വൈറലായതിനു പിന്നാലെ സൈബര്‍ ബുള്ളിയിങ്; ഇനിയെങ്കിലും ജീവിക്കാന്‍ അനുവദിക്കണമെന്ന് വിബിത ബാബു

cyber bullying against vibitha babu congress candidate

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സൈബര്‍ ഇടങ്ങളില്‍ നിന്നും അക്രമണം നേരിടേണ്ടി വരുന്നതായി മല്ലപ്പള്ളിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അഡ്വ.വിബിത ബാബു. ഫേസ്ബുക്ക് ലൈവിലൂടെയാണ് വിബിത തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് സാമൂഹമാധ്യമങ്ങളിലൂടെ എന്നെ തേജോവധം ചെയ്യുകയും വ്യാജ പ്രചരണങ്ങള്‍ നടത്തുകയും ആണെന്നും ഇനിയെങ്കിലും ജീവിക്കാന്‍ അനുവദിക്കണമെന്നും വിബിത അഭ്യര്‍ത്ഥിച്ചു.

എനിക്കൊരു കുടുംബമുണ്ട്,  പ്രഫഷനുണ്ട്. ഫാഷന്‍ ഷോ പോലെ അല്ല തെരഞ്ഞെടുപ്പിനെ നേരിട്ടത്. മത്സരിച്ച ഡിവിഷനിലെ എല്ലാ വീടുകളും കയറി ഇറങ്ങി. സുന്ദരിയാണെന്ന് പറഞ്ഞുകൊണ്ട് ആരോടും വോട്ട് തേടിയിട്ടില്ല. സുന്ദരിയാണെന്ന് കരുതുന്നുമില്ല. പ്രമുഖരായ എത്രയോ പേര്‍ പരാജയപ്പെട്ടു. എന്നിട്ടും എനിക്ക് നേരെ മാത്രം ഇത്ര അധികം അക്രമം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നു മനസിലാവുന്നില്ല. ഒരു സ്ത്രീ പോലും രാഷ്ട്രീയത്തിലേക്ക് വരരുതെന്നാണോ ആക്രമിക്കുന്നവര്‍ ഉദ്ദേശിക്കുന്നതെന്നും വിബിത ചോദിച്ചു.

ഏതോ ഒരു സ്ത്രീ ബീച്ചിലൂടെ നടക്കുന്നത് കാട്ടി അത് ഞാനാണെന്ന് പ്രചരിപ്പിച്ചു. അതിന് കേസ് കൊടുത്തിട്ടുണ്ട്. എന്തിനാണ്  ഇത്തരത്തില്‍ വൈരാഗ്യം കാട്ടുന്നത്. 1477 വോട്ടുകള്‍ക്കാണ്  പരാജയപ്പെട്ടത്. 16,257 വോട്ടുകള്‍ കിട്ടി.  ആ വോട്ടുകള്‍ ചെയ്തവര്‍ക്ക് വിലയില്ലേ എന്നും വിബിത ചോദിച്ചു. 2009 മുതല്‍ പലപ്പോഴായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ ഉപയോഗിച്ചു തനിക്കെതിരെ  വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതു വഴി എന്ത് നേട്ടമാണ് ലഭിക്കുന്നതെന്നും അവര്‍ ചോദിക്കുന്നു.

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനില്‍ നിന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിബിത എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി സി.കെ. ലതാകുമാരിയോട് പരാജയപ്പെടുകയായിരുന്നു. ആദ്യഘട്ടത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ വിബിത പിന്നീട് നില മെച്ചപ്പെടുത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.