പെട്ടിയെടുപ്പുകാരെ വെട്ടാന്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രോട്ടോകോള്‍ ഓഫീസറെ നിയമിച്ച് സുധീരന്‍

 

കെ.പി.സി.സിയ്ക്ക് ആദ്യമായി ഒരു പ്രോട്ടോക്കോള്‍ ഓഫീസര്‍ 

ഇനി പെട്ടിയെടുപ്പുകാര്‍ക്ക് പകരം പ്രോട്ടോക്കോള്‍ ഓഫീസര്‍ 

ഹൈക്കമാന്‍റില്‍ നിന്ന് വരുന്ന നേതാക്കന്‍മാരെ പെട്ടിയെടുപ്പുകാരും ശിങ്കിടികളും തട്ടിക്കൊണ്ടുപോകാതിരിക്കാനാണ് ഈ പ്രോട്ടോക്കോള്‍ ഓഫീസറായ മണക്കാട് സുരേഷിന്‍റെ പണി

-പി.എ. സക്കീര്‍ ഹുസൈന്‍-

 

തിരുവനന്തപുരം:  സംസ്ഥാനത്തെത്തുന്ന ഡല്‍ഹി നേതാക്കളെ മണിയടിച്ചും അവരുടെ പെട്ടിയെടുത്തും സ്ഥാനമാനങ്ങള്‍ നേടാനുള്ള  ഛോട്ടാ നേതാക്കള്‍ക്ക് പണി കൊടുത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ വി.എം സുധീരന്‍. ഡി.സി.സി അധ്യക്ഷന്‍മാരുടെ നിയമനത്തിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രോട്ടോകോള്‍ ഓഫീസറെ നിയമിച്ചാണ് സ്ഥിരം തിരുമല്‍ സംഘങ്ങള്‍ക്ക് വി.എം സുധീരന്‍ പണി കൊടുത്തത്. അതേസമയം മറ്റുള്ളവരെ ഒഴിവാക്കി തന്റെ വിശ്വസ്തനായ കെ.പി.സി.സി സെക്രട്ടറിക്ക് പ്രോട്ടോകോള്‍ ഓഫീസറായി നിയമനം നല്‍കിയതെന്തിനെന്ന ചോദ്യമാണ് ഇന്ദിരാഭവന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തിരുമല്‍ സംഘങ്ങള്‍ ഗ്രൂപ്പിന് അതീതമായി ഉന്നയിക്കുന്ന ചോദ്യം.

സംസ്ഥാന കോണ്‍ഗ്രസ് നേതത്വത്തിന്റെ അതിഥികളായെത്തുന്ന നേതാക്കളെ സ്വീകരിക്കല്‍, സുരക്ഷിതമായി താമസിപ്പിക്കല്‍, ഭക്ഷണം നല്‍കല്‍ തുടങ്ങി എല്ലാ ചുമതലകളും ഇനി മുതല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ക്കായിരിക്കുമെന്നാണ് നിയമന ഉത്തരവിനൊപ്പമുള്ള പത്രക്കുറിപ്പില്‍ സുധീരന്‍ വ്യക്തമാക്കിയിരിക്കുന്നത്. കെ.പി.സി.സി സെക്രട്ടറിയായ മണക്കാട് സുരേഷിനെയാണ് നിവലില്‍ പ്രോട്ടോകോള്‍ ഓഫീസര്‍ ആയി വി.എം സുധീരന്‍ നിയമിച്ചിരിക്കുന്നത്. പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് ഇന്ദിരാഭവനില്‍ ഓഫീസ് സജ്ജമാക്കണമെന്ന് ഓഫീസ് സെക്രട്ടറിയോട് സുധീരന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

കെ.പി.സി.സി അധ്യക്ഷനോട് ഏറെ അടുപ്പം പുലര്‍ത്തുകയും അദ്ദേഹത്തിന്റെ വിശ്വസ്തനെന്ന് അറിയപ്പെടുകയും ചെയ്യുന്ന മണക്കാട് സുരേഷിന് ജനറല്‍ സെക്രട്ടറി അല്ലാത്തതിനാല്‍ ഇന്ദിരാഭവനില്‍ മുറി അനുവദിക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യം മറി കടക്കാനാണ് പുതിയ പദവി സൃഷ്ടിച്ചതെന്ന് കെ.പി.സി.സിയില്‍ നിര്‍ണായ സ്വാധീനമുള്ള ജില്ലയിലെ ഒരു യുവനേതാവ് ആരോപിക്കുന്നു.

നേരത്തെ സ്പീക്കര്‍ ജി കാര്‍ത്തികേയനൊപ്പമായിരുന്ന മണക്കാട് സുരേഷ് അദ്ദേഹത്തിന്റെ മരണശേഷമാണ് സുധീരന്‍ പക്ഷത്തേക്ക് കൂടുമാറിയത്. ജി.കെയുടെ ഒഴിവില്‍ അരുവിക്കരയില്‍ സ്ഥാനാര്‍ഥിയാകാന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് കാര്യമായ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കാര്‍ത്തികേയന്റെ മകന്‍ കെ.എസ് ശബരീനാഥന്‍ മത്സരരംഗത്തെത്തിയത്. തിരുവനന്തപുരം ഡി.സി.സിയുടെ അധ്യക്ഷസ്ഥാനത്തേക്ക് വി.എം സുധീരന്‍ പിന്തുണച്ചിരുന്നതും മണക്കാട് സുരേഷിനെയായിരുന്നു. എന്നാല്‍ ഏവരെയും ഞെട്ടിച്ചാണ് നെയ്യാറ്റിന്‍കര സനല്‍ ഡി.സി.സി അധ്യക്ഷനായത്. വര്‍ഷങ്ങളായി തലസ്ഥാനത്തെത്തുന്ന നേതാക്കളെ പരിചരിച്ചതാണ് സനലിന് ഗുണകരമായതെന്നാണ് വിലയിരുത്തല്‍. നേതാക്കളുമായുള്ള ഈ ബന്ധമാണ് നെയ്യാറ്റിന്‍കര സനലിനെ മണക്കാടിനെക്കാള്‍ ദേശീയ നേതൃത്വത്തിന് മുന്നില്‍ യോഗ്യനാക്കിയതെന്നും സുധീരനോടടുത്ത നേതാക്കള്‍ കരുതുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെത്തുന്ന നേതാക്കളെ പരിചരിച്ച് മറ്റാരും സ്ഥാനമാനങ്ങളിലെത്തേണ്ടതില്ലെന്ന ദുഷ്ടലാക്കോടെ സുധീരന്‍ പ്രോട്ടോകോള്‍ ഓഫീസറായി മണക്കാട് സുരേഷിനെ നിയമിച്ചതെന്ന് എതിരാളികള്‍ കുറ്റപ്പെടുത്തുന്നത്.

അതേസമയം ഡി.സി.സി അധ്യക്ഷനാകുമെന്ന് അവസാനനിമിഷം വരെ വിശ്വസിച്ചിരുന്ന മണക്കാട് സുരേഷ് അത് ലഭിക്കാതായതോടെ കെ.പി.സി.സി അധ്യക്ഷനുമായി അകലം പാലിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് മണക്കാടിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സുധീരന്‍ തന്നെയാണ് പ്രോട്ടോകോള്‍ ഓഫീസര്‍ എന്ന സ്ഥാനം നിര്‍ദ്ദേശിച്ചത്. അവസാനനിമിഷം നിയുക്ത ഡി.സി.സി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍ ഇടപെട്ടാണ് മണക്കാട് സുരേഷിനെ അനുനയിപ്പിച്ച് പുതിയ സ്ഥാനത്തെത്തിച്ചതെന്നും സൂചനയുണ്ട്. എന്നാല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ നിയമനം കെ.പി.സി.സി അറിയാതെയാണെന്നും അധ്യക്ഷന് മാത്രമായി ഇത്തൊരമൊരു തീരുമാനമെടുക്കാനാകില്ലെന്നുമാണ് തലസ്ഥാനത്തെ പ്രമുഖ എ ഗ്രൂപ്പ് നേതാവ് പറഞ്ഞത്. അതേസമയം പ്രോട്ടോകോള്‍ ഓഫീസര്‍ എന്നാല്‍ പെട്ടിയെടുപ്പ് ഓഫീസര്‍ ആണെന്ന് പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസ് നേതാക്കളും കുറവല്ല.