താൻ എട്ട് സെന്റിന്റെ മാത്രം ജന്മിയെന്ന് എസ് രാജേന്ദ്രൻ

കൈയേറ്റ ആരോപണത്തിന് നിയമസഭയിൽ മറുപടി നൽകി എസ് രാജേന്ദ്രൻ. എട്ട് സെന്റിന്റെ ജൻമി മാത്രമാണ് താനെന്നും, മൂന്നാറിൽ നടപ്പാക്കുന്നത് സ്ഥാപിത രാഷ്ട്രീയ താൽപര്യങ്ങൾ ആണെന്നും ദേവികുളം എംഎൽഎ. സർവ്വ കക്ഷിയോഗം വിളിച്ച് മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിൻറെ ക്രഡിറ്റ് എടുക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു എന്ന വിലയിരുത്തൽ സിപിഐക്കില്ലന്ന് മന്ത്രിവിഎസ് സുനിൽകുമാറും സഭയിൽ വ്യക്തമാക്കി.

നിയമസയിൽ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്ത സംസാരിക്കുമ്പോഴാണ് എസ് രാജേന്ദ്രൻ മൂന്നാറിലെ കൈയെറ്റം ഒഴിപ്പിക്കലിനെക്കുറിച്ച് പരാമർശിച്ചത്. മൂന്നാറിൽ നടപ്പാക്കുന്നത് സ്ഥാപിത രാഷ്ട്രീയ താൽപര്യങ്ങൾ മാത്രമാണ്. സാധാരണക്കാർക്ക് കക്കൂസ് പണിയാൻ അനുമതി കിട്ടാത്ത മൂന്നാർ ടൗണിൽ കെഎസ്ആർടിസി സ്റ്റാന്റിന് മുന്നിൽ ബഹു നില കെട്ടിടം പണി നടക്കുന്നു. ഇത് ആരും കണ്ടതായി നടിക്കുന്നില്ലന്നും രാജേന്ദ്രൻ കുറ്റപ്പെടത്തി. സബ് കളക്ടറെ കുഴപ്പത്തിൽ ചാടിക്കുന്നത് മാധ്യമങ്ങളാണ്. മൂന്നാർ ട്രിബ്യൂണലിനെ പോലും നോക്കുകുത്തിയാക്കിയവരാണ് യുഡിഎഫ് എന്നും രാജേന്ദ്രൻ വിമർശിച്ചു. വ്യക്തിപരമായി ഉയർന്ന ആരോപണങ്ങൾക്കും രാജേന്ദ്രൻ മറുപടി നല്കി.

രാജേന്ദ്രന്റെ വാദങ്ങളെ പിന്തുണച്ച് പി സി ജോർജും രംഗത്ത് എത്തി. സർവ്വ കക്ഷിയോഗം വിളിച്ച് മൂന്നർ കയ്യേറ്റമൊഴിപ്പിക്കലിന്റെ ക്രഡിറ്റ് എടുക്കാൻ, മുഖ്യമന്ത്രി ശ്രമിക്കുന്നു എന്ന വിലയിരുത്തിൽ സി പി ഐ ക്കില്ലന്ന് വിഎസ് സുനിൽകുമാർ നിയമസഭയിൽ പറഞ്ഞു. പാർടി എക്‌സിക്യൂട്ടീവ് അങ്ങനെ വിലയിരുത്തിയെന്ന വാർത്ത തെറ്റാണെന്നും മന്ത്രി വിശദീകരിച്ചു. കൈയെറ്റം ഒഴിപ്പിക്കലിൽ മുന്നണിയിൽ അഭിപ്രായ വിത്യാസമില്ലന്ന് മന്ത്രി കെ രാജവും സഭയിൽ വിശദീകരിച്ചു.