കണ്ണൂര്‍: സംസ്ഥാനത്ത് കഴിഞ്ഞദിവസം ഫലമറിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ത്ഥികള്‍ക്ക് ചുമതലകള്‍ നല്‍കി സിപിഎം. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ട പണി ഇപ്പൊഴേ ചെയ്തു തുടങ്ങാനാണ് നിര്‍ദ്ദേശം.
ഇതിനായി വീടുകള്‍ സന്ദര്‍ശിക്കുക, വോട്ടര്‍മാരെ കണ്ട് നന്ദിപറയുക. വോട്ട് ചെയ്തവര്‍ ആയാലും ചെയ്യാത്തവര്‍ ആയാലും നേരില്‍ കണ്ട് നന്ദി പുതുക്കുക. ഇതൊക്കെയാണ് തോറ്റവര്‍ക്കുള്ള ഉപദേശങ്ങള്‍.
‘അഹങ്കാരം ഒട്ടും പാടില്ല. വിനയാന്വിതനായി ജനങ്ങള്‍ക്ക് മുന്നിലെത്തണം. വോട്ട് ചെയ്യാത്തവരോട് വെറുപ്പോ നീരസമോ പാടില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം. ജയിച്ചവര്‍ മാത്രം നന്ദി പറയാന്‍ വോട്ടര്‍മാരുടെ അടുത്ത് പോയാല്‍ പോരാ. തോറ്റവരും നിരന്തരം വീട് കയറണം. കണ്ണൂര്‍ ജില്ലയില്‍ 1168 പേര്‍ വിജയിച്ചപ്പോള്‍ 500ല്‍ അധികം സ്ഥാനാര്‍ത്ഥികളാണ് പരാജയപ്പെട്ടത്. തോല്‍വിയുടെ പേരില്‍ മാറി നില്‍ക്കുന്നതാണ് പല ഇടത്തും പ്രശ്‌നമായത്. തിരിച്ച് പിടിക്കാന്‍ കഴിയാത്തതിന്റെ കാരണവും ഈ അകല്‍ച്ച തന്നെയാണെന്ന് പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ടെന്നും എം.വി ജയരാജന്‍ പറയുന്നു.
 
            


























 
				





















