ഏരുമേലി വിമാനത്താവളത്തെ ചൊല്ലി ബി.ജെ.പിയില്‍ ഭിന്നത

ആറന്‍മുളയിലുണ്ടായ പാളിച്ചകള്‍ പരിഹരിക്കാന്‍ മാധ്യമങ്ങളെ ചാക്കിലാക്കി കമ്പനി അധികൃതര്‍

പാര്‍ട്ടി പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും കൈയ്യയച്ച് സഹായം

പുതിയ വിമാനത്താവളത്തിന് പിന്നിലും കെ.ജി.എസ്

സര്‍ക്കാര്‍ ഭൂമി കൈയ്യേറിയ യോഹന്നാന് ലഭിക്കുന്നതും കോടികള്‍

തലസ്ഥാനത്തെ ഒരുപറ്റം മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊതിയും കിമ്പളവും നല്‍കി അനുകൂല വാര്‍ത്തകള്‍  സൃഷ്ടിക്കുന്നു 

-പി.എ.സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തെ മുന്‍നിര്‍ത്തി ഏരുമേലി വിമാനത്താവള നിര്‍മ്മാണത്തിനുള്ള ചരടുവലി അണിയറയില്‍ സജീവമാകുമ്പോള്‍ ഇത് സംബന്ധിച്ച് സംസ്ഥാന ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ തര്‍ക്കം മുറുകുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയിലെ ഉന്നത നേതാക്കളുടെയും ആശീര്‍വാദത്തോടെയാണ് വിമാനത്താവള പദ്ധതിക്കുള്ള നീക്കം നടക്കുന്നത്. എന്നാല്‍ ദേശീയ നിര്‍വാഹക സമിതിയംഗം വി മുരളീധരന്‍ വിമാനത്താവളത്തിനെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതാണ് പാര്‍ട്ടിയില്‍ ഭിന്നതയ്ക്കിടയാക്കിയിരിക്കുന്നത്.

എരുമേലി വിമാനത്താവള പദ്ധതിയിലൂടെ 2500 കോടി രൂപയുടെ കുംഭകോണത്തിനാണ് പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഗുരുതര ആരോപണമാണ് വി മുരളീധരന്‍ ഉന്നയിച്ചിരിക്കുന്നത്. അതേസമയം ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ സമരം നടത്തിയങ്കിലും പത്തനംതിട്ടയില്‍ മറ്റെവിടെ വിമാനത്താവളം വന്നാലും കുഴപ്പമില്ലെന്ന മൃദു നിലപാടാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മറ്റ് നേതാക്കള്‍ക്കുമുള്ളത്. കെ.ജി.എസ് ഗ്രൂപ്പ് ആറന്മുളയില്‍ വിമാനത്താവള നിര്‍മ്മാണത്തിന് ശ്രമമാരംഭിച്ചപ്പോള്‍ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന കുമ്മനത്തിന് ഇപ്പോഴുണ്ടായിരിക്കുന്ന മനംമാറ്റവും സംശയാസ്പദമാണ്.

സ്വന്തമായി സഭയുണ്ടാക്കി സ്വയംപ്രഖ്യാപിത മെത്രോപൊലീത്തയായ കെ.പി യോഹന്നാന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്‌റ്റേറ്റിലാണ് വിമാനത്താവളമുയരുന്നത്. ഇതിലൂടെ കോടികളുടെ നേട്ടമുണ്ടാകുന്ന യോഹന്നാനുമായി ആര്‍.എസ്.എസ് നേതാക്കള്‍ വിമാനത്താവള വിഷയത്തില്‍ ചില ധാരണകളുണ്ടാക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്.

ഇതിന്റെ ഭാഗമായാണ് പാര്‍ട്ടി പത്രമായ ജന്മഭൂമി ഡല്‍ഹിയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ കോണ്‍ക്ലേവ് കെ.പി യോഹന്നാന്‍ സ്‌പോണ്‍സര്‍ ചെയ്തത്. വിമാനത്താവളത്തിനെതിരായ നിലപാടില്‍ മാറ്റമില്ലെന്ന വി മുരളീധരന്റെ നിലപാട് പാര്‍ട്ടിയില്‍ ഇപ്പോള്‍ തന്നെ ചേരിപ്പോര് രൂക്ഷമാക്കിയിട്ടുണ്ട്.

ഹാരിസണ്‍ കമ്പനിക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി വ്യാജരേഖ ചമച്ചാണ് കെ.പി യോഹന്നാന്റെ പേരിലേക്ക് മാറ്റിയത്. പാട്ട വ്യവസ്ഥ ഹാരിസണ്‍ ലംഘിച്ചതുകൊണ്ടുതന്നെ കെ.പി യോഹന്നാന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് സംസ്ഥാന സര്‍ക്കാരിലേക്ക് നിക്ഷിതമാകേണ്ടതാണ്.

എന്നാല്‍ സര്‍ക്കാരിന്റെ പേരിലുള്ള 2000 ഏക്കര്‍ കോടികള്‍ വില നല്‍കി യോഹന്നാനില്‍നിന്ന് ഏറ്റെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വിമാനത്താവള കമ്പനിയില്‍ യോഹന്നാന് പങ്കാളിത്തമുണ്ടാകുമെന്നും പറയപ്പെടുന്നു. പാട്ടഭൂമി അനധികൃതമായി കൈവശപ്പെടുത്തിയതിന് യോഹന്നാന്റെ പേരില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ നല്‍കിയ കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് യോഹന്നാനെ വെള്ളപൂശാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ഇന്‍ഡോ ഹെറിറ്റേജ് എയറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്‌പോണ്‍സര്‍ ചെയ്ത കൈരളി ടി.വിയുടെ റാന്നിയില്‍ നടന്ന മെഗാസ്റ്റാര്‍ ഷോ
ഇന്‍ഡോ ഹെറിറ്റേജ് എയറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്‌പോണ്‍സര്‍ ചെയ്ത കൈരളി ടി.വിയുടെ റാന്നിയില്‍ നടന്ന മെഗാസ്റ്റാര്‍ ഷോ

 

ആറന്‍മുളയില്‍ വിമാനത്താവളമെന്ന സ്വപ്‌നവുമായി വന്നിറങ്ങി ഏക്കര്‍ കണക്കിന് നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങലും വാങ്ങിക്കൂട്ടിയ കെ.ജി.എസ് ഗ്രൂപ്പ് തന്നെയാണ് ഇന്‍ഡോ ഹെരിറ്റേജ് ഇന്റര്‍നാഷണല്‍ എയറോപോളിസ് ലിമിറ്റഡ് എന്ന പേരില്‍ എരുമേലിക്ക് പിന്നിലും പ്രവര്‍ത്തിക്കുന്നത്. അന്ന് വിമാനത്താവളത്തിന് അനുകൂലമായ നിലപാടെടുത്തതാണ് കോണ്‍ഗ്രസ് നേതാവായ ശിവദാസന്‍നായരെ നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയതും.

അതേസമയം നിലവിലെ ഇടത് എം.എല്‍.എ ആയ വീണ ജോര്‍ജ്ജും വിമാനത്താവളത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ആറന്‍മുള വിമാനത്താവളത്തിനെതിരെ ജനവികാരമുയര്‍ന്ന സാഹചര്യം എരുമേലിക്ക് ഉണ്ടാകാതിരിക്കാന്‍ ബുദ്ധിപരമായ നീക്കങ്ങളാണ് ഇപ്പോള്‍ കെ.ജി.എസ് നടത്തുന്നത്. ആറന്‍മുളയ്ക്ക് മാധ്യമങ്ങള്‍ എതിരായിരുന്നതിനാല്‍ പുതിയ പദ്ധതിക്ക് മുന്നോടിയായി ഒട്ടുമിക്ക മാധ്യമങ്ങളെയും കമ്പനി പ്രതിനിധികള്‍ ചാക്കിലാക്കിക്കഴിഞ്ഞു.

വിമാനത്താവളമെന്ന ആവശ്യത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനും ഇടത് സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്. ആവലാതികളുമായെത്തുന്ന പൊതുജനത്തിനോ പാര്‍ട്ടി സഖാക്കള്‍ക്കോ സെക്രട്ടേറിയറ്റില്‍ പ്രവേശനമില്ലെങ്കിലും വിമാനത്താവകമ്പനിയുടെ മേധവികളെ ഇടയ്ക്കിടെ കാണാന്‍ മുഖ്യമന്ത്രി സമയം കണ്ടെത്തുന്നുണ്ട്.

വിമാനത്താവളത്തിന് അനുകൂലമായ വാര്‍ത്താകള്‍ നല്‍കാനും പിന്തുണ ഉറപ്പാക്കാനും ഭരണകക്ഷിയുടെ ഉടമസ്ഥതയിലുള്ള ചാനലിനും പത്രത്തിനും  ലക്ഷക്കണക്കിന് രൂപയുടെ പരസ്യവും സാമ്പത്തിക സഹായവുമാണ് കമ്പനി അധികൃതര്‍ നല്‍കിയിരിക്കുന്നത്. മറ്റ് പത്രങ്ങളുടെയും ചാനലുകളുടെയും അവസ്ഥയും വ്യത്യസ്തമല്ല.

പത്രപ്രവര്‍ത്തകരെ പാട്ടിലാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ടയില്‍ ജേര്‍ണലിസ്റ്റ് ഹൗസിംഗ് സൊസൈറ്റിക്ക് പണം നല്‍കുന്നതിനുള്ള നീക്കവും കമ്പനി ആരംഭിച്ചിട്ടുണ്ട്. കമ്പനിക്കോ വിമാനത്താവളത്തിനോ എതിരെ ഒരു വാര്‍ത്തയും പുറത്ത് വരാതിരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ അണിയറയില്‍ നടക്കുന്നത്. വിമാനത്താവളത്തിന് അനുകൂലമായ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ തലസ്ഥാനത്തെ ഒരുസംഘം പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതിന്‍െറ അണിയറപ്രവര്‍ത്തകര്‍ പണം വാരി വിതറിയതായി കേള്‍ക്കുന്നുണ്ട്. കിമ്പളം കിട്ടിയതിന് നന്ദി സൂചകമായി പലരും ഇതിനോടകം വിമാനത്താവളത്തിന് അനുകൂലമായ വാര്‍ത്തകള്‍ സൃഷ്ടിച്ചുകഴിഞ്ഞു.

ഡിസംബര്‍ 27ന് റാന്നി  സെന്‍റ് തോമസ് കോളജ് ഗ്രൗണ്ടില്‍ നടന്ന കൈരളി ടി.വിയുടെ മെഗാസ്റ്റാര്‍ ഷോ സ്പോണ്‍സര്‍ ചെയ്തിരുന്നത് ഇന്‍ഡോ ഹെറിറ്റേജ് ഇന്‍റര്‍നാഷണല്‍ എയറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായിരുന്നു.