കര്‍ത്താവേ സ്‌തോത്രം! ഇനി പ്രാര്‍ത്ഥന ഓണ്‍ലൈനിലൂടെ നടത്താം

പണമടച്ച് ഓണ്‍ലൈനിലൂടെ പ്രാര്‍ത്ഥിക്കാന്‍ കത്തോലിക്ക സഭ സൗകര്യമൊരുക്കുന്നു.

ധ്യാനം, പ്രാര്‍ത്ഥന, നേര്‍ച്ചക്കാഴ്ചകള്‍, കുര്‍ബാന, വിശുദ്ധന്മാരോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന ഇങ്ങിനെ എന്തും ഏതും ഓണ്‍ലൈനിലൂടെ പണമടച്ച് നടത്താം.

നോട്ട് നിരോധനം സഭയുടെ ഭണ്ഡാരപ്പെട്ടിയെ ബാധിക്കാതിരിക്കാനാണ് ഈ മാറ്റം.

-എബി ജോണ്‍ – 

കൊച്ചി : നോട്ട് നിരോധനത്തിന് ബദല്‍ മാര്‍ഗ്ഗവുമായി കത്തോലിക്ക സഭ. ഓണ്‍ലൈനിലൂടെ പണമടച്ച് പ്രാര്‍ത്ഥിക്കാം. ദീപസ്തംഭം മഹാശ്ചര്യം !

ഭണ്ഡാരപ്പെട്ടിയിലെ പണവരവ് കുറഞ്ഞതോടെ ക്രൈസ്തവ ദേവാലയങ്ങളിലെ നേര്‍ച്ചകാഴ്ചകളെല്ലാം ഓണ്‍ലൈനിലാക്കി. കര്‍ത്താവെ. സ്‌തോത്രം!

കാര്‍മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (സി.എം.ഐ) കോണ്‍ഗ്രിഗേഷന്റെ കൊച്ചി പ്രൊവിന്‍സിലാണ് പ്രാര്‍ത്ഥനാകേന്ദ്രങ്ങളെ ഗോ റിട്രീറ്റ് ഡോട്ട് കോം എന്ന വെബ്‌സൈറ്റിലൂടെ വിശ്വാസികളെ ഒരുമിപ്പിക്കുന്നത്. വിശ്വാസികള്‍ക്ക് ആവശ്യമായ പ്രാര്‍ത്ഥനയും സ്‌തോത്രകാഴ്ചയുമൊക്കെ ഇനി ഓണ്‍ലൈനിലൂടെ നടത്താം. കൃത്യമായി പണമടച്ചാല്‍ മതി. നോട്ട്ക്ഷാമം പ്രാര്‍ത്ഥനയെ ബാധിക്കരുതെന്നുള്ള സദ്ദുദ്ദേശ്യത്തിന്റെ ഭാഗമായിട്ടാണ് ഈ ആധുനികവത്കരണം കത്തോലിക്ക സഭ നടപ്പിലാക്കുന്നത്. ഫാദര്‍ ജെയിസണ്‍ പോള്‍ മൂലേരിക്കല്‍ എന്ന വൈദികനാണ് ഈ മാറ്റത്തിന് തുടക്കം കുറിച്ചത്. ധ്യാനകേന്ദ്രങ്ങള്‍, ശുശ്രൂഷകള്‍, പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ എന്നിവയില്‍ നടക്കുന്ന ആരാധനകള്‍, ശുശ്രൂഷകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ സൈറ്റിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനായി പണമടച്ച് നേര്‍ച്ചകാഴ്ചകളും കുര്‍ബാനകളും മറ്റും വീട്ടിലിരുന്ന് നടത്താം. ഒപ്പീസ്, വെഞ്ചരിപ്പ്, വിശുദ്ധന്മാരുടെ പേരിലുള്ള മധ്യസ്ഥ പ്രാര്‍ത്ഥന എന്നു വേണ്ട, കത്തോലിക്കാ വിശ്വാസ സംബന്ധമായ ധ്യാനം, പ്രാര്‍ത്ഥന, കുര്‍ബാന തുടങ്ങിയവയ്ക്കുള്ള പണം വീട്ടിലിരുന്ന് പള്ളിയുടെ ഭണ്ഡാരപ്പെട്ടിയിലെത്തിക്കാം.

മുരിങ്ങൂര്‍ ധ്യാനകേന്ദ്രമുള്‍പ്പെടെ പത്ത് പ്രാര്‍ത്ഥനാ-ധ്യാന കേന്ദ്രങ്ങളെയാണ്  റിട്രീറ്റ് ഡോട്ട് കോം മുഖാന്തിരം ബന്ധിപ്പിച്ചിരിക്കുന്നത്. നൂറു മുതല്‍ 1000 രൂപ വരെയുള്ള പ്രാര്‍ത്ഥനകള്‍, നേര്‍ച്ചകള്‍, കുര്‍ബാനകള്‍, വിശുദ്ധന്മാരോടുള്ള പ്രാര്‍ത്ഥനകള്‍ എന്നുവേണ്ട എന്തും ഏതും പ്രാര്‍ത്ഥനകള്‍ ഓണ്‍ലൈനിലൂടെ നടത്തുവാനുള്ള സൗകര്യം ഉണ്ടാക്കിയിട്ടുണ്ട്. ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ മുന്‍ക്കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും.

കുടുംബപ്രാര്‍ത്ഥന, കാരിസ്മാറ്റിക് ധ്യാനം, വിശുദ്ധ ഇഗ്നേഷ്യസിനോടുള്ള പ്രാര്‍ത്ഥന, മൗനപ്രാര്‍ത്ഥനകള്‍ എന്നു വേണ്ട എല്ലാത്തരം പ്രാര്‍ത്ഥന, നേര്‍ച്ചകാഴ്ചകള്‍ ഇത്യാദി വിശ്വാസ സംബന്ധിയായ എല്ലാ കാര്യങ്ങള്‍ ഗോ റിട്രീറ്റ് ഡോട്ട് കോമില്‍ സൗകര്യമുണ്ടായിരിക്കുമെന്ന് ഫാദര്‍ മൂലേരിക്കല്‍ പറഞ്ഞു. പ്രവാസി മലയാളികള്‍ക്ക് പ്രാര്‍ത്ഥന ബുക്ക് ചെയ്യാന്‍ പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്രൗഡ് ഫണ്ടിംഗിന്റെ സഹായത്തോടെയാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. നാല് ലക്ഷം രൂപ ഇപ്രകാരം സ്വരൂപിച്ചിട്ടുണ്ടെന്ന് ഫാദര്‍. മൂലേരിക്കല്‍ പറഞ്ഞു.

എന്തായാലും നോട്ട് ക്ഷാമം വിശ്വാസികളുടെ പ്രാര്‍ത്ഥനാ ആവശ്യങ്ങളെ ബാധിക്കരുതെന്ന ഉദ്ദേശത്തിനൊപ്പം സഭയുടെ വരുമാനത്തില്‍ കുറവുണ്ടാകരുതെന്ന കച്ചവട താല്‍പര്യവും ഈ മാറ്റത്തിന് പിന്നിലുണ്ട്.

ആവശ്യം സൃഷ്ടിയുടെ മാതാവെന്ന പഴഞ്ചൊല്ല് യാഥാര്‍ത്ഥ്യമാക്കിയ ഉദ്യമമാണ് ഗോ റിട്രീറ്റ് ഡോട്ട് കോം.