‘ഞാന്‍ ചെയ്ത തെറ്റെന്താണെന്നു പറയൂ’: മാധ്യമങ്ങളോട് മുല്ലപ്പള്ളി രാമചന്ദ്രന്‍

Mullapally Ramachandran takes responsibility for underperformance of udf

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പു പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നേതൃതലത്തിലെ വീഴ്ചകളെപ്പറ്റിയുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മുന്നില്‍ മുല്ലപ്പള്ളി വികാരാധീനനായി: പറയൂ, ഞാന്‍ ചെയ്ത തെറ്റെന്താണ്… ഞാനിപ്പോള്‍ തിരുത്താം – അദ്ദേഹം പറഞ്ഞു.

വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ഒരുപാടു പേരുണ്ടാകും, പരാജയം അനാഥനാണ്. ലോക്‌സഭയില്‍ യുഡിഎഫ് 19 സീറ്റ് നേടിയപ്പോള്‍ പൂച്ചെണ്ടുമായി ആരും വന്നില്ല. വിജയിച്ചപ്പോഴൊന്നും ക്രെഡിറ്റ് തന്നിട്ടില്ല. പരാജയപ്പെട്ടപ്പോള്‍ മാനിനെ ചെന്നായ്ക്കള്‍ അക്രമിക്കുന്നതു പോലെ മാധ്യമങ്ങള്‍ തന്നെ മാത്രം വളഞ്ഞിട്ടാക്രമിച്ചതു ക്രൂരമായിപ്പോയി. പരാജയത്തില്‍ നൈരാശ്യമില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം സ്വന്തമാക്കും.

തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പൊതുരാഷ്ട്രീയം ചര്‍ച്ചയായില്ലെന്നതു ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാരിന്റെ പരാജയങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ വിജയിക്കാനായില്ല. സാമ്പത്തിക പ്രതിസന്ധി സ്ഥാനാര്‍ഥികളെ കാര്യമായി ബാധിച്ചു. എല്ലാവരും സഹകരിച്ചാലേ പണമുണ്ടാകൂ. 2015 ലെ തിരഞ്ഞെടുപ്പിനെക്കാള്‍ സീറ്റ് കൂടുതല്‍ കിട്ടി, പക്ഷേ മിന്നുന്ന വിജയമുണ്ടായില്ലെന്നാണു രാഷ്ട്രീയകാര്യ സമിതിയുടെ വിലയിരുത്തല്‍. പ്രതിസന്ധി ഘട്ടത്തില്‍ അപസ്വരമല്ല, ഐക്യമാണു വേണ്ടത്. മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായം പറയുമ്പോള്‍ ആത്മസംയമനം പാലിക്കണം.

മധ്യകേരളത്തില്‍ പരമ്പരാഗത വോട്ടുകള്‍ ചോര്‍ന്നു. ജോസ് കെ. മാണി പോയതു മാത്രമല്ല കാരണം. ഒരു ‘ഷിഫ്റ്റ്’ ഉണ്ടായി എന്നതു സമ്മതിക്കുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെക്കുറിച്ചു പ്രതികരിച്ചു വിവാദമുണ്ടാക്കാന്‍ താല്‍പര്യമില്ല. ആര്‍എംപിക്ക് ഒരിക്കലും തന്നെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. താന്‍ വടകരയില്‍ നിന്നു മാത്രമല്ല, അതിനു മുന്‍പു കണ്ണൂരില്‍ നിന്നു പലതവണ ജയിച്ചിട്ടുണ്ട്. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം ദേശീയശ്രദ്ധയില്‍ കൊണ്ടുവരാന്‍ വലിയ ‘റിസ്‌ക്’ ആണ് എടുത്തത്.

എല്ലാവരും സ്വര്‍ണക്കടത്തിനു പിന്നാലെ പോയപ്പോള്‍ സര്‍ക്കാര്‍ വികസനത്തിനു പിന്നാലെ പോയെന്ന ബിജെപി നേതാവ് ഒ.രാജഗോപാലിന്റെ പ്രതികരണം അദ്ദേഹത്തിനു സിപിഎമ്മിനോടുള്ള മമതയാണു സൂചിപ്പിക്കുന്നതെന്നു മുല്ലപ്പള്ളി പറഞ്ഞു.

Summary : Mullapally Ramachandran takes responsibility for the underperformance of udf in local self-government locations in kerala 2020