പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം വൈദികന്‍ അറസ്റ്റില്‍

പത്തുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഫാദര്‍ ബേസില്‍ കുര്യാക്കോസ് അറസ്റ്റില്‍ 

കുട്ടിയെ നിരന്തരം ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പോലീസ് 

മൂവാറ്റുപുഴ – വെട്ടൂര്‍ കിംഗ് ഡേവിഡ് സ്കൂളിലെ പ്രിന്‍സിപ്പലാണ് ഇയാള്‍ 

ഹോസ്റ്റല്‍ മുറിയില്‍ വെച്ചായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. 

ഇപ്പോള്‍ കാക്കനാട് ജയിലിലാണ് ഫാദര്‍ ബേസിലിനെ പാര്‍പ്പിച്ചിരിക്കുന്നത്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴയ്ക്ക് അടുത്ത് വെട്ടൂരിലെ കിംഗ് ഡേവിഡ് സി.ബി.എസ്.ഇ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ബേസില്‍ കുര്യാക്കോസിനെയാണ് അറസ്റ്റ് ചെയ്തത്. മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ഇദ്ദേഹത്തെ റിമാന്റ് ചെയ്ത് കാക്കനാട് ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയ ഹോസ്റ്റലിലെ മുറിയില്‍ വെച്ച് ഉപദ്രവിച്ചു എന്ന മാതാപിതാക്കളുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് കുന്നത്തുനാട് പോലീസ് ദി വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോസ്‌കോ നിയമപ്രകാരമാണ് 62കാരനായ ഫാദര്‍ ബേസില്‍ കുര്യാക്കോസിനെതിരെ കേസെടുത്തത് . ദല്‍ഹിയില്‍ സ്ഥിരതാമസക്കാരായ മലയാളി ദമ്പതികളുടെ മകനാണ് പീഡനം ഏറ്റത്. ഡിസംബര്‍ 21ന് രാത്രിയില്‍ ഇയാള്‍ തന്നെ ഉപദ്രവിച്ചുവെന്നാണ് കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. 68 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ ഈ കുട്ടി മാത്രമാണ് സ്‌കൂള്‍ അവധിക്കാലത്ത് ഹോസ്റ്റലില്‍ താമസിച്ചിരുന്നത്.

സ്‌കൂളില്‍ ചേര്‍ത്ത സമയത്ത് സഹോദരനും ഏതാനും ദിവസം കുട്ടിയോടൊപ്പം താമസിച്ചിരുന്നു. പിന്നീട് സഹോദരന്‍ ഫരീദാബാദിലെ പഠനസ്ഥലത്തേക്ക് തിരിച്ചുപോയി. ഇതോടെ രാത്രി ഒറ്റയ്ക്ക് കിടക്കാന്‍ കുട്ടിക്ക് പേടിയായി തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ മുറിയിലാണ് കിടന്നിരുന്നത്. ഉറക്കത്തില്‍ നിരവധി പ്രാവശ്യം പ്രന്‍സിപ്പല്‍ ഫാ. ബേസില്‍ കുര്യാക്കോസ് കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നില്ല.

എന്നാല്‍ കഴിഞ്ഞ 21ന് രാത്രി ഇയാള്‍ ഉപദ്രവിച്ചുവെന്നാണ് പരാതി. തനിക്കുണ്ടായ ദുരനുഭവം യഥാസമയം സഹോദരനെ കുട്ടി ഫോണില്‍ വിളിച്ചറിയിച്ചു. സഹോദരന്‍ സംഭവം അറിഞ്ഞെന്ന് മനസ്സിലാക്കിയ വൈദികന്‍ ഉപദ്രവം വിവരം പുറത്തറിഞ്ഞാല്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

സഹോദരനും മാതാവും നേരിട്ടെത്തി കുന്നത്തുനാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജെ. കുര്യാക്കോസിന് നല്‍കിയ പരാതിയിലാണ് ഫാ. ബേസിലിനെ അറസ്റ്റ് ചെയ്തത്.
ആറുമാസം മുമ്പാണ് ദല്‍ഹിയിലെ ഒരു പ്രമുഖ ദേവാലയത്തിലെ വികാരിയും മാതാപിതാക്കളുടെ പരിചയക്കാരനുമായ ഈ സ്‌കൂളിലെ മാനേജരുടെ നിര്‍ദ്ദേശ പ്രകാരമാണ് കുട്ടിയെ ഈ സ്‌കൂളില്‍ ചേര്‍ത്തത്.

അറസ്റ്റിലായ വൈദികന്റെ ഭാര്യ റിട്ടേഡ് കോളജ് പ്രൊഫസര്‍ ആണ്. മകനോടൊപ്പം അവര്‍ ഓസ്‌ട്രേലിയയില്‍ ആണ്.