എ.ഡി.ബി വായ്പയുടെ പേരിൽ വിദേശ മലയാളികളെ കബളിപ്പിച്ചു; സരിതാ നായർക്കെതിരെ അറസ്റ്റ് വാറന്റ്

    തിരുവനന്തപുരം∙ ഏഷ്യൻ വികസന ബാങ്കിൽ നിന്നു 10 കോടി രൂപയുടെ വായ്പ തരപ്പെടുത്തി നൽകാമെന്നു വിശ്വസിപ്പിച്ച് ആൾമാറാട്ടം നടത്തി വിദേശ മലയാളികളിൽ നിന്നു 4 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതി സരിതാ നായർക്കെതിരെ അറസ്റ്റ് വാറന്റ്.

    വിചാരണയ്ക്കിടെ കോടതിയിൽ ഹാജരാകാതെ മുങ്ങിയ സരിതയുടെ ജാമ്യ ബോണ്ട് അഡീഷനൽ ചീഫ് മജിസ്ട്രേട്ട് കോടതി റദ്ദാക്കി. ജാമ്യ വസ്തു കണ്ടു കെട്ടാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ ജാമ്യക്കാർക്കു നോട്ടിസയച്ചു. സരിതയെ 31ന് അകം അറസ്റ്റ് ചെയ്യണമെന്നു പൊലീസിനു നിർദേശം നൽകി. സരിതയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായാണു കോടതി നടപടി. പലകുറി കേസ് പരിഗണിച്ചപ്പോഴും സരിത കോടതിയിൽ എത്തിയിരുന്നില്ല.

    വായ്പ തട്ടിപ്പു കേസിൽ ഒന്നാം പ്രതിയാണു ലക്ഷ്മി നായരെന്നും നന്ദിനിയെന്നും അറിയപ്പെട്ടിരുന്ന സരിത എസ്.നായർ. രണ്ടാം പ്രതി ബിജു രാധാകൃഷ്ണനെ 2018 സെപ്റ്റംബർ ഒന്നിന് ഒരു വർഷം തടവിനും 4 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി ശിക്ഷിച്ചിരുന്നു. പ്രവാസികളായ കീഴാറ്റിങ്ങൽ സ്വദേശികളായ മണിയൻ (49), സഹോദരൻ രാധാകൃഷ്ണൻ (47) എന്നിവർ നൽകിയ പരാതിയിലാണു മെഡിക്കൽ കോളജ് പൊലീസ് കേസ് എടുത്തത്. 2009 ഒക്ടോബർ 2 നാണു സംഭവം. ബിജു രാധാകൃഷ്ണൻ ഉടമസ്ഥനായും സരിതാ നായർ ചുമതലക്കാരിയുമായി പട്ടം വൃന്ദാവൻ കോളനിയിൽ സിഇഅർഡി എന്ന സ്ഥാപനം നടത്തി വന്നിരുന്നു. ഈ സ്ഥാപനത്തിന്റെ മറവിൽ തട്ടിപ്പു നടത്തിയെന്നാണ് കേസ്.