറെ ഭാഗമായാണ്.

ഓഗസ്റ്റ് ഏഴിനാണ് കെ.എം. മാണി യു.ഡി.എഫ് വിട്ടത്. മാണിയെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റിനോട് നിര്‍ദ്ദേശിക്കാന്‍ പോലും യു.ഡി.എഫിലെ ഒരു ഘടകകക്ഷിയും അന്നു തയ്യാറായില്ല. എങ്കിലും ചില പ്രതീക്ഷകളോടെ, നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി കയ്യാലപ്പുറത്തിരിക്കയാണിപ്പോഴും കെ.എം. മാണിയും പാര്‍ട്ടിയും.

കെ. മുരളീധരന്‍ കോഴിക്കോട്ടു തിങ്കളാഴ്ച നടത്തിയ സുധീരന്‍ വിരുദ്ധ പ്രസംഗത്തെ ഇന്നലെ രാവിലെതന്നെ ആദ്യം മുസ്ലീംലീഗും പിന്നാലെ ആര്‍.എസ്.പിയും ജേക്കബ് ഗ്രൂപ്പും സര്‍വ്വാത്മനാ പിന്തുണച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാകട്ടെ പത്രസമ്മേളനം നടത്തിയാണ് മുരളീധരനും പിന്തുണ പ്രഖ്യാപിച്ചത്. എ-ഐ ഗ്രൂപ്പുകള്‍ മാത്രമല്ല.

യു.ഡി.എഫിലെ ഘടകകക്ഷികളും വി.എം. സുധീരനെതിരെ നിലപാടെടുത്തതോടെ പുതിയൊരു വഴിത്തിരിവിലെത്തിക്കഴിഞ്ഞു കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

മുരളിയെക്കൊണ്ട് എ-ഗ്രൂപ്പ് ചെയ്യിച്ചത് അറ്റകൈ പ്രയോഗമാണ്. ഐ-ഗ്രൂപ്പും ഘടകകക്ഷികളും അതിനെ തുണയ്ക്കുകയും ചെയ്തതോടെ ഹൈക്കമാന്റിന് ഇനി പതിവ് അലംഭാവം അവലംബിച്ച് മാറി നില്‍ക്കാനാകില്ലെന്നാണ് എ, ഐ ഗ്രൂപ്പുകളിലെ പ്രധാനികള്‍ കരുതുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് നടക്കുമെന്നു കരുതപ്പെടുന്ന അടുത്ത വര്‍ഷം അവസാനംവരെ കാത്തിരിക്കാന്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും സുധീരന്റെ കാര്യത്തില്‍ ഹൈക്കമാന്റ് വേഗം തീരുമാനമെടുക്കണമെന്നുമുള്ള കാര്യത്തില്‍ യു.ഡി.എഫില്‍ ഐക്യനിര രൂപപ്പെടുന്നുമുണ്ട്.