ദൈവദശകം പാടിയ യുവതിയെ മര്‍ദ്ദിച്ച പ്രതിയെ കണ്ടെത്താനാകാതെ പോലീസ്

അന്വേഷണം ഊര്‍ജ്ജിതമെന്ന് വിശദീകരണം

തിരുവനന്തപുരം : കട്ടച്ചിറ ചെറുമണ്ണില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ മണ്ഡലചിറപ്പ് മഹോത്സവത്തിനിടെ ദൈവദശകം ആലപിച്ച യുവതിയെ മര്‍ദ്ദിച്ച കേസിലെ പ്രതിയെ ഇതുവരെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റ കീഴിലുള്ളതാണ് ഈ ക്ഷേത്രം.  കട്ടച്ചിറ സ്വദേശി ബിജുവാണ് ക്ഷേത്ര മാതൃസമിതി വൈസ് പ്രസിഡന്റായ പ്രഭയെ ആക്രമിച്ചത്. പൊതുക്ഷേത്രത്തില്‍ ഈഴവരുടെ കീര്‍ത്തനം പാടില്ലെന്ന് പറഞ്ഞാണ് പ്രതി പ്രഭയെ ആക്രമിച്ചത്. മുടിക്ക് പിടിച്ച് വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത പ്രതി മുമ്പ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു.

മുമ്പും ക്ഷേത്രത്തില്‍ ദൈവദശകം ആലപിക്കുന്നതിനെതിരെ പ്രതി രംഗത്തു വന്നിരുന്നു. പ്രഭയെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ ഭര്‍ത്താവിനും മര്‍ദ്ദനമേറ്റിരുന്നു. പ്രഭ ഇപ്പോഴും കായംകുളം ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം കഴിഞ്ഞ് ദിവസങ്ങളായിട്ടും പ്രതിയെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. പ്രതി ഒളിവിലാണെന്ന വിശദീകരണമാണ് പോലീസ് ഇപ്പോഴും നല്‍കുന്നത്. സംഭവത്തിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.

ജാതി-മത്യ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ആലപിക്കാനുള്ളതും ശ്രീനാരായണ ഗുരുദേവന്‍ എഴുതിയതുമായ ദൈവദശകം ആലപിച്ചതിന്റെ പേരില്‍ യുവതിയെ ആക്രമിച്ചത് ഗൗരവകരമാണെന്ന് എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം വനിതാ സംഘം കേന്ദ്രസമിതിയും സംഭവത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രത്യക്ഷ സമരപരിപാടികള്‍ക്കുള്ള ഒരുക്കത്തിലാണ് പ്രതിഷേധക്കാര്‍.