നടി ധന്യ മേരി വര്‍ഗ്ഗീസിനെതിരെ 100ലധികം കേസുകള്‍

ഏകദേശം 300 കോടിയുടെ തട്ടിപ്പ് നടന്നതായി പ്രാഥമിക നിഗമനം

ദിവസവും പരാതികള്‍ കൂടുന്നു – ജാമ്യം കിട്ടാനുള്ള സാധ്യത മങ്ങി

കേസ് ഒതുക്കണം എന്നാവശ്യപെട്ട് ഇടനിലക്കാര്‍ പരാതിക്കാരെ ഭീഷണിപ്പെടുത്തുന്നു

-ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഡെസ്ക്-

ഫ്‌ളാറ്റ് തട്ടിപ്പു കേസില്‍ ജയിലിലായ മലയാള സിനിമാ നടി ധന്യ മേരി വര്‍ഗ്ഗീസിനെതിരെ ദിനം പ്രതി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതായി പോലീസ്. ഈ മാസം 15-ന് അറസ്റ്റിലായ ധന്യക്കെതിരെ നൂറിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഓരോ ദിവസവും പുതിയ കേസുകള്‍ വരുന്നതു മൂലം ജാമ്യം കിട്ടാനുള്ള സാധ്യതകള്‍ പോലും ഇല്ലാതാക്കുകയാണെന്ന് നിയമവൃത്തങ്ങള്‍ പറയുന്നു.

സാംസണ്‍ ആന്റ് സാംസണ്‍ ഫ്‌ളാറ്റ് തട്ടിപ്പു കേസില്‍ നാഗര്‍കോവിലില്‍ നിന്നാണ് കമ്പനി ഡയറക്ടറന്മാരായ ജോണ്‍, സഹോദരന്‍ സാമുവേല്‍ എന്നിവര്‍ക്കൊപ്പമാണ് ധന്യയേയും അറസ്റ്റ് ചെയ്തത്. ധന്യയുടെ ഭര്‍തൃപിതാവ് ജേക്കബ് സാംസണെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് നിരവധി പേരെ കബളിപ്പിച്ചുവെന്നാണ് കേസ്. ഇതിനു പുറമേ ധന്യയുടെ സ്വാധീനമുപയോഗിച്ച് നിരവധി ആളുകളില്‍ നിന്ന് കോടികണക്കിന് രൂപയുടെ നിക്ഷേപങ്ങളും ഇവര്‍ സ്വീകരിച്ചിരുന്നു. സ്ഥിരനിക്ഷേപം നടത്തിയവരാണ് ഓരോ ദിവസവും ക്രൈം ഡിറ്റാച്ച്‌മെന്റ് മുമ്പാകെ പരാതിയുമായി എത്തുന്നത്.

ധന്യയുടെ ഭര്‍ത്താവും നടനുമായ ജോണ്‍ ആണ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍. ഡയറക്ടര്‍ എന്ന നിലയിലാണ് ധന്യ കേസില്‍ പ്രതിയായിരിക്കുന്നത്. ഇവരുടെയും താരപരിവേഷമുപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. കമ്പനിയുടെ സെയില്‍സ് ഡയറക്ടറായിരുന്നു ധന്യ. ഇവര്‍ നേരിട്ട് പോയി കാന്‍വാസ് ചെയതാണ് ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്.

ധന്യയും ഭര്‍ത്താവും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് തട്ടിയെടുത്ത പണമെല്ലാം എവിടെയാണ് എന്ന കാര്യത്തില്‍ പോലീസ് കൃത്യമായ നിഗമനങ്ങളോ, തെളിവുകളോ കണ്ടെത്താനായിട്ടില്ല. ഏതാണ്ട് 300 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സമ്പാദിച്ച പണം മറ്റെവിടെയെങ്കിലും  നിക്ഷേപിക്കുകയോ വസ്തുവകകള്‍ വാങ്ങിക്കൂട്ടുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം.

500-ഓളം ഫ്‌ളാറ്റുകളും 20 വില്ലകളും നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ പണം തട്ടിയത്. നിരവധി വിദേശ മലയാളികള്‍ ഈ തട്ടിപ്പില്‍ ഇരയായിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

അമിത പലിശ വാഗ്ദാനം ചെയ്ത് ഏതാണ്ട് 50 കോടി രൂപ നിരവധി പേരില്‍ നിന്ന് വാങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഷാരോണ്‍ ഹില്‍സ്, ഓര്‍ക്കിഡ് വാലി, സാങ്ച്വറി, പേള്‍ ക്രസ്റ്റ്, സെലേന്‍ അപ്പാര്‍ട്ട്‌മെന്റ്, നോവ കാസില്‍, മെരിലാന്റ്, ഗ്രീന്‍ കോര്‍ട്ട് യാര്‍ഡ്, ഏയ്ഞ്ചല്‍വുഡ് എന്നീ പ്രോജക്റ്റുകളുടെ പേരിലാണ് നാട്ടുകാരില്‍ നിന്ന് പണം വാങ്ങിയത്.

ഇതിനിടെ കേസുകള്‍ ഒത്തുതീര്‍പ്പിലെത്തിക്കാന്‍ വഞ്ചിയൂര്‍ ബാറിലെ ഒരു പറ്റം അഭിഭാഷകരും ചില സിനിമാനടന്മാരും രംഗത്തിറങ്ങിയതായി കബളിപ്പിക്കപ്പെട്ടവര്‍ പോലീസിനോട് പരാതി ഉന്നയിച്ചിട്ടുണ്ട്. ദിവസവും ഉയര്‍ന്നുവരുന്ന പരാതികള്‍ നിമിത്തമാണ് ഇവര്‍ക്ക് ജാമ്യം കിട്ടുന്നതിന് തടസ്സമായി നില്‍ക്കുന്നത്. രണ്ട് വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ അമ്മയായ തനിക്ക് ജാമ്യം വേണമെന്നാണ് ധന്യ സ്ഥിരമായി കോടതിക്കു മുന്നില്‍ ഉന്നയിക്കുന്ന ആവശ്യം. തന്റെ അസാന്നിദ്ധ്യം മൂലം രോഗിയായ കുഞ്ഞിനെ പരിചരിക്കാന്‍ ആരുമില്ലെന്നാണ് ഇവരുടെ പരാതി.

പണം നഷ്ടപ്പെട്ടവരുടെ പണം എങ്ങനെ നല്‍കുമെന്ന കാര്യത്തില്‍ കമ്പനി ഡയറക്ടര്‍മാര്‍ കൃത്യമായ ഒരു മറുപടി നല്‍കാത്തത് സംശയങ്ങള്‍ക്കിടയാക്കുന്നു. അത്തരത്തിലുള്ള നീക്കങ്ങളൊന്നും മധ്യസ്ഥത വഹിക്കാന്‍ വരുന്നവരുടെ ഭാഗത്തു നിന്നുണ്ടാവുന്നിമില്ല.

തന്റെ സഹോദരി ധന്യ കമ്പനിയുടെ സെയില്‍സ് ഹെഡ് മാത്രമായിരുന്നു. കമ്പനിയുടെ ദൈനംദിന കാര്യങ്ങളില്‍ നേരിട്ട് ഇടപ്പെട്ടിട്ടില്ലെന്നാണ് ധന്യയുടെ സഹോദരന്‍ ഡിക്‌സണ്‍ പറയുന്നത്. കമ്പനിയുടെ സാമ്പത്തിക പരാധീനത ധന്യയുടെ വീട്ടുകാരേയും ബാധിച്ചുവെന്നാണറിയുന്നത്. പലപ്പോഴായി 19 ലക്ഷം രൂപ ചേച്ചിയ്ക്ക് കമ്പനി ആവശ്യത്തിനായി ബാങ്ക് വായ്പയായി എടുത്ത് നല്‍കിയിരുന്നുവെന്ന് ഡിക്‌സണ്‍ പറഞ്ഞു. ഐ.പി.സി 420, 120, 406 തുടങ്ങിയ വകുപ്പുകളനുസരിച്ചാണ് ധന്യക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തിരിക്കുന്നത്.

ആഡംബര ജീവിതമായിരുന്നു ഇവര്‍ നയിച്ചിരുന്നതെന്ന് പണം നഷ്ടപ്പെട്ടവര്‍ പറയുന്നു. രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ നടന്ന ‘ആപ്പിള്‍ എ ഡേ’ എന്ന ഫ്‌ളാറ്റ് കമ്പനിയുടെ തട്ടിപ്പിന് സമാനമാണ് തിരുവനന്തപുരത്ത് നടന്ന ഈ തട്ടിപ്പ്. ഒമ്പത് പദ്ധതികള്‍ ഒരു പോലെ പ്രഖ്യാപിക്കുകയും അതിന്റെ വ്യാപകമായ തോതില്‍ പണപ്പിരിവ് നടത്തുകയും ചെയ്താണ് പണമിത്രയും ശേഖരിച്ചത്.

2011-ലായിരുന്നു ജോണും ധന്യയും തമ്മിലുള്ള വിവാഹം നടന്നത്. കൂത്താട്ടുകുളം ഇടയാര്‍ വര്‍ഗ്ഗീസിന്റെയും ഷീബയുടെയും മകളാണ് ധന്യ. മധുപാല്‍ സംവിധാനം ചെയ്ത തലപ്പാവ്, പിന്നീട് വൈരം, ദ്രോണ എന്നീ ചിത്രങ്ങളിലൂടെയാണ് ധന്യ സിനിമയിലെത്തുന്നത്. അതിന് മുമ്പ് മോഡലിംഗിലുംം ധന്യ സജീവമായിരുന്നു. എം.ബി.എ ബിരുദധാരിയായ ജോണ്‍, മുന്‍ പി.ആര്‍.ഡി ഉദ്യോഗസ്ഥനായ ജേക്കബ് സാംസണിന്റെയും ലളിതയുടെയും മകനാണ്. ടൂര്‍ണമെന്റ് എന്ന സിനിമയിലും ഇയാള്‍ അഭിനയിച്ചിട്ടുണ്ട്.