ശശികല എ.ഐ.എ.ഡി.എം.കെ താല്‍ക്കാലിക ജനറല്‍ സെക്രട്ടറി

അന്തരിച്ച ജയലളിതയ്ക്ക് പകരം തോഴി ശശികല എ.ഐ.എ.ഡി.എം.കെ താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയാകും.

പാര്‍ട്ടി ഭരണഘടനാ പ്രകാരം അഞ്ചു വര്‍ഷം തുടര്‍ച്ചയായി പാര്‍ട്ടി അംഗമായിരുന്നാല്‍ മാത്രമേ ജനറല്‍ സെക്രട്ടറിയാകാന്‍ കഴിയൂ. 2012-ലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശശികലയെ ജയലളിത തിരിച്ചെടുത്തത്. അതുകൊണ്ട് ശശികലയ്ക്ക് 2017 ഏപ്രിലില്‍ മാത്രമേ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനാവൂ.

അതു കൊണ്ടാണ് താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയാക്കിയത്. ഇത് സംബന്ധിച്ച പ്രമേയം ഇന്ന് ചേര്‍ന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ യോഗം പാസാക്കി. ശശികല ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തില്ല. മുഖ്യമന്ത്രി പനീര്‍ശെല്‍വം പോയസ് ഗാര്‍ഡനിലെത്തി പ്രമേയം ശശികലയ്ക്ക് കൈമാറി.

ജയലളിതയുടെ ആത്മാവ് ശശികലയിലൂടെ പാര്‍ട്ടിയെ നയിക്കുമെന്ന് പ്രമേയത്തില്‍ പറയുന്നുണ്ട്. ജയലളിതയ്ക്ക് നോബേല്‍ സമ്മാനം നല്‍കണമെന്നും ജയലളിതയുടെ ജന്മദിനം ദേശീയ കര്‍ഷകദിനമാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.