ഗൗതമി മലയാളത്തിലേക്ക് 

 

-ക്രിസ്റ്റഫര്‍ പെരേര-

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഗൗതമി മലയാളത്തില്‍ അഭിനയിക്കുന്നു. ബാലചന്ദ്രമേനോന്റെ വരും വരുന്നു വന്നു എന്ന ചിത്രാണ് താരം അഭിനയിച്ച അവസാന മലയാള ചിത്രം. ആദ്യവിവാഹ ബന്ധം ഉപേക്ഷിച്ച ശേഷം അഭിനയം തുടങ്ങിയെങ്കിലും മലയാളത്തില്‍ അഭിനയിച്ചിരുന്നില്ല. എന്നാല്‍ കമലാഹാസനുമായുള്ള ലിവിംഗ് ടുഗദര്‍ അവസാനിപ്പിച്ചതോടെയാണ് മലയാളത്തിലേക്ക് വരാന്‍ തീരുമാനിച്ചത്. പി.ടി കുഞ്ഞ് മുഹമ്മദ് സംവിധാനം ചെയ്യുന്ന വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന നായികാ പ്രാധാന്യമുള്ള ചിത്രത്തിലാണ് അഭിനയിക്കുന്നത്. യുവനടി പ്രയാഗാ മാര്‍ട്ടിന്‍, റോഷന്‍ മാത്യു എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍.

നായകന്‍ മന്‍സൂറിന്റെ ഉമ്മയായ മാളിയേക്കല്‍ ഫാത്തിമാബീവിയായാണ് ഗൗതമി അഭിനയിക്കുന്നത്. മുസ്‌ലിംകുടുംബത്തില്‍ ജീവിക്കുമ്പോഴും വിശാലമനസും കാഴ്ചപ്പാടും ഉള്ളയാളാണ് ഫാത്തിമ. ഫെബ്രുവരിയില്‍ തലശേരിയില്‍ ചിത്രീകരണം തുടങ്ങും. മുംബയാണ് മറ്റൊരു പ്രധാന ലൊക്കേഷന്‍. ശ്വേതാമേനോന്‍ , രണ്‍ജി പണിക്കര്‍, സജിതാ മഠത്തില്‍ , സന്തോഷ് കീഴാറ്റുകര എന്നിവരാണ് മറ്റ് താരങ്ങള്‍. രമേശ് നാരായണനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പി.ടിയുടെ ഗര്‍ഷോമിലടക്കം അദ്ദേഹത്തിന്റെ സംഗീതം ഏറെ നിര്‍ണായകമായിരുന്നു.

മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രമായ വിസ്മയത്തിലാണ് ഗൗതമി അവസാനം അഭിനയിച്ചത്. അതിന് മുമ്പ് കമലാഹാസനൊപ്പം നായികയായി ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തില്‍ അഭിനയിച്ചിരുന്നു. അതിന് ശേഷം കമലാഹാസന്റെ സബാഷ് നായിഡുവിന്റെ കോസ്റ്റിയൂമറായി ജോലി ചെയ്യവെയാണ് ശ്രുതിഹാസനുമായി പ്രശ്‌നമുണ്ടായത്. തുടര്‍ന്നാണ് കമലുമായി അകന്നത്. ഇപ്പോള്‍ മകളോടൊപ്പം ഹൈദരാബാദിലാണ് ഗൗതമി താമസിക്കുന്നത്. ഒരുകാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ നായികയായി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഗൗതമി അഭിനയിച്ചിട്ടുണ്ട്.