നിരാഹാരം അവസാനിപ്പിച്ചെന്ന് ഷാഫി, ഇല്ലെന്ന് വൈസ് പ്രസിഡന്റുമാര്‍; ആശയക്കുഴപ്പം

തിരുവനന്തപുരംന്മ ഉദ്യോഗാര്‍ഥികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിക്കുന്നതില്‍ ആശയക്കുഴപ്പം. സമരം അവസാനിപ്പിക്കുന്നതായി ഷാഫി പറമ്പില്‍ എംഎല്‍എ അറിയിച്ചെങ്കിലും തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാര്‍ അറിയിച്ചു.

സമരം സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ക്കും യൂത്ത് കോണ്‍ഗ്രസിനും മുന്നില്‍ സര്‍ക്കാര്‍ മുട്ടുകുത്തിയെന്ന് നിരാഹാരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടു സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു. സമ്മര്‍ദ്ദശക്തിയായി ഇനിയും തുടരുമെന്ന് ഷാഫി വ്യക്തമാക്കി.

മന്ത്രി എ.കെ.ബാലനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു ലാസ്റ്റ ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിച്ചിരുന്നു. ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്തും നൈറ്റ് വാച്ച്മാന്‍മാരുടെ ജോലി സമയം കുറച്ച് തസ്തിക സൃഷ്ടിച്ചും പരമാവധി നിയമനമെന്ന ഉറപ്പിലാണ് സമരം പിന്‍വലിച്ചത്. അതേസമയം രേഖാമൂലം ഉറപ്പ് ലഭിക്കാത്തതിനാല്‍ സിവില്‍ പൊലീസ് ഉദ്യോഗാര്‍ഥികള്‍ സമരം തുടരും.