BREAKING NEWS: ക്രൗണ്‍പ്ലാസ ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദ്ദേശം

ദൂരപരിധി ലംഘിച്ചാണ് ലൈസന്‍സ് നല്‍കിയതെന്ന് വിജിലന്‍സ് 

കുടുംബ ക്ഷേത്രത്തില്‍ നിന്ന് ഹോട്ടലിലേക്കുള്ള ദൂരപരിധി നിയമ വിധേയമല്ല 

ബാര്‍ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ എക്‌സൈസ് കമ്മീഷണറോട് ആവശ്യപ്പെട്ടു. 

-നിയാസ് കരീം – 

എറണാകുളം : കൊച്ചിയിലെ ക്രൗണ്‍പ്ലാസ ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് വിജിലന്‍സ് വകുപ്പ് എക്‌സൈസ് കമ്മീഷണറോട് ആവശ്യപ്പെട്ടു.

ഹോട്ടലിന് സമീപത്തുള്ള ക്ഷേത്രവും ബാറുമായുള്ള ദൂരപരിധി നിയമവിധേയമല്ലാത്തതിനാലാണ് ബാര്‍ ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് വിജിലന്‍സില്‍ നിന്ന് ലഭിച്ച വിവരവാകാശ രേഖകള്‍ വ്യക്തമാക്കുന്നു.

crown-plaza-001ബാര്‍ ലൈസന്‍സ് റദ്ദ് ചെയ്യുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ എക്‌സൈസ് കമ്മീഷണറോട് ആവശ്യപ്പെടാന്‍ എറണാകുളം പോലീസ് സൂപ്രണ്ട് അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഡിസംബര്‍ 15-ന് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും എറണാകുളം പോലീസ് സൂപ്രണ്ടിന് കൈമാറിയതായും വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നുണ്ട്.

എറണാകുളം മരട് മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ക്രൗണ്‍പ്ലാസ പക്ഷനക്ഷത്ര ഹോട്ടലിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്, നഗരസഭയുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഈ വര്‍ഷം ജൂണില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ക്വിക്ക് വെരിഫിക്കേഷന്‍ നടത്തിയത്. ഈ ത്വരിതാന്വേഷണത്തിന്റെ ഭാഗമായി (QV – 1/16/CRE) നടത്തിയ അന്വേഷണത്തിലാണ് ദൂരപരിധി ലംഘിച്ചാണ് ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കിയതെന്ന് കണ്ടെത്തിയത്.

സാമൂഹ്യപ്രവര്‍ത്തകനായ കെ.എസ്. ജയകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ത്വരിതാന്വേഷണം നടത്തിയത്. ഹോട്ടലിനോട് ചേര്‍ന്നുള്ള കുടുംബ ക്ഷേത്രത്തില്‍ നിന്നുള്ള ദൂരപരിധി മറച്ചുവെച്ചാണ് ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കിയതെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം.

കുവൈറ്റ് ആസ്ഥാനമായി ബിസിനസ് നടത്തുന്ന കെ.ജി. ഏബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ക്രൗണ്‍പ്ലാസ 2006-07 കാലത്താണ് നിര്‍മ്മാണം ആരംഭിച്ചത്.