പുലിയെ കാണാന്‍ ജനങ്ങള്‍ തിയേറ്ററിലേക്ക് ഇടിച്ചുകയറിയ വര്‍ഷം; മലയാള സിനിമയുടെ 2016 ലെ വിശേഷങ്ങള്‍

 ഒന്‍പത് സൂപ്പര്‍ഹിറ്റ്, 16 കൊമേഴ്‌സ്യല്‍ ഹിറ്റ്

നിവിന്‍ പോളിക്ക് രണ്ട് സൂപ്പര്‍ഹിറ്റ്

കോടികളുടെ കിലുക്കം; താര കീരീടം മോഹന്‍ലാലിന് തന്നെ

-ക്രിസ്റ്റഫര്‍ പെരേര-

തിരുവനന്തപുരം: 2016 മലയാളസിനിമയ്ക്ക് സമ്പല്‍ സമൃദ്ധമായിരുന്നു. പുലിമുരുകനിലൂടെ 150 കോടി വാരിയ മലയാള സിനിമ അന്യഭാഷകള്‍ക്കൊപ്പം കുതിച്ചു. എന്നാല്‍ വര്‍ഷാവസാനം ഉണ്ടായ സിനിമാ സമരം അതിന് ചെറിയ മങ്ങലേല്‍പ്പിച്ചു. ക്രിസ്മസ് ചിത്രങ്ങള്‍ റിലീസാകാത്തതിനാല്‍ 20 കോടിയോളം രൂപയുടെ നഷ്ടമാണ് ഒരാഴ്ച കൊണ്ട് നിര്‍മാതാക്കള്‍ക്ക് സംഭവിച്ചത്. മൊത്തം കണക്കുകള്‍ പരിശോധിച്ചാല്‍ 118 ചിത്രങ്ങള്‍ റിലീസായപ്പോള്‍ ഒന്‍പത് സൂപ്പര്‍ഹിറ്റുകളും 16 കൊമേഴ്‌സ്യല്‍ ഹിറ്റുകളും ഉണ്ടായി. പാവാട, ആക്ഷന്‍ഹീറോ ബിജു, മഹേഷിന്റെ പ്രതികാരം, കിങ്‌ലയര്‍, ജേക്കബിന്റെ സ്വര്‍ഗരാജ്യം, ഹാപ്പിവെഡിംഗ്, ഒപ്പം, പുലിമുരുകന്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നിവയാണ് ബോക്‌സോഫീസില്‍ നിന്ന് കോടികള്‍ വാരിയ സൂപ്പര്‍ ഹിറ്റുകള്‍.

പുലിയുടെ തേരോട്ടം

puli-murugan-380മോഹന്‍ലാലിന്റെ പുലിമുരുകനാണ് വാണിജ്യസിനിമയുടെ നെടുംതൂണായി പോയവര്‍ഷം നിന്നത്. 25 കോടിയോളം മുതല്‍ മുടക്കിയ ചിത്രം എങ്ങനെയും ലാഭമാകാന്‍ സിനിമാ സംഘടനകളെല്ലാം സഹകരിച്ചു. വൈഡ് റിലീസിംഗ്, നിയന്ത്രണാതീതമായ പരസ്യ പ്രചരണം എല്ലാം ചിത്രത്തിന്റെ വിജയത്തെ സഹായിച്ചു. അങ്ങനെ ഒരു മലയാള സിനിമ ആദ്യമായി 100 ക്ലബിലെത്തുകയും ചെയ്തു. മോഹന്‍ലാല്‍ എന്ന താരത്തിന്റെ തേരോട്ടമാണ് ഈ സിനിമയുടെ പ്രധാന വിജയഘടകം. തന്റെ പ്രതാപം ഇനിയും കഴിഞ്ഞിട്ടില്ലെന്ന് താരം വീണ്ടും തെളിയിച്ചു. ഓണത്തിന് ഇറങ്ങിയ ഒപ്പവും സൂപ്പര്‍ഹിറ്റായിരുന്നു. ഏതാണ്ട് 30 കോടിയോളം ചിത്രം കളക്ട് ചെയ്തു. അങ്ങനെ രണ്ട് സൂപ്പര്‍ഹിറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇതിന് പുറമേ തെലുങ്കില്‍ അഭിനയിച്ച ജനതാ ഗ്യാരേജും സൂപ്പര്‍ ഹിറ്റായിരുന്നു.

നിവിന്റെ സമയം

nivin-paulyയുവനിരയില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയത് നിവിന്‍പോളിയാണ്. ആക്ഷന്‍ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ സൂപ്പര്‍ഹിറ്റുകള്‍ താരം നേടി. വര്‍ഷാവസാനം ഇറങ്ങിയ ആനന്ദത്തില്‍ ഗസ്റ്റായി അഭിയിച്ചു. ചിത്രം കൊമേഴ്‌സ്യല്‍ ഹിറ്റാണ്. ആക്ഷന്‍ ഹീറോ ബിജു റീലീസായ ദിവസം തന്നെ ചിത്രം പരാജയമാണെന്ന് പലരും പ്രചരിപ്പിച്ചു. എന്നാല്‍ അതിനെയെല്ലാം പൊളിച്ചടുക്കി ചിത്രം 100 ദിവസം പിന്നിട്ടു. ജേക്കബിന്റെ സ്വര്‍ഗരാജ്യം നല്ല ഫാമിലി ഡ്രാമയായിരുന്നു. കഥകളുടെ സെലക്ഷന്‍ തന്നെയാണ് നിവിനെ താരമാക്കുന്നത്. മറ്റ് പല യുവതാരങ്ങള്‍ക്കും അതിന് കഴിയുന്നില്ല.

മമ്മൂട്ടിക്ക് സൂപ്പര്‍ഹിറ്റില്ല

the-typical-ayya-styleപോയവര്‍ഷം മമ്മൂട്ടിയുടേതായി വൈറ്റ്, പുതിയനിയമം, കസബ, തോപ്പില്‍ ജോപ്പന്‍ എന്നീ ചിത്രങ്ങളാണ് തിയേറ്ററിലെത്തിയത്. ഇതില്‍ വൈറ്റ് വലിയ പരാജയമായിരുന്നു. ബാക്കിയെല്ലാം സാമ്പത്തിക വിജയം നേടി. ഗ്രേറ്റ് ഫാദര്‍ ക്രിസ്മസ് റിലീസ് പ്ലാന്‍ ചെയ്തിരുന്നെങ്കിലും മാറ്റിവെച്ചു. മമ്മൂട്ടി ചിത്രങ്ങള്‍ നിര്‍മാതാക്കള്‍ക്ക് ബാധ്യതയാകുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പൃഥ്വിരാജിനും ദിലീപിനും ഫഹദിനും ഓരോ സൂപ്പര്‍ഹിറ്റ് മാത്രമാണ് ഉണ്ടായത്. പാവാടയും കിങ് ലയറും മഹേഷിന്റെ പ്രതികാരവും. കുഞ്ചാക്കോ ബോബനും ജയറാമിനും കൊച്ചൗവയും ആട്പുലിയാട്ടവും ആശ്വാസമായി. ഉണ്ണിമുകുന്ദന്റെ ഒരു മുറൈ വന്ത് പാര്‍ത്തായ മോശമല്ലായിരുന്നെങ്കിലും വാണിജ്യവിജയമായില്ല. സ്‌റ്റൈല്‍ ആക്ഷന്‍ ചിത്രമായി ശ്രദ്ധിക്കപ്പെട്ടു.

16 വാണിജ്യ വിജയങ്ങള്‍

ഒന്‍പത് സൂപ്പര്‍ഹിറ്റുകള്‍ക്ക് പുറമേ 16 കൊമേഴ്‌സ്യല്‍ ഹിറ്റുകളും പോയവര്‍ഷം ഉണ്ടായി. പുതിയനിയമം, കലി, ലീല, മുത്തുഗവ്, ആടുപുലിയാട്ടം, കരിങ്കുന്നം സിക്‌സസ്, കസബ, അനുരാഗകരിക്കിന്‍ വെള്ളം, കിസ്മത്ത്, ആന്‍ മരിയ കലിപ്പിലാണ്, പ്രേതം, കൊച്ചൗവ്വ പൗലോ, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, ഒരു മുത്തശി ഗദ, തോപ്പില്‍ ജോപ്പന്‍, ആനന്ദം. ഇവയില്‍ ചിലത് 50 ദിവസം തിയേറ്ററില്‍ പൂര്‍ത്തിയാക്കാതെയാണ് ലാഭമുണ്ടാക്കിയത്. ആന്‍മരിയയും കിസ്മത്തും അനുരാഗകരിക്കിന്‍ വെള്ളവും ഉദാഹരണം.

ബോക്‌സോഫീസിനെ ഞെട്ടിച്ച് രണ്ട് ചിത്രങ്ങള്‍

happyഒമര്‍ സംവിധാനം ചെയ്ത ഹാപ്പി വെഡിംഗ് സൂപ്പര്‍ ഹിറ്റാകുമെന്ന് ആരും സ്വപ്‌നത്തില്‍ പോലും കരുതിയില്ല. രണ്ടാഴ്ച കളിച്ചിട്ട് മാറ്റാനാണ് പല തിയേറ്ററുകാരും ഉദ്ദേശിച്ചത്. പ്രേമം ടീമിലെ പയ്യന്‍മാരെ വച്ചെടുത്ത ഈ സിനിമ 100 ദിവസം ഓടി. വലിയ മുതല്‍ മുടക്കില്ലാത്തതിനാല്‍ നിര്‍മാതാവിന് വലിയ ലാഭമാണ് ഈചിത്രം സമ്മാനിച്ചത്. കട്ടപ്പനയിലെ ഋത്വിക് റോഷനും ഏതാണ്ട് ഇത് പോലെയാണ് പുതുമുഖവും മലയാളസിനിമയുടെ സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ പെടാത്തതുമായ നായകന്‍ ഇത്രയും വലിയ സൂപ്പര്‍ഹിറ്റുണ്ടാക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. നിര്‍മാതാവായ ദിലീപിന് അഭിനയിച്ച സിനിമകളില്‍ നിന്ന് ഇത്രയും പണം ലഭിച്ച് കാണില്ല.