മാസ്റ്റര്‍’ 100 കോടിയിലേക്ക്; റിലീസിനൊരുങ്ങി 20 മലയാള സിനിമകള്‍

കൊച്ചി: കോവിഡ് പ്രതിസന്ധികൾ തരണം ചെയ്ത്കേരളത്തിലെ തിയറ്ററുകളിലും വിജയ് ചിത്രം ‘മാസ്റ്റര്‍’. നീണ്ട് ഇടവെളയ്ക്കു ശേഷം തുറന്ന തിയറ്ററുകളിൽ മാസ്റ്റർ ഉണ്ടാക്കിയ തരംഗം മുതലാക്കാൻ മലയാള സിനിമകളും റിലീസിനൊരുങ്ങുന്നു. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇരുപതോളം ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. ഇതിനിടെ ‘മാസ്റ്റര്‍’ ആഗോളതലത്തില്‍ 100 കോടി രൂപയുടെ കലക്ഷന്‍ നേടിയെന്നാണ് റിപ്പോർട്ട്.

മമ്മൂട്ടിയുടെ ‘ദ് പ്രീസ്റ്റ്’ ഉള്‍പ്പെടെ 19 ചിത്രങ്ങളുടെ പട്ടികയാണു റിലീസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന തീയതികള്‍ സഹിതം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിയറ്ററുകള്‍ക്കു നല്‍കിയിട്ടുള്ളത്. മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ടീമിന്റെ ബിഗ് ബജറ്റ് പീരിയഡ് ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ഈ പട്ടികയില്‍ ഇല്ലെങ്കിലും മാര്‍ച്ച് 26നു റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

റിലീസിംഗ് മുന്‍ഗണനാ ക്രമത്തിലാണ് പട്ടിക തയാറാക്കിയിരിക്കുന്നതെങ്കിലും ചിത്രങ്ങളുടെ വിജയ പരാജയങ്ങള്‍ കൂടി കണക്കിലെടുത്ത് തിയതികളിൽ മാറ്റമുണ്ടായേക്കാം.

മാസ്റ്റർ സിനിമയ്ക്ക് തിയറ്ററുകളില്‍ ലഭിച്ച സ്വീകാര്യതയും കോവിഡ് വാക്‌സീന്‍ വിതരണം ആരംഭിച്ചതും മലയാള സിനിമാ മേഖലയ്ക്കും ഉണർവ് നൽകിയിട്ടുണ്ട്. ജയസൂര്യ നായകനായ ‘വെള്ളം’ ആകും ആദ്യം റിലീസ് ചെയ്യുന്ന മലയാള സിനമ.